ആദായ നികുതി റിട്ടേണില്‍ ഈ അബദ്ധങ്ങള്‍ ഒഴിവാക്കണം

HIGHLIGHTS
  • ഇപ്പോള്‍ ഫയല്‍ ചെയ്യുന്നത് 2018-19 സാമ്പത്തിക വര്‍ഷത്തെ റിട്ടേണാണ്
FP
SHARE

ഇത്തവണത്തെ വ്യക്തിഗത ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഇനി 1ദിവസം കൂടിയേ ഉള്ളു. അവസാന ദിവസം തിരക്കിട്ടു റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ നിരവധി അബദ്ധങ്ങള്‍ സംഭവിക്കാനും ഇടയുണ്ട്. അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ഈ അബദ്ധങ്ങള്‍ എത്രത്തോളം പ്രശ്‌നമാകുമെന്ന് നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടുമ്പോഴാവും പലരും അറിയുക. ഇതൊഴിവാക്കാന്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനിടെ സാധാരണയായി കാണുന്ന ചില അബദ്ധങ്ങള്‍ക്കെതിരെ കരുതിയിരിക്കാം.

1.തെറ്റായ അസസ്സ്‌മെന്റ് വര്‍ഷം

ഇപ്പോള്‍ ഫയല്‍ ചെയ്യുന്നത് 2018-19 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണാണ്. അസസ്സ്‌മെന്റ് വര്‍ഷം 2019-20 ഉം ആണ്. അതായത് ഏതു സാമ്പത്തിക വര്‍ഷത്തേക്കുള്ള റിട്ടേണ്‍ ആണോ ഫയല്‍ ചെയ്യുന്നത് അതിന് അടുത്ത വര്‍ഷമാണ് അസസ്സ്‌മെന്റ് വര്‍ഷമായി വരുന്നത്.

2.തെറ്റായ ഐ.ടി.ആര്‍. ഫോം

തങ്ങള്‍ക്ക് ബാധകമായ ഐ.ടി.ആര്‍. ഫോം തന്നെയാവണം തെരഞ്ഞെടുത്തു പൂരിപ്പിക്കുകയും സമര്‍പ്പിക്കുകയും ചെയ്യേണ്ടത്. തെറ്റായ ഫോമിലാണ് ഇതു നല്‍കുന്നതെങ്കില്‍ പുതുക്കിയ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിക്കും.

3.ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍

തങ്ങളുടെ എല്ലാ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിച്ചു വെച്ച ശേഷമാകണം റിട്ടേണ്‍ പൂരിപ്പിക്കാന്‍ ആരംഭിക്കേണ്ടത്. ബാങ്ക് അക്കൗണ്ടുകള്‍ക്ക് പാന്‍ നിര്‍ബന്ധമായതിനാല്‍ ഏതെങ്കിലും അക്കൗണ്ട് വിവരം നിങ്ങള്‍ നല്‍കിയില്ലെങ്കിലും ഒരു ബുദ്ധിമുട്ടുമില്ലാതെ കണ്ടുപിടിക്കാനാകും. അവയില്‍ ഏതിലെങ്കിലും നിന്നു ടി.ഡി.എസ്. പിടിക്കുക കൂടി ചെയ്തിട്ടുണ്ടെങ്കില്‍ വിഷയം കൂടുതല്‍ സങ്കീര്‍ണവുമാകും.

4.വസ്തു വില്‍പന വിവരങ്ങള്‍

വസ്തു വില്‍പനയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും റിട്ടേണില്‍ കൃത്യമായി കാണിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നു കരുതുന്ന ചിലരുണ്ട്. ഇത്തരം ശീലവും നികുതി വകുപ്പില്‍ നിന്നുള്ള നോട്ടീസ് വിളിച്ചു വരുത്തും. വസ്തു വില്‍ക്കുമ്പോള്‍ നല്‍കുന്ന പാന്‍ സര്‍വറുകളില്‍ ലഭ്യമാണെന്നു മറക്കേണ്ട.

5.ദീര്‍ഘകാല മൂലധന ലാഭം

മുന്‍കാലങ്ങളിലെ പതിവനുസരിച്ച് പലരും മനപൂര്‍വ്വമല്ലാതെ മറക്കുന്ന ഒന്നാണ് ദീര്‍ഘകാല മൂലധന ലാഭം. ഇതു കൃത്യമായി കണക്കാക്കി റിട്ടേണില്‍ സൂചിപ്പിക്കാന്‍ മറക്കരുത്.

6.ടി.ഡി.എസ്. വിവരങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊള്ളിക്കണം

സ്രോതസില്‍ നിന്നു നികുതി പിടിച്ചതിന്റെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുമ്പോള്‍ തീരെ ചെറിയ തുകയല്ലേ ഇതു വിട്ടു കളയാം എന്നു ചിലരെങ്കിലും കരുതും. ഐ.ടി.ആറില്‍ ഇതു വകകൊള്ളിക്കാത്തതു മൂലം ചെറിയ തുകയാണെങ്കിലും  റീഫണ്ട് ലഭിക്കാതെയുള്ള നഷ്ടം നിങ്ങള്‍ക്കുണ്ടാകും. അതു മാത്രമല്ല, സ്രോതസില്‍ നിന്നു പിടിച്ച നികുതിയുടേയും നിങ്ങള്‍ നല്‍കുന്ന ആകെ നികുതിയുടേയും കണക്കുകള്‍ പൊരുത്തപ്പെടാതെ വരുമ്പോള്‍ നികുതി വകുപ്പില്‍ നിന്നു നോട്ടീസ് ലഭിക്കുകയും ചെയ്‌തേക്കാം.

7.ഫോം 26 എ.എസ്.  പ്രയോജനപ്പെടുത്തുക

ടി.ഡി.എസ്. കണക്കുകള്‍ അവഗണിക്കുന്നതു പോലെ തന്നെ ചിലര്‍ ഫോം 26 എ.എസ്. നോക്കുക പോലും ചെയ്യാതെ റിട്ടേണ്‍ ഫയല്‍ ചെയ്യും. നികുതി ക്രെഡിറ്റ് സംബന്ധിച്ച് ഫോം 26 എ.എസില്‍ ലഭ്യമായ വിവരങ്ങള്‍ കൂടി കണക്കിലെടുത്താവണം റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്.

8.നികുതി വിമുക്ത വരുമാനവും റിപോര്‍ട്ടു ചെയ്യണം

നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ നികുതി വിമുക്തമായിട്ടുള്ള വരുമാനത്തെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ നല്‍കണം. നികുതി നല്‍കേണ്ട ബാധ്യതയില്ലെന്നത് ആ വിഭാഗത്തിലെ വരുമാനത്തെ സൂചിപ്പിക്കാതിരിക്കാന്‍ കാരണമല്ല.

9.സാമ്പത്തിക വര്‍ഷത്തിലെ എല്ലാ വരുമാനവും ഉള്‍പ്പെടുത്തണം

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ജോലി മാറിയവര്‍ മുന്‍പു ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നുള്ള വരുമാനങ്ങള്‍ റിട്ടേണില്‍ സൂചിപ്പിക്കാതെ വിട്ടു കളയുന്ന രീതിയും ചിലര്‍ക്കുണ്ട്. ചിലര്‍ അറിവില്ലായ്മ കൊണ്ട് ഇതു ചെയ്യുമ്പോള്‍ മറ്റു ചിലര്‍ നികുതി ഒഴിവാക്കാനായി മനപൂര്‍വ്വം ചെയ്യും. ഇതില്‍ ഏതു കാരണമായാലും നികുതി വകുപ്പില്‍ നിന്നു നോട്ടീസ് ലഭിക്കും.

10.വെരിഫൈ ചെയ്യണം

നികുതി റിട്ടേണ്‍ കൃത്യമായി പൂരിപ്പിച്ച് അപ് ലോഡു ചെയ്ത ശേഷം അത് വെരിഫൈ ചെയ്യുക എന്നൊരു പ്രക്രിയ കൂടിയുണ്ട്. ഇതു കൂടി പൂര്‍ത്തിയാക്കിയാലേ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതു പൂര്‍ത്തിയാകൂ. ഇങ്ങനെ ചെയ്തില്ലെങ്കില്‍ നിങ്ങള്‍ റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലെന്നാവും സാങ്കേതികമായി കണക്കാക്കുക.

11.തെറ്റുകള്‍ തിരുത്താം

ആദായ നികുതി റിട്ടേണ്‍ പൂരിപ്പിക്കുമ്പോഴും ഫയല്‍ ചെയ്യുമ്പോഴും അതീവ ശ്രദ്ധ പുലര്‍ത്തണം. എങ്കില്‍ തന്നെയും അതില്‍ തെറ്റുകള്‍ കടന്നു കൂടിയാല്‍ 139(5) വകുപ്പ്  പ്രകാരം തിരുത്തി പുതുക്കിയ റിട്ടേണ്‍ ഫയല്‍ ചെയ്യാം. ഇത്തവണ 139(5) വകുപ്പു പ്രകാരം പുതുക്കിയ റിട്ടേണ്‍ സമര്‍പ്പിക്കാന്‍  അസസ്സ്‌മെന്റ് കഴിയുന്നതു വരേയോ അല്ലെങ്കില്‍ 2020 മാര്‍ച്ച് 31 വരേയോ സമയമുണ്ട്. പക്ഷേ, തെറ്റുകള്‍ കണ്ടെത്തിയാല്‍ ഇതിനു കാത്തിരിക്കാതെ പരമാവധി വേഗത്തില്‍ പുതുക്കിയ റിട്ടേണ്‍ സമര്‍പ്പിക്കുന്നതാണ് ഉചിതം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA