സ്വർണം കൈവശം വെക്കുന്നതിന് പരിധിയുണ്ടോ

girl planning 1
SHARE

ഒരാൾക്ക് കൈവശം വയ്ക്കാവുന്ന സ്വർണത്തിന് ഒരു പരിധിയും ഗവൺമെന്റ് വച്ചിട്ടില്ല. പക്ഷേ അതിനു ചില നിബന്ധനകളുണ്ട്.

സ്രോതസ് കാണിക്കാനാകണം–  ഒരാൾ കൈവശം വയ്ക്കുന്ന സ്വർണവും അയാളുടെ സാമ്പത്തിക സ്രോതസ്സും തമ്മിൽ ഒത്തു പോകേണ്ടതുണ്ട്. സ്രോതസ് കാണിക്കാൻ സ്വർണം വാങ്ങുമ്പോഴും പഴയ സ്വർണം മാറ്റി എടുക്കുമ്പോഴും ബില്ലുകളും മറ്റു രേഖകളും സൂക്ഷിച്ചു വയ്ക്കുക. 

പാരമ്പര്യസ്വത്ത്– പാരമ്പര്യമായി ലഭിച്ച സ്വർണം ആണെങ്കിൽ അത് തെളിയിക്കുന്നതിന് വിൽപത്രമോ മറ്റു രേഖകളോ ഉണ്ടെങ്കിൽ അതു സൂക്ഷിച്ചു വക്കുക. 

രേഖകളില്ലാതെ 500ഗ്രാം വരെ 

രേഖകൾ ഒന്നും ഇല്ലാതെ തന്നെ വിവാഹിതയായ ഒരു സ്ത്രീക്കു 500 ഗ്രാം സ്വർണം സൂക്ഷിക്കാം. അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാമും പുരുഷന് 100 ഗ്രാം സ്വർണവും കൈവശം വയ്ക്കാം. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ്ന്റെ (CBDT) 1994 മെയ് 11 ലെ നിർദ്ദേശപ്രകാരമാണിത്. 

അധിക സ്വർണം പിടിച്ചെടുക്കുമോ?

മേൽപ്പറഞ്ഞ പരിധിയിൽ കൂടുതൽ സ്വർണം കൈവശം വയ്ക്കുകയും മതിയായ രേഖകൾ ഇല്ലാതിരിക്കുകയും ചെയ്താൽ ഇൻകംടാക്സ് റെയ്ഡ്നോടു അനുബന്ധമായി പരിധിയിൽ കവിഞ്ഞ സ്വർണം പിടിച്ചു എടുക്കാം. 

സ്വർണം വിറ്റാൽ നികുതി  നൽകണോ? 

സ്വർണം വിറ്റു ലാഭം കിട്ടിയാൽ അതിനു ആദായ നികുതിയിൽ ഇളവ് ഇല്ല. ബാധകമായ നികുതി നൽകണം.

മൂലധന നേട്ടം (Capital Gain) എന്ന വിഭാഗത്തിലാണ് ഈ നികുതി. അതായത് വിറ്റുകിട്ടുന്ന തുകയ്ക്കല്ല, അതിൽ നിങ്ങൾക്കുള്ള ലാഭത്തിനാണ് നികുതി. മൂന്നു വർഷത്തിൽ താഴെ കൈവശം വെച്ച സ്വർണമാണെങ്കിൽ ഹ്രസ്വകാലനേട്ടമാണ്. ഇവിടെ സ്ലാബ് നിരക്കിലാണ് നികുതി ബാധകം. മൂന്നു വർഷത്തിൽ കൂടുതൽ കൈവശം വച്ചിട്ടാണ്   വിൽപ്പനയെങ്കിൽ ദീർഘകാല നേട്ടത്തിനു 20 ശതമാനം നികുതി അടയ്ക്കണം.

മറ്റു വരുമാനം ഒന്നും ഇല്ലാത്ത വ്യക്തിയാണെങ്കിൽ രണ്ടര ലക്ഷം രൂപക്ക് മുകളിൽ ലാഭം ലഭിച്ചാൽ നികുതി അടക്കണം. മറ്റു വരുമാനം ഉണ്ടെങ്കിൽ സ്വർണം വിറ്റു കിട്ടിയ ലാഭം അതിനോട് കൂട്ടിച്ചേർത്തു നികുതി കണക്കാക്കും. 

പണഇടപാടുകൾക്ക് കർശന നിയന്ത്രണം വന്നതോടെ സ്വർണം വിറ്റു കിട്ടുന്ന തുക ഇപ്പോൾ ബാങ്ക് വഴിയാകും കൈപ്പറ്റുക. അതിനാൽ അതു നികുതി വകുപ്പിന്റെ ശ്രദ്ധയിൽപെടാൻ സാധ്യത കൂടുതലാണ്.

സമ്മാനമായി ലഭിക്കുന്ന സ്വർണത്തിനും നികുതി  

ഒരു സാമ്പത്തിക വർഷം 50,000 രൂപയിൽ കൂടുതൽ മൂല്യമുള്ള സ്വർണം സമ്മാനമായി ലഭിച്ചാൽ അത് നികുതിവിധേയമാണ്. ഇതിന് ചില ഒഴിവുകൾ ഉണ്ട്. 

 *അടുത്ത ബന്ധുക്കളാണ് സമ്മാനിക്കുന്നതെങ്കിൽ നികുതിയില്ല. എന്നാൽ  നിങ്ങളുടെയോ പങ്കാളിയുടെയോ അച്ഛൻ, അമ്മ, മുത്തശ്ശൻ, മുത്തശ്ശി, സഹോദരൻ, സഹോദരി, മക്കൾ പേരക്കുട്ടികൾ,അവരുടെ പങ്കാളികൾ തുടങ്ങിയവരെ മാത്രമേ അടുത്ത ബന്ധുക്കളായി പരിഗണിക്കൂ.  അല്ലാത്തവർ നൽകിയാൽ നികുതി നൽകാൻ ബാധ്യസ്ഥരാണ്. 

*വിവാഹസമയത്ത്  സമ്മാനമായി ലഭിക്കുന്ന സ്വർണത്തിനും നികുതിയില്ല.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VARIETY
SHOW MORE
FROM ONMANORAMA