കുറഞ്ഞ ചെലവിൽ മികച്ച സമ്മാനം ഗിഫ്റ്റ് വൗച്ചർ

Mail This Article
മുൻകൂട്ടി പണം അടച്ചു കരസ്ഥമാക്കുന്ന വൗച്ചറുകളാണ് ഗിഫ്റ്റ് വൗച്ചറുകൾ അഥവാ ഗിഫ്റ്റ് കാർഡുകൾ. 100 രൂപ മുതൽ 10,000 വരെയുള്ള ഗിഫ്റ്റ് വൗച്ചറുകളാണ് സാധാരണ ലഭിക്കുക. ഇതു കൈവശം ഉള്ളവർക്ക് അത്രയും തുകയ്ക്ക് അതത് സ്ഥാപനങ്ങളിൽനിന്ന് ഷോപ്പിങ് നടത്താൻ കഴിയും.
രണ്ടുതരം ഗിഫ്റ്റ് വൗച്ചറുകൾ, ഫിസിക്കൽ ഗിഫ്റ്റ് വൗച്ചറും ഡിജിറ്റൽ ഗിഫ്റ്റ് വൗച്ചറും ലഭ്യമാണ്. ഫിസിക്കൽ വൗച്ചറുകൾ അതതു സ്ഥാപനത്തിന്റെ പേരും ലോഗോയുമൊക്കെയുള്ള, മൂല്യം കൃത്യമായി രേഖപ്പെടുത്തിയ കാർഡ് രൂപത്തിലുള്ള, വൗച്ചറുകളാണെങ്കിൽ ഡിജിറ്റൽ വൗച്ചറുകൾ പലപ്പോഴും ഇ–മെയിലിലൂടെയാണ് ലഭിക്കുക. ഇവയിൽ നൽകിയിട്ടുള്ള സീരിയൽ നമ്പരും സെക്യൂരിറ്റി നമ്പരും അതതു സ്ഥാപനങ്ങൾക്കു നൽകി ഷോപ്പിങ് നടത്താം. എന്നാൽ സമ്മാനം നൽകാനാണെങ്കിൽ ഫിസിക്കൽ ഗിഫ്റ്റ് വൗച്ചറുകളാണു നല്ലത്. ഓൺലൈനായി വാങ്ങിയാലും ഇവ കുറിയർ വഴി വീട്ടിലെത്തും.
എങ്ങനെ വാങ്ങാം?
ഏതു സ്ഥാപനത്തിന്റെ ഗിഫ്റ്റ് വൗച്ചറുകളാണോ വേണ്ടത് ആ സ്ഥാപനത്തിൽനിന്നു തന്നെ വാങ്ങാം. സൂപ്പർ മാർക്കറ്റുകൾ, ടെക്സ്റ്റൈലുകൾ, ജ്വല്ലറികൾ തുടങ്ങി റീടെയിൽ ഷോപ്പുകളിലൊക്കെ ഗിഫ്റ്റ് വൗച്ചറുകൾ ലഭ്യമാണ്. അതുമല്ലെങ്കിൽ amazon.in, woohoo.in, giftcards india.in തുടങ്ങി ഒട്ടനവധി ഓൺലൈൻ സൈറ്റുകളിൽ ഫിസിക്കലും ഡിജിറ്റലുമായ ഗിഫ്റ്റ് വൗച്ചറുകൾ ലഭ്യമാണ്.
Kfc, Mc Donald's പോലുള്ള ഫുഡ് ഔട്ട്‌ലെറ്റുകൾ, പാന്തലൂൺ, പീറ്റർ ഇംഗ്ലണ്ട് പോലുള്ള വസ്ത്രശാലകൾ തുടങ്ങി വ്യത്യസ്തമായ നൂറുകണക്കിനു ബ്രാൻഡുകളുടെ ഗിഫ്റ്റ് വൗച്ചറുകൾ ഓൺലൈനിൽ ലഭ്യമാണ്. പലപ്പോഴും ഇവ 50 ശതമാനം വരെ ഇളവിൽ കിട്ടാം.
ഗുണങ്ങൾ
∙ 100 രൂപ മുതൽ എത്ര മൂല്യമുള്ളതുമായ സമ്മാനങ്ങൾ ഗിഫ്റ്റ് വൗച്ചറിലൂടെ നൽകാൻ കഴിയും.
∙ സമ്മാനങ്ങൾ പണമായി നൽകുമ്പോഴുള്ള മടുപ്പ് ഒഴിവാക്കാം.
∙ കൈകാര്യം ചെയ്യാൻ എളുപ്പമാണ്. ഡിന്നർ സെറ്റ് പോലെയോ ഷോ പീസുകൾ പോലെയോ പൊട്ടിപ്പോകുമെന്നു പേടിക്കേണ്ട. നമ്മുടെ പോക്കറ്റിൽ ഒതുങ്ങിക്കൊള്ളും.
∙ ലഭിക്കുന്നയാളിന് ഇഷ്ടമുള്ള സാധനങ്ങൾ ഇഷ്ടമുള്ള സമയത്തു വാങ്ങാം. അനാവശ്യ സമ്മാനങ്ങൾ സ്വീകരിക്കേണ്ട ഗതികേടു വരില്ല.
∙ വൗച്ചറുകൾ ഓൺലൈനിലൂടെ ഒറ്റ ക്ലിക്കിൽ വീട്ടിലിരുന്നും വാങ്ങാൻ സാധിക്കും. ഡിജിറ്റൽ വൗച്ചറുകൾ ഇ–മെയിലായും ലഭിക്കും.
∙ ഇങ്ങനെയുള്ള ഗിഫ്റ്റ് വൗച്ചറുകൾ നൽകുന്ന ആളിന്റെയോ സ്വീകർത്താവിന്റെയോ പേരും ചിത്രവും ഉൾപ്പെടുത്തി പഴ്സനലൈസ്ഡ് ആയി വാങ്ങാനും വഴിയുണ്ട്.
∙ ഓൺലൈനായി ഗിഫ്റ്റ് വൗച്ചറുകൾ വാങ്ങിയാൽ പലപ്പോഴും 50 ശതമാനം വരെ വിലക്കുറവിൽ കിട്ടും.
∙ നമുക്കു ലഭിക്കുന്ന ഗിഫ്റ്റ് വൗച്ചറുകൾ ആവശ്യമില്ലാത്തപക്ഷം ഓൺലൈനായി തന്നെ മറിച്ചു വിൽക്കാം.
∙ ഭാഗിക ഉപയോഗത്തിനുശേഷം വൗച്ചറിലുള്ള ബാലൻസ് മൂല്യം അറിയാം. www.woohoo.in പോലുള്ള വെബ്സെറ്റുകളിൽ ഈ സൗകര്യം ലഭ്യമാണ്.
പോരായ്മകൾ
∙ നഷ്ടപ്പെടുകയോ മറന്നുവയ്ക്കുകയോ ചെയ്യാൻ സാധ്യത കൂടുതലാണ്.
∙ പലപ്പോഴും കാലാവധിക്കുള്ളിൽ ഉപയോഗിക്കുവാൻ മറന്നുപോകാം.
∙ ഗിഫ്റ്റ് വൗച്ചറുകളുടെ മൂല്യം പൂർണമായും ഉപയോഗിക്കുവാൻ അനാവശ്യ വാങ്ങലുകൾ നടത്താം.
∙ പല ഗിഫ്റ്റ് വൗച്ചറുകളും വീണ്ടും ഉപയോഗിക്കാൻ അനുവദിക്കാത്തതുകൊണ്ട് ചെറിയ തുകകൾ ബാക്കിയായാൽ നഷ്ടപ്പെടാം.
∙ ഗിഫ്റ്റ് വൗച്ചറുകൾ പണമായി മാറിയെടുക്കാൻ സാധിക്കില്ല.
വാങ്ങുന്ന ആൾക്കും നൽകുന്ന ആൾക്കും സൗകര്യപ്രദമാണ് ഗിഫ്റ്റ് വൗച്ചറുകൾ. കിട്ടുന്ന വ്യക്തിക്കു മുഴുവൻ തുകയ്ക്കും മൂല്യം ലഭിക്കുമ്പോൾ സമ്മാനിക്കുന്ന ആൾക്ക് 50 ശതമാനം വരെ കുറഞ്ഞ തുകയേ മുടക്കു വരുന്നുള്ളൂവെന്നത് ഗിഫ്റ്റ് വൗച്ചറുകളുടെ പ്രധാന മെച്ചം തന്നെ