ADVERTISEMENT

രാജ്യത്തെ ഓരോ വ്യക്തിയും  നടത്തുന്ന സാമ്പത്തിക ഇടപാടുകളെ  ആദായ നികുതി വകുപ്പുമായി ബന്ധിപ്പിക്കുന്ന സുപ്രധാന രേഖയാണ്‌ പാന്‍. ആദായ നികുതി വകുപ്പാണ്‌ പാന്‍ കാര്‍ഡ്‌ ലഭ്യമാക്കുന്നത്‌. ഓരോ കാര്‍ഡിലും സവിശേഷമായ പാന്‍ നമ്പരായിരിക്കും ഉണ്ടായിരിക്കുക. നികുതി അടവ്‌, ബാങ്കുകളിലെ പണമിടപാട്‌ പോലെ വ്യക്തികള്‍ അല്ലെങ്കില്‍ കമ്പനികള്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ പിന്തുടരാന്‍ പാന്‍ ആദായ നികുതി വകുപ്പിനെ സഹായിക്കും.

ഇത്തവണത്തെ ബജറ്റില്‍ പാന്‍ കാര്‍ഡുമായി ബന്ധപ്പെട്ട്‌ നിരവധി മാറ്റങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു, ഇതില്‍ പലതിനെ കുറിച്ചും ഇനിയും വ്യക്തത വരാനുണ്ട്‌ എങ്കിലും പിഴ നല്‍കേണ്ട സാഹചര്യം ഒഴിവാക്കാന്‍ പാന്‍കാര്‍ഡിനെ സംബന്ധിക്കുന്ന പുതിയ നിയമങ്ങള്‍ എന്തെല്ലാമാണന്ന്‌ അറിഞ്ഞിരിക്കണം.

∙ ഒന്നിലേറെ പാന്‍ ( പെര്‍മെനന്റ്‌ അക്കൗണ്ട്‌ നമ്പറുകള്‍) കാര്‍ഡുകള്‍ സ്വന്തമാക്കുന്നത്‌ നിയമത്തിന്‌ എതിരാണ്‌ . ഇങ്ങനെ ചെയ്‌താല്‍ 10,000 രൂപ വരെ പിഴ നല്‍കേണ്ടി വരും. അതിനാല്‍ ഒന്നില്‍ കൂടുതല്‍ പാന്‍കാര്‍ഡുകള്‍ എടുക്കുന്നത്‌ ഒഴിവാക്കുക. നിങ്ങളുടെ കൈവശം ഒന്നിലേറെ പാന്‍ കാര്‍ഡുകള്‍ ഉണ്ടെങ്കില്‍ നിലവില്‍ ഉപയോഗിക്കുന്ന പാന്‍ മാത്രം നിലനിര്‍ത്തി മറ്റുള്ളവ റദ്ദാക്കാനുള്ള അപേക്ഷ (pan change request form) പൂരിപ്പിച്ച്‌ നല്‍കണം. നിങ്ങള്‍ ഉപയോഗിക്കുന്ന പാനിന്റെ നമ്പര്‍ വേണം ഇതില്‍ ആദ്യം നല്‍കുന്നത്‌. ഫോമിലെ 11 ാം കോളത്തില്‍ മറ്റ്‌ പാന്‍ നമ്പറുകള്‍ നല്‍കുക, അതിന്റെ പകര്‍പ്പുകള്‍ കൂടി അപേക്ഷക്ക്‌ ഒപ്പം നല്‍കണം.

∙ ആധാര്‍ നമ്പറുമായി പാന്‍ ബന്ധിപ്പിക്കണം. അതല്ല എങ്കില്‍ പാന്‍ ഭാവിയില്‍ പ്രവര്‍ത്തന രഹിതമാകും. പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാന്‍ 2019 ഡിസംബര്‍ 31 വരെ സമയം ഉണ്ട്‌. ഇതിനുള്ളില്‍ പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കണം.

∙ നിങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക്‌ പ്രൊഫഷണല്‍ കരാറുകാരെ നിയമിച്ചിട്ടുണ്ടെങ്കില്‍ പുതിയ പാന്‍ നിയമം അനുസരിച്ച്‌ ഇവര്‍ക്ക്‌ വേതനം നല്‍കുമ്പോള്‍ 5 ശതമാനം ടിഡിഎസ്‌ ഈടാക്കണം എന്നാണ്‌. പ്രൊഫഷണലിന്റെ പാന്‍ ഉപയോഗിച്ച്‌ ടിഡിഎസ്‌ തുക സര്‍ക്കാരിലേക്ക്‌ അടക്കണം. വ്യക്തികള്‍ കരാര്‍ ജോലിക്ക്‌ അല്ലെങ്കില്‍ പ്രൊഫഷണല്‍ ഫീസായി നല്‍കുന്ന തുക വര്‍ഷം 50 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ 5 ശതമാനം ടിഡിഎസ്‌ ഈടാക്കണം എന്നാണ്‌ ഇത്തവണത്തെ ബജറ്റിലെ നിര്‍ദ്ദേശം. ഇതിനായി 194 എം എന്ന പുതിയ വകുപ്പ്‌ കൂട്ടിചേര്‍ത്തിട്ടുണ്ട്‌.

നേരത്തെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക്‌ വേണ്ടി കരാര്‍ അല്ലെങ്കില്‍ പ്രൊഫഷണലുകളുടെ സേവനം ഉപയോഗപ്പെടുത്തുന്ന വ്യക്തികള്‍ പേമെന്റ്‌ നല്‍കുമ്പോള്‍ ടിഡിഎസ്‌ പിടിക്കേണ്ട ആവശ്യമില്ലായിരുന്നു. എന്നാല്‍, ഇത്‌ വ്യാപകമായ നികുതി ചോര്‍ച്ചക്ക്‌ കാരണമാകുന്നു എന്നാണ്‌ സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതിന്‌ പരിഹാരം കാണുന്നതിനായാണ്‌ നിലവിലെ നിര്‍ദ്ദേശം.

∙ സാമ്പത്തിക ഇടപാടുകള്‍ക്ക്‌ പാന്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കണം. അടിസ്ഥാന ഇളവ്‌ പരിധിയില്‍ കൂടുതല്‍ വരുമാനം ഉണ്ടെങ്കിലും ബിസിനസ്സില്‍ നിന്നുള്ള ആദായം 5 ലക്ഷത്തിന്‌ മുകളില്‍ ആണെങ്കിലും പാന്‍ ഉണ്ടായിരിക്കേണ്ടത്‌ നിര്‍ബന്ധമാണ്‌. പാനും ആധാറും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ പാനിന്‌ പകരം ആധാര്‍ ഉപോഗിക്കാം. പാന്‍ ഇല്ലെങ്കില്‍ പകരം ആധാര്‍ നമ്പര്‍ നല്‍കി  റിട്ടേണ്‍ സമര്‍പ്പിക്കാം. ഈ വിവരങ്ങള്‍ അടിസ്ഥാനമാക്കി ഇവര്‍ക്ക്‌ ആദായനികുതി വകുപ്പ്‌ പാന്‍ ലഭ്യമാക്കും.

വിദേശ നാണയം വാങ്ങുക, ബാങ്കില്‍ നിന്നും വലിയ തുക പിന്‍വലിക്കുക പോലുള്ള ഇടപാടുകളുടെ കണക്കുകള്‍ പിന്തുടരുന്നതിനും നിയമ വിരുദ്ധമായ ഇടപാടുകളും കള്ളപ്പണവും നിയന്ത്രിക്കുന്നതിനും പുതിയ നടപടി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുകയാണ്‌. ഇതനുസരിച്ച്‌ നിര്‍ദ്ദിഷ്‌ട ഇടപാടുകളില്‍ പ്രവേശിക്കുന്നതിന്‌ പാന്‍ നിര്‍ബന്ധമാണ്‌. പാന്‍ കൈവശം ഇല്ലാത്തവര്‍ പാനിന്‌ വേണ്ടി അപേക്ഷിക്കണം .

∙ പാനിന്‌ പകരം ആധാര്‍

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന്‌ പാന്‍ ആധാറുമായി ബന്ധിപ്പിക്കണം. എന്നാല്‍ , പാനിന്‌ പകരം ആധാര്‍ നമ്പര്‍ ഉപയോഗിക്കാം എന്നാണ്‌ സര്‍ക്കാരിന്റെ ബജറ്റിലെ നിര്‍ദ്ദേശം. ഇത്‌ പ്രകാരം പാന്‍ കാര്‍ഡ്‌ ഇല്ലെങ്കില്‍ പകരം ആധാര്‍ കാര്‍ഡ്‌ ഉപയോഗിക്‌ച്ച്‌ റിട്ടേണ്‍ ഫയല്‍ ചെയ്യാം.ഇതനുസരിച്ച്‌ പാന്‍ നല്‍കേണ്ട ഏത്‌ വ്യക്തിക്കും പാന്‍ അനുവദിച്ച്‌ കിട്ടിയിട്ടില്ല എങ്കില്‍ പാനിന്‌ പകരമായി ആധാര്‍ നമ്പര്‍ നല്‍കാം. വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ അടിസ്ഥാനമാക്കി , പാന്‍ പിന്നീട്‌ അനുവദിച്ച്‌ നല്‍കും

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com