മ്യൂച്ചൽഫണ്ടിന് സുരക്ഷയുണ്ടോ?

Mail This Article
മ്യുച്ചൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് യുടിഐ മ്യൂച്ച്വൽഫണ്ടിന്റെ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ലളിത് നമ്പ്യാർ വിശദീകരിക്കുന്നു
മ്യൂച്ചൽഫണ്ടിലെ നിക്ഷേപം സാധാരണക്കാർക്ക് എത്രത്തോളം അനുയോജ്യമാണ്?
വിവിധ കമ്പനികളുടെ സങ്കീർണ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിൽ സാധാരണക്കാർക്ക് കാര്യമായ അവഗാഹമുണ്ടാകില്ല. ഇതിൽ നിക്ഷേപിക്കുമ്പോള്‍ പല സുരക്ഷാ ഘടകങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.എന്നാൽ മ്യൂച്ചൽ ഫണ്ടിൽ വിദഗ്ധർ വിപണി ഗവേഷണം നടത്തി അനുയോജ്യമായ മേഖലകൾ തെരഞ്ഞെടുത്ത് നിക്ഷേപിക്കുമ്പോൾ അതിന് സുരക്ഷ കൂടുതലാണ്. നേരിട്ട് ഓഹരി നിക്ഷേപം നടത്തുമ്പോൾ ഉണ്ടായേക്കാവുന്ന റിസ്കുകൾ ഇവിടെ ഒഴിവാക്കാം. ഫണ്ട് മാനേജർമാരുടെ നിക്ഷേപ തീരുമാനം വളരെ പ്രൊഫഷണൽ ആയതിനാൽ വൈകാരികമായ ഇടപെടലിന് ഇവിടെ പ്രസക്തിയില്ല. ഇക്കാരണങ്ങളാൽ സാധാരണക്കാർ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിലൂടെ നഷ്ടസാധ്യത കുറയുമെന്ന് മാത്രമല്ല നേട്ടസാധ്യത ഉയരുകയും ചെയ്യും.
വിപണി ചാഞ്ചാട്ടത്തിൽ കൂടുതൽ സുരക്ഷയുറപ്പാക്കുന്നതിന് മ്യൂച്ചൽ ഫണ്ടിൽ ഘട്ടം ഘട്ടമായി നിക്ഷേപിക്കുന്ന സിസ്റ്റമാറ്റിക് നിക്ഷേപ പദ്ധതി (എസ്ഐപി) തെരഞ്ഞെടുക്കാം. സാധാരണ നിക്ഷേപകർ വിപണിയുടെ ചാഞ്ചാട്ടത്തിൽ ഭയന്നു മാറി നിൽക്കാറുണ്ട്. വിപണിയിൽ ദീർഘകാലം നിക്ഷേപിച്ച് നേട്ടമെടുക്കാനുള്ള അവസരമാണ് അവർക്ക് അതിലൂടെ നഷ്ടപ്പെടുന്നത്. ഘട്ടംഘട്ടമായി വിപണിയിൽ നിക്ഷേപിക്കുന്നതിലൂടെ ഇതൊഴിവാക്കാം.ഇങ്ങനെ അച്ചടക്കത്തോടെയുള്ള നിക്ഷേപശൈലി സ്വീകരിച്ച് ചെറിയ തുക വീതം നിക്ഷേപം തുടർന്നാൽ 15 കൊല്ലം കഴിയുമ്പോൾ അത് റിയൽ എസ്റ്റേറ്റിനെക്കാളും സ്വർണത്തേക്കാളുമൊക്കെ നേട്ടം നല്‍കും.