വീടിന്റെ വാടക വരുമാനവും ആദായ നികുതി റിട്ടേണും

home 1
SHARE

ഈ വര്‍ഷം ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഈ ഫയലിങ് സ്വയം ചെയ്യാം-7
ശമ്പളക്കാരുടെ വിഭാഗത്തില്‍ ആദായ നികുതി കണക്കാക്കാന്‍ പരിഗണിക്കേണ്ട തുക എത്രയെന്ന് കണക്കാക്കിയശേഷം പിന്നീട് പൂരിപ്പിക്കേണ്ടത് ഹൗസ് പ്രോപ്പര്‍ട്ടി സംബന്ധിച്ച വിവരങ്ങളാണ്. ആദ്യം ഹൗസ് പ്രോപ്പര്‍ട്ടി ഏതുതരത്തിലുള്ളതാണ് എന്ന് തിരഞ്ഞെടുക്കണം. ഇപ്പോള്‍ നിങ്ങള്‍ താമസിക്കുകയാണ് വീട്ടിലെങ്കില്‍ സെല്‍ഫ് ഒക്കുപൈഡ് എന്നതാണ് തിരഞ്ഞെടുക്കേണ്ടത്. അതല്ല വീട് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ് എങ്കില്‍ ലെറ്റ് ഔട്ട് എന്നത് തിരഞ്ഞെടക്കുക. മറ്റൊരു ഓപ്ഷന്‍ ഡീമ്ഡ് ലെറ്റ് ഔട്ട് ആണ്. ഇത് എന്താണെന്ന് വിശദമാക്കാം.

നിങ്ങള്‍ക്ക് ഒന്നിലേറെ വീട് ഉണ്ടെന്ന് കരുതുക. അതില്‍ ഒരു വീടും വാടകയ്ക്ക് മറ്റാര്‍ക്കും നല്‍കിയിട്ടില്ല എന്നും കരുതുക. അതില്‍ ഒരു വീട്ടില്‍ നിങ്ങള്‍ താമസിക്കുകയാണ് എന്ന അനുമാനത്തില്‍ ആദായ നികുതി കണക്കാക്കാന്‍ രണ്ടാമത്തെ വീട് വാടകയ്ക്ക് നല്‍കിയതായി കണക്കാക്കും. യഥാര്‍ത്ഥത്തില്‍ വാടകയ്ക്ക് നല്‍കിയിട്ടില്ല എങ്കില്‍ പോലും. അതാണ് ഡീമ്ഡ് ലെറ്റ് ഔട്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വീട് ഏതു വിഭാഗത്തില്‍പെടുന്നു എന്ന് തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ ഗ്രോസ് റെന്റ് റീസീവബിള്‍ എത്രയെന്ന് രേഖപ്പെടുത്തണം.

യഥാര്‍ത്ഥത്തില്‍ വീട് വാടകയ്ക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ ലഭിച്ച വാടക രേഖപ്പെടുത്തുക. അതല്ലെങ്കില്‍ കിട്ടാന്‍ സാധ്യതയുണ്ടായിരുന്ന വാടക വരുമാനം എത്രയെന്ന് രേഖപ്പെടുത്തുക. അടുത്ത കോളത്തില്‍ രേഖപ്പെടുത്തേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് നല്‍കിയ നികുതിയാണ്. അടുത്തത് വീടിന്റെ വാര്‍ഷിക മൂല്യം കണക്കാക്കുകയാണ്. ലഭിച്ച അല്ലെങ്കില്‍ ലഭിക്കുമായിരുന്ന ഗ്രോസ് റെന്റില്‍ നിന്ന് പഞ്ചായത്തിന് നല്‍കിയ നികുതി തുക കുറയ്ക്കുമ്പോള്‍ ലഭിക്കുന്ന തുകയാണ് വീടിന്റെ വാര്‍ഷിക മൂല്യം.  ഈ തുകയും 30 ശതമാനം കണക്കാക്കി അത് അടുത്ത കോളത്തില്‍ രേഖപ്പെടുത്തുക.

വീട് വാങ്ങിയതോ പണികഴിപ്പിച്ചതോ വായ്പ എടുത്താണെങ്കില്‍ അതിന്റെ പലിശയിനത്തില്‍ അടച്ച് തുകയാണ് അടുത്ത കോളത്തില്‍ രേഖപ്പെടുത്തേണ്ടത്. രണ്ട് ലക്ഷം രൂപവരെയാണ് ഇങ്ങനെ അനുവദനീയ തുക. അടുത്ത കോളം അരിയേഴ്‌സ്, അണ്‍റിയലൈസ്ഡ് റെന്റ് എത്രയെന്നാണ്. വാടക കുടിശികയായിരുന്നത് കിട്ടിയത് ആണ് അരിയേഴ്സ്, അണ്‍റിയലൈസ്ഡ് റെന്റ് എന്നാല്‍ കിട്ടേണ്ടിയിരുന്ന വാടക, പക്ഷേ വാടക താമസക്കാരന്‍ ഇതേവരെ തന്നിട്ടില്ല. ആ തുകയാണ് ഇവിടെ രേഖപ്പെടുത്തേണ്ടത്. ഇത്തരത്തിലെ യഥാര്‍ത്ഥ തുക എത്രയെന്ന് കണക്കാക്കി അതിന്റെ 30 ശതമാനം കുറച്ചശേഷമുള്ള തുകയാണ് രേഖപ്പെടുത്തേണ്ടത് എന്നകാര്യം പ്രത്യേകം ഓര്‍ക്കുക.

ഇത്രയും തുകയില്‍ നിന്നാണ് വീടിന്റെ വാടക വരുമാനത്തില്‍ നിന്നുള്ള ആദായ നികുതി കണക്കാക്കാന്‍ പരിഗണിക്കേണ്ട തുക എത്രയെന്ന് കണക്കുകൂട്ടുക. അതായത് ഇന്‍കം ചാര്‍ജബിള്‍ അണ്ടര്‍ ദി ഹെഡ് ഹൗസ് പ്രോപ്പര്‍ട്ടി. ഇത് എത്രയെന്ന് കണ്ടെത്താന്‍ വീടിന്റെ വാര്‍ഷിക മൂല്യത്തില്‍ നിന്ന് അതിന്റെ  30 ശതമാനം തുകയും  വായ്പ പലിശ അടവ് തുകയും  കുറയ്ക്കും. എന്നിട്ട് അതിനോട് വാടക കുടിശിക തുക കൂട്ടും. ഇങ്ങനെ കൂട്ടിക്കിട്ടുന്നതുകയാണ് ഇന്‍കം ചാര്‍ജബിള്‍ അണ്ടര്‍ ദി ഹെഡ് ഹൗസ് പ്രോപ്പര്‍ട്ടിക്കായി പരിഗണിക്കുക.

ഹൗസ് പ്രോപ്പര്‍ട്ടിയില്‍ നിന്നുള്ള വരുമാനം കണക്കാക്കി കഴിഞ്ഞാല്‍ ഐ.റ്റി.ആര്‍ ഫോമില്‍ അടുത്തത് ഇന്‍കം ഫ്രം അദര്‍ സോഴ്‌സസ് ആണ്. അതേക്കുറിച്ച് നാളെ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA