ഓൺലൈനിൽ വാങ്ങുന്ന സാധനങ്ങൾ മടക്കിനൽകുന്നത് ശീലമാക്കിയാൽ പണികിട്ടുമേ
Mail This Article
എന്തും ഓൺലൈനിലൂടെ വാങ്ങുന്ന രീതി ഇന്നു വ്യാപകമാണ്. പ്രായമായവർ ഓണ്‍ലൈനിലൂടെ പർച്ചേസ് നടത്താൻ ഇഷ്ടപ്പെടുന്നതിലേക്കു വരെ കാര്യങ്ങൾ പുരോഗമിച്ചിട്ടുണ്ട്. വിലക്കുറവ് മാത്രമല്ല, വാങ്ങിയ ഉൽപ്പന്നത്തിന് എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ അത് മടക്കി നൽകാനുള്ള സൗകര്യം കൂടിയാണ് അതിനു കാരണം. വാങ്ങിയ സാധനങ്ങൾ ഇഷ്ടപ്പെടാതിരിക്കുകയോ അവയ്ക്ക് എന്തെങ്കിലും തകരാറ് കാണുകയോ ചെയ്താൽ തിരിച്ചെടുക്കുന്നതിലൂടെ ആ കമ്പനിയോടുള്ള വിശ്വാസ്യത ഉയരുമെന്നതിനാൽ മിക്ക ഇ-കൊമേഴ്സ് സൈറ്റുകളും ഈ സൗകര്യം നൽകുന്നുണ്ട്. എന്നു കരുതി വാങ്ങിയ സാധനങ്ങൾ മടക്കികൊടുക്കുന്നത് ശീലമാക്കിയാൽ പണികിട്ടുമെന്ന് അറിഞ്ഞിരിക്കണം.
കാലാവധി 10 ദിവസം
മൊബൈൽഫോൺ പോലെയുള്ള ചെറിയ സാധനങ്ങൾ മാത്രമല്ല റഫ്രിജറേറ്ററും വാഷിംഗ് മെഷീനും ഫർണിച്ചറുകളും ഇങ്ങനെ തിരിച്ചയയ്ക്കാം. മുൻപ് 30 ദിവസത്തിനുള്ളിൽ സാധനങ്ങൾ തിരിച്ച് അയച്ചാൽ മതിയാകുമായിരുന്നെങ്കിൽ ഇപ്പോൾ 10 ദിവസത്തിനകം മടക്കി അടയ്ക്കണം.
കടയിൽ നിന്ന് ഒരു വാഷിംഗ് മെഷീനോ റഫ്രിജറേറ്ററോ ഒക്കെ വാങ്ങി ഉപയോഗിച്ച് തുടങ്ങിയശേഷം എന്തെങ്കിലും തകരാർ കണ്ടെത്തിയാൽ അല്ലെങ്കിൽ നമ്മുടെ ആഗ്രഹത്തിനനുസരിച്ച് പ്രവർത്തിക്കുന്നില്ലെങ്കിൽ തിരിച്ചുകൊടുക്കാൻ മാർഗമില്ല. മിക്കപ്പോഴും അവ സർവീസ് സെൻററിൽ അറിയിച്ച് നന്നാക്കുകയാണ് രക്ഷ. എന്നാൽ വിശ്വാസ്യതയുള്ള ഇ കൊമേഴ്സ് സൈറ്റുകളിൽ നിന്നും വാങ്ങുന്ന സാധനങ്ങൾ ഈ പറഞ്ഞ അവസരങ്ങളിലെല്ലാം നമുക്ക് തിരിച്ചു നൽകാം.
എങ്ങനെ തിരിച്ചയയ്ക്കാം
സൈറ്റിൽ അഥവാ ആപ്പിൽ സാധനങ്ങൾ വാങ്ങിയതിന്റെ ‘ഓർഡർ ഡീറ്റെയിൽസ്’ന്റെ ഭാഗമായിട്ടായിരിക്കും റിട്ടേൺ ചെയ്യാനുള്ള ടാബ് ഉണ്ടായിരിക്കുക. സാധനം ഡെലിവറി ആയി കഴിഞ്ഞാൽ ഉടൻതന്നെ ഈ ടാബ് ആക്ടിവേറ്റ് ആകും. എത്ര ദിവസത്തിനകം ഈ സൗകര്യം ഉപയോഗിക്കാമെന്നുള്ള കാര്യവും മിക്കപ്പോഴും അവിടെ രേഖപ്പെടുത്തിയിരിക്കും. ദിവസ പരിധി അവസാനിക്കുന്നതിനുമുമ്പ് റിട്ടേൺ ടാബിൽ ക്ലിക്ക് ചെയ്ത് ആക്റ്റിവേറ്റ് ചെയ്യാം. ചില ഇ-കൊമേഴ്സ് സൈറ്റുകൾ ഒഴികെ ബാക്കിയുള്ളവർ എന്തുകൊണ്ട് തിരിച്ചയയ്ക്കുന്നു എന്ന കൃത്യമായ കാരണം അന്വേഷിക്കുന്നുണ്ടാവും. കാരണം രേഖപ്പെടുത്തിയാൽ സാധനങ്ങൾ തിരിച്ചയക്കാനുള്ള നമ്മുടെ നിർദേശം നൽകാം. ഉടനെതന്നെ കുറിയർ കമ്പനി സാധനം കൊണ്ടുവന്നതുപോലെ അത് തിരിച്ചെടുത്തോളും. മടക്കിവാങ്ങുന്ന സമയവും രേഖപ്പെടുത്തിയിരിക്കും. നമുക്ക് അയച്ചു തന്ന പാക്കിങിൽ തന്നെ തിരിച്ചു പാക്ക് ചെയ്ത് കൊടുത്താൽ മതിയാകും.
ഇതൊക്കെയുണ്ടെങ്കിലും ഓൺലൈൻ പർച്ചേസ് നടത്തിയശേഷം വെറുതെയങ്ങ് റിട്ടേൺ ചെയ്യുന്ന രീതിയും കാണാറുണ്ട്. ഇത് തടയാൻ ഇ–കൊമേഴ്സ് സൈറ്റുകൾക്ക് പല വഴികളുമുണ്ട്.സാധനങ്ങൾ പലതവണ മടക്കുന്നവരുടെ അക്കൗണ്ട് അവർ നിരീക്ഷിക്കുകയും അത് ഫ്ലാഗ് ചെയ്തു വയ്ക്കുകയും ചെയ്യുും. പിന്നീട് അവർ വാങ്ങുന്ന സാധനത്തിന് റിട്ടേൺ കിട്ടണമെന്നില്ല. എന്നാൽ നമ്മൾ ഉയർത്തുന്ന ആവശ്യം സത്യസന്ധമാണെങ്കിൽ സാധാരണഗതിയിൽ ഒരു ഉൽപന്നം തിരികെ നൽകാൻ യാതൊരു പ്രയാസവും നേരിടാറില്ല.