ഒരേ സമയം സുഹൃത്തും വില്ലനുമാണ് ക്രെഡിറ്റ് കാർഡ്.സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ജീവിതത്തിന്റെ താളം തെറ്റാൻ അതുമതി. ബാങ്കുകൾ ക്രെഡിറ്റ് കാർഡ് ഓഫറുകൾ തരുമ്പോൾ എല്ലാവരും അത് സ്വീകരിക്കും. കാരണം അത്യാവശ്യ ഘട്ടങ്ങളിൽ കയ്യിൽ പൈസ ഇല്ലെങ്കിലും ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ രക്ഷയായല്ലോ.
എന്താണ് ക്രെഡിറ്റ് കാർഡ്?
ബാങ്കുകൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് പ്രത്യേക നിബന്ധനകൾക്കു വിധേയമായി നൽകുന്ന സൗകര്യമാണ് ക്രെഡിറ്റ് കാർഡ്. അതായത് 30,000 രൂപ ശമ്പളമുള്ളയാർക്ക് 70000 രൂപ വരെ മുൻകൂറായി ആയി ഉപയോഗിക്കാനുള്ള അനുവാദം അല്ലെങ്കിൽ വായ്പയാണ് ക്രെഡിറ്റ് മണി. കൃത്യസമയത്ത് പലിശ സഹിതം എല്ലാ മാസവും തിരിച്ചടക്കുക എന്നതാണ് ഈ നിബന്ധനകളിൽ ഒന്നാമത്തേത്. പണം തിരിച്ചടയ്ക്കുന്നതിൽ വീഴ്ച ഉണ്ടായാൽ നല്ലൊരു തുക പിഴയായി ബാങ്ക് ഈടാക്കും.
ക്രെഡിറ്റ് കാർഡ് തിരിച്ചടവിന് രണ്ടു രീതികളുണ്ട്.
തിരിച്ചടക്കേണ്ട മുഴുവൻ തുക : ഒരു ബില്ലിങ് കാലയളവിൽ ചെലവിട്ടതും പേയ്മെന്റ് ഡേറ്റിൽ തിരിച്ചടയ്ക്കേണ്ടതുമായ മുഴുവൻ തുക.
മിനിമം തുക: പേയ്മെന്റ് ഡേറ്റിൽ മുഴുവൻ തുക അടയ്ക്കാൻ പറ്റിയില്ലെങ്കിൽ മിനിമം തുക അടയ്ക്കാം. പിന്നീടുള്ള തുകയ്ക്ക് ആനുപാതികമായ പലിശ കൊടുക്കേണ്ടി വരുമെന്നു മാത്രം.
ബില്ലിങ് ഡേറ്റ്, ശമ്പളം കിട്ടുന്ന ദിനങ്ങളുമായി ഒത്തുപോകുന്ന തരത്തിൽ ആക്കുക. അങ്ങനെയെങ്കിൽ തിരിച്ചടവ് മുടങ്ങാതിരിക്കും. ബാങ്കിനെ സമീപിച്ച് ആ രീതി ആക്കാനാകും.
ഗുണങ്ങൾ
∙ പണം കയ്യിൽ കൊണ്ടുനടക്കേണ്ടതില്ല.
∙ ഇഎംഐ സൗകര്യം
∙ കൃത്യമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് ഷോപ്പിങ് ബോണസ് പോയിന്റുകൾ.
∙ ഏതു സമയത്തും പ്രയോജനപ്പെടുത്താം.
∙ പണത്തിനായി ആരുടെ മുന്നിലും കൈനീട്ടേണ്ട.
∙ ഓൺലൈൻ ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ്, തിരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകളിൽ ഭക്ഷണ ബില്ലിൽ ഡിസ്കൗണ്ട് ഓഫർ, ഫിലിം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 50 ശതമാനം വരെ ഓഫർ, ഓൺലൈൻ സൈറ്റുകളിൽ പർച്ചേസ് ചെയ്യുമ്പോൾ ക്യാഷ് ബാക്ക് ഓഫർ
∙ ഓരോ പർച്ചേസിനും ബാങ്കുകൾ ഏൺ പോയിന്റ് നൽകും. ഇത് കൂട്ടിവച്ച് ക്യാഷ് ആക്കി മാറ്റാം.
∙ എല്ലാ ബില്ലുകളും വെവ്വേറെ അടയ്ക്കാതെ ഓട്ടോ പേ സംവിധാനത്തിലേക്കു മാറ്റാം. ഉദാ: മൊബൈൽ ബിൽ, കാലാവധി ആകുമ്പോൾ ക്രെഡിറ്റ് കാർഡിൽനിന്നു പണം പിൻവലിച്ചോളും. ക്രെഡിറ്റ് കാർഡിന്റെ ബിൽ വരുമ്പോൾ ഒന്നിച്ച് അടച്ചാൽ മതി.
∙ഇൻസ്റ്റന്റ് ലോൺ, വെഹിക്കിൾ ലോൺ സൗകര്യം. വായ്പയുടെ കടലാസ് ജോലികൾ ചെയ്യാൻ ഓടിനടക്കേണ്ട. ഉടനടി പണം അക്കൗണ്ടിലെത്തും.
ദോഷങ്ങൾ
∙ ഉയർന്ന പലിശ നിരക്ക്
∙ കൃത്യ സമയത്ത് പണം തിരിച്ചടച്ചില്ലെങ്കിൽ വൻ തുക പിഴ നൽകണം
∙ പരിധിയിൽ കൂടുതൽ പണം ചെലവഴിക്കാനുള്ള പ്രവണത കൂടും.
∙ പണം തിരിച്ചടയ്ക്കുന്നതിൽ വീഴ്ച പറ്റിയാൽ പിഴ തുക കൂടുന്നതിനോടൊപ്പം സിബിൽ സ്കോർ കുറയും.
∙ സിബിൽ സ്കോർ കുറഞ്ഞാൽ ലോൺ നിരസിക്കപ്പെടും.
∙ ഇഎംഐ സൗകര്യം ആവശ്യത്തിലധികം ഉപയോഗിക്കുമ്പോൾ, ഇഎംഐയുടെ എണ്ണം കൂടുകയും അക്കൗണ്ടിലെ തുക കുറയുകയും ചെയ്യും.
∙ പലരും മിനിമം തുകയേ തിരിച്ചടയ്ക്കൂ. തിരിച്ചടവ് നീളുന്തോറും പിഴ തുക കൂടും.
∙ ക്യാഷ് പിൻവലിക്കാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കരുത്. അങ്ങനെ ചെയ്താൽ എടുക്കുന്ന ദിവസം മുതൽ ഉയർന്ന പലിശ നൽകണം.