ക്രെഡിറ്റ് കാർഡ് വെച്ച് എടിഎമ്മിൽ നിന്ന് കാശെടുത്താൽ കെണിയാകും

Mail This Article
ഒട്ടേറെ ദോഷവശങ്ങളുണ്ടെങ്കിലും പണത്തിന് അത്യാവശ്യം വരുന്ന ചിലഘട്ടങ്ങളിൽ ക്രെഡിറ്റ് കാർഡ് വളരെ സഹായി ആണ്. സൗജന്യ പലിശരഹിത കാലാവധി (40–50 ദിവസം വരെ), കാർഡുകൊണ്ടുള്ള വാങ്ങലുകൾക്കു കിട്ടുന്ന പ്രത്യേക ഡിസ്കൗണ്ട്, വാങ്ങലുകൾക്ക് കമ്പനി നൽകുന്ന റിവാർഡ് പോയിന്റ്സ് എന്നിവയൊക്കെ ആകർഷകമാണ്.പക്ഷെ അതു വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും നഷ്ടവും അബദ്ധങ്ങളും ഒഴിവാക്കാൻ ചില കാര്യങ്ങൾ നിർബന്ധമായും കൈകൊള്ളണം,
കടക്കെണി, ഉയർന്ന പലിശ
കാർഡ് ഉണ്ടെന്ന ൈധര്യത്തിൽ അനാവശ്യ സാധനങ്ങൾ വാങ്ങിക്കൂട്ടരുത്. തിരിച്ചടവു ശേഷിയെക്കാൾ ഉയർന്ന തുകയ്ക്കു സാധനങ്ങൾ വാങ്ങിയാൽ ക്രെഡിറ്റ് കാർഡിന്റെ പലിശരഹിത കാലാവധിയ്ക്കുള്ളിൽ പണം അടച്ചു തീർക്കാനാകില്ല. അതോടെ നിബന്ധനകൾക്ക് അനുസൃതമായി 24 മുതൽ 48 ശതമാനം വരെ പലിശ നൽകേണ്ടി വരും.
കാർഡ് സ്റ്റേറ്റ്മെന്റിലെ മുഴുവൻ തുകയും നിശ്ചിത തീയതിക്കുള്ളിൽ അടച്ചിരിക്കണം.അല്ലാതെ റോൾ ഓവറിനു തുനിഞ്ഞാൽ പുതിയ വാങ്ങലുകൾക്കു പലിശരഹിത കാലാവധി ഉണ്ടാവില്ല. ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റിൽ രണ്ടു തുകകളാകും ഉണ്ടാകുക. ഒന്ന് മിനിമം തുക, മറ്റേത് മൊത്തം തുക.
മൊത്തം തുകയുടെ അഞ്ചു ശതമാനമാണ് അടയ്ക്കേണ്ട മിനിമം തുക. അതായത് മൊത്തം തുക 5,000 രൂപയാണെങ്കിൽ മിനിമം തുക 250 രൂപ മാത്രം. അപ്രകാരം 250 രൂപ മാത്രമാണ് അടയ്ക്കുന്നത് എന്നിരിക്കട്ടെ. എങ്കിൽ പുതിയ വാങ്ങലുകൾക്ക് ഉയർന്ന പലിശ നൽകേണ്ടി വരും. അതുകൊണ്ട് മൊത്തം തുകയും നിശ്ചിത തീയതിക്കു അടച്ചു തീർക്കുക. അല്ലെങ്കിൽ പണം അടച്ചു തീർക്കും വരെ ആ കാർഡ് ഉപയോഗിക്കാതിരിക്കുക.
കാർഡ് വഴി പണം പിൻവലിക്കൽ
അത്യാവശ്യത്തിനു അക്കൗണ്ടിൽ പണമില്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വഴി എടിഎമ്മിൽ നിന്നു പണമെടുക്കാം. പക്ഷേ വളരെ അപകടം പിടിച്ച പണിയാണിത്. പണം പിൻവലിച്ച നാൾ മുതൽ ഉയർന്ന പലിശ നൽകണം. മാത്രമല്ല ഈ പിൻവലിക്കലിനു പ്രത്യേക ചാർജും ഈടാക്കും.
ബാലൻസ് മാസത്തവണകളാക്കുക
പ്രത്യേക സാഹചര്യങ്ങളിൽ കാർഡ് തുടർച്ചയായി ഉപയോഗിക്കേണ്ടി വരും. അപ്പോൾ ബാലൻസ് തുക മുഴുവനും ഒരുമിച്ചു അടയ്ക്കാൻ കഴിയില്ല. എങ്കിലും കാർഡ് കെണിയിൽ നിന്നു തലയൂരാൻ വഴിയുണ്ട്. ബാലൻസ് നിശ്ചിത മാസതവണകളായി (ഇഎംഐ) മാറ്റുക. ഈ സൗകര്യം മിക്ക കമ്പനികളും നൽകുന്നുണ്ട്. ഇതിനായി കാർഡ് കമ്പനിയുടെ കസ്റ്റമർ കെയർ വിഭാഗവുമായി ബന്ധപ്പെട്ട് ബാലൻസ് മാസഗഡുക്കളാക്കാൻ ആവശ്യപ്പെടുക. ഇതുവഴി പലിശയിൽ ഏതാണ്ട് 10 മുതൽ 15 ശതമാനം വരെ ഇളവ് നേടാം.