ടാക്സ് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ കുറയ്ക്കാവുന്ന കിഴിവുകള്‍ എങ്ങനെ ചേർക്കാം?

growth new 1
SHARE

ഈ വര്‍ഷം ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഇ ഫയലിങ് സ്വയം ചെയ്യാം- 10

മെഡിക്ലെയിം പ്രീമിയം, ചികില്‍സാ ചിലവുകള്‍ തുടങ്ങിയ വിവരങ്ങള്‍ ചേര്‍ത്തുകഴിഞ്ഞാല്‍ അടുത്ത കോളം വിദ്യാഭ്യാസ വായ്പ എടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ പലിശയടവ് രേഖപ്പെടുത്താനുള്ളതാണ്. ഈ ഇനത്തില്‍ എത്ര രൂപ അടച്ചോ അത്രയും തുക പരിധിയില്ലാതെ ഇളവിന് അര്‍ഹമാണ്.
അടുത്ത കോളം ഭവന വായ്പ പലിശടവ് തുക എത്രയെന്ന് രേഖപ്പെടുത്താനുള്ളതാണ്. അടുത്ത കോളത്തില്‍ ഡൊണേഷന്‍സ് നല്‍കിയിട്ടുണ്ടെങ്കില്‍ അത് ചേര്‍ക്കാനാണ്. പ്രളയ ദുരിതാശ്വാസനിധിയിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നല്‍കിയിട്ടള്ള സംഭാവനകള്‍ ഈ കോളത്തിലാണ് രേഖപ്പെടുത്തേണ്ടത്. ഈ വിവരം ഈ കോളത്തില്‍ രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല എങ്കില്‍ ആശങ്കപ്പെടേണ്ട. ആറാമത്തെ ടാബ് ഈ വിവരം മാത്രം രേഖപ്പെടുത്താനുള്ള ഫോം ആണ്. ഡൊണേഷന്‍സ് 80 G എന്നാണ് ഈ ടാബിന്റെ പേര്. ടാക്‌സസ് പെയ്ഡ് ആന്‍ഡ് വെരിഫിക്കേഷന്‍ എന്നത് കഴിഞ്ഞുള്ള ടാബാണ് ഇത്.

അടുത്തതായി ചേര്‍ക്കാനുള്ളത് റെന്റ് പെയ്ഡ് ആണ്. അതായത് വാടകയ്ക്ക് താമസിക്കുന്നവെങ്കില്‍ നല്‍കിയ വാടകച്ചിലവ് ആണ് ഇവിടെ രേഖപ്പെടുത്തേണ്ടത്.അടുത്ത കോളത്തില്‍ രേഖപ്പെടുത്തേണ്ടത് ശാസ്ത്ര ഗവേഷണത്തിനോ ഗ്രാമ വികസനത്തിനോ സംഭാവന നല്‍കിയിട്ടുണ്ടെങ്കില്‍ അതാണ്. ഈ വിവരവും ഇവിടെ രേഖപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഡൊണേഷന്‍സ് GGA എന്ന അവസാനത്തെ ടാബില്‍ പോയി രേഖപ്പെടുത്താം. സംഭാവന  ഏത് അക്കൗണ്ടിലേക്കാണോ അടച്ചത് അത് സ്വീകരിച്ചയാളുടെ വിലാസം, പിന്‍കോഡ്, പാന്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളും ഇതോടൊപ്പം ചേര്‍ക്കണം. അതിനാലാണ് ഈ പേജില്‍ ഇത് ചേര്‍ക്കേണ്ട കോളം ഡിസേബിള്‍ ചെയ്തിരിക്കുന്നത്. അടുത്ത കോളം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയിട്ടുണ്ടെങ്കില്‍ അത് ചേര്‍ക്കാനാണ്.
അടുത്ത കോളത്തില്‍ ചേര്‍ക്കേണ്ടത് സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന പലിശ വരുമാനം ഉണ്ടെങ്കില്‍ ആ വിവരമാണ് ചേര്‍ക്കേണ്ടത്. 10,000 രൂപവരെയാണ് ഈ ഇനത്തില്‍ പരമാവധി ഇളവ് ലഭിക്കുക.

അടുത്ത കോളം മുതിര്‍ന്ന പൗരന്‍ ആണെങ്കില്‍ നിക്ഷേപത്തില്‍ നിന്നുള്ള പലിശ രേഖപ്പെടുത്താനുള്ളതാണ്. ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പോസ്റ്റോഫീസ് എന്നിവടങ്ങളിലെ സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള 50,000 രൂപയുടെ വരെ പലിശയ്ക്ക് ഇളവ് ലഭിക്കും.
അംഗവൈകല്യമുള്ള ആളാണ് നികുതിദായകന്‍ എങ്കില്‍ അവസാനത്തെ കോളത്തില്‍ അനുവദനീയമായ കിഴിവ് തുക രേഖപ്പെടുത്തണം. 40 ശതമാനം വരെ അംഗവൈകല്യമാണു എങ്കില്‍ 75,000 രൂപവരെയും അതില്‍ കൂടുതലാണെങ്കില്‍ 1.25 ലക്ഷം രൂപവരെയുമാണ് കിഴിവിന് അര്‍ഹത. ഇത്രയും വിവരങ്ങള്‍ നല്‍കിയാല്‍ മൊത്തം ഡിഡക്ഷന്‍ തുക എത്രയെന്ന് സിസ്റ്റം കണക്കാക്കി ഓട്ടോ ഫില്ലായി വരും. അതിനുതാഴെയുള്ള ടോട്ടല്‍ ഇന്‍കം എന്ന കോളത്തിലും യഥാര്‍ത്ഥ തുക ഓട്ടോ ഫീല്ലായി വരും. നികുതി കണക്കാക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള വരുമാനമാണ് ഇനി രേഖപ്പെടുത്തേണ്ടത്. അതേക്കുറിച്ച് നാളെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA