ഇരുചക്രവാഹനം പരിപാലിച്ചാൽ ചെലവ് കുറയ്ക്കാം
Mail This Article
വാഹനം പ്രത്യേകിച്ച് ഇരുചക്രവാഹനം ഇല്ലാതെ ഇന്നൊരു കാര്യവും നടക്കില്ല. ഇവ സൂക്ഷിച്ച് ഉപയോഗിച്ചാൽ പണച്ചെലവ് കുറയ്ക്കാം. ഇന്ധനവും പരിപാലനവുമാണ് വാഹനചെലവിൽ വരുന്നത്.
1) കമ്പനി പറയുന്ന കൃത്യമായ കാലയളവിൽ സർവീസ് ചെയ്യുക. സർവീസിനു കൊടുക്കുന്നതിനു മുൻപ് വാഹനത്തിന്റെ ഓണേഴ്സ് മാന്വൽ വായിച്ചു നോക്കുക. ഓരോ സർവീസിലും എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അതിൽ വിവരിച്ചിട്ടുണ്ട്. ഇത് കൃത്യമായി മനസ്സിലാക്കിയാൽ സർവീസിൽ കബളിപ്പിക്കപ്പെടുമെന്ന ഭയം ഒഴിവാക്കാം.
ഉദാ: മിക്ക ഇരുചക്ര വാഹനങ്ങളിലും 3000 കിലോമീറ്റർ ആകുമ്പോഴാണ് ഓയിൽ മാറേണ്ടത്. അത്രയും കിലോമീറ്റർ ഓടിയിട്ടില്ലെങ്കിൽ ഒന്നിടവിട്ട സർവീസിൽ ഓയിൽ മാറിയാൽ മതിയാകും.
2) യാതൊരു വിധ മോഡിഫിക്കേഷനും ചെയ്യാൻ പാടില്ല. മോഡിഫിക്കേഷൻ നിയമപരമായി കുറ്റകരമാണ്. മോഡിഫിക്കേഷൻ ചെയ്യുമ്പോൾ അത് എൻജിന്റെ പോർഫോമൻസിനെ ബാധിക്കും. എൻജിൻ ലൈഫ് കുറയും. വാറണ്ടി കാലയളവിൽ ഏതെങ്കിലും തരത്തിലുള്ള മോഡിഫിക്കേഷൻ ചെയ്താൽ വാറണ്ടി കിട്ടില്ല.
4) ഇലക്ട്രിക്കൽ സാമഗ്രികൾ ഫിറ്റ് ചെയ്താൽ ബാറ്ററിയുടെ ലോഡ് വർദ്ധിക്കും. വാഹനം ഓടുമ്പോൾ അതനുസരിച്ച് ബാറ്ററി ചാർജ് ആകണമെന്നില്ല. ലൈഫ് കുറയും. രണ്ടുവർഷം ആയുസ്സുള്ള ബാറ്ററി ഒരു വർഷംകൊണ്ടുതന്നെ കേടാകാം. ഇത് ചെലവ് കൂട്ടും.
5) എൻജിൻ റീസെറ്റ് ചെയ്യുന്നത്
എൻജിൻ ഭാഗങ്ങൾ ഇടയ്ക്കിടെ അഴിച്ച് റീസെറ്റ് ചെയ്യുന്നത്, അവയുടെ തേയ്മാനം കൂട്ടും. നിശ്ചിത കീലോമീറ്റർ ഓടിയതിനു ശേഷം മാത്രം മാറേണ്ട കാര്യങ്ങൾ പ്രത്യേകിച്ച് എന്തെങ്കിലും കാരണമില്ലാതെ അതിനു മുൻപ് അഴിച്ചു നോക്കേണ്ടതില്ല.
ഉദാ: ബജാജ് പൾസർ ആർഎസ് 200 ന്റെ സ്പാർക് പ്ലഗ് 20,000 കിലോമീറ്റർ ആകുമ്പോൾ മാത്രം ക്ലീൻ ചെയ്താൽ മതി. അതിനു മുൻമുള്ള സർവീസുകളിൽ എന്തെങ്കിലും തകരാർ ഇല്ലെങ്കിൽ അത് അഴിക്കേണ്ട കാര്യമില്ല.
6) കൃത്യസമയങ്ങളിൽ സെപയർപാർട്സ് മാറുക. അംഗീകൃത സർവീസ് സെന്ററിൽ സർവീസ് ചെയ്യുന്നതാണ് ഉചിതം.
7) മഴക്കാലം തുടങ്ങുന്നതിനു മുൻപ് ഇരുമ്പ് ഭാഗങ്ങളിൽ ആന്റി–റെസ്റ്റ് കോട്ടിങ് നൽകുക. ഈർപ്പം മൂലമുണ്ടാകുന്ന തുരുമ്പിനെ പ്രതിരോധിക്കാൻ കോട്ടിങ് നല്ലതാണ്. റെസ്റ്റ് റിമൂവർ സ്പ്രെയും ഉപയോഗിക്കാം.
8) അനാവശ്യമായി ക്ലച്ചും ബ്രേക്കും ഉപയോഗിക്കുന്ന ശീലം നിയന്ത്രിക്കുക. ഇത് പണച്ചെലവുണ്ടാക്കും. ക്ലച്ച് ഷൂ, ബ്രേക്ക് ഷൂ എന്നിവയ്ക്കു തേയ്മാനം ഉണ്ടാകും.
9) കടലോര പ്രദേശങ്ങളിൽ ഉപ്പുകാറ്റുമൂലമുള്ള തുരുമ്പ് ആക്രമണം മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു കൂടുതലായിരിക്കും. അതിനാൽ ഫ്രെയിം തുരുമ്പെടുക്കാതെ സൂക്ഷിക്കണം. അതുപോലെ പൊടി കൂടുതലുള്ള പ്രദേശങ്ങൾ, പെട്രോളിയം റിഫൈനറി ഏരിയ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന വാഹനങ്ങളുടെ എയർ ഫിൽറ്ററിന്റെ ഈടുനിൽപ്പ് കുറവായിരിക്കും. അന്തരീക്ഷ വായുവിൽ രാസവസ്തുക്കളുടെ അംശം, പൊടി തുങ്ങിയവ കൂടുതലായിരിക്കുമെന്നതിനാൽ എയർഫിറ്റർ പൊടിഞ്ഞുപോകാൻ സാധ്യത കൂടുതലാണ്.
10) നല്ല ഇന്ധനം ഉപയോഗിക്കാൻ ശ്രമിക്കുക. കലർപ്പുള്ളതാണെങ്കിൽ എൻജിൻ, അകത്തുള്ള ഭാഗങ്ങൾ, കാറുബുറേറ്റർ, സൈലൻസർ എന്നിവയിൽ കരട് ഉണ്ടാകും. കറുത്ത നിറത്തിലാകും.