ജാതി സർട്ടിഫിക്കറ്റ് കിട്ടാനും ഡിജിലോക്കർ
Mail This Article
വിലപ്പെട്ട രേഖകൾ ഇലക്ട്രോണിക് രൂപത്തിലാക്കി സൂക്ഷിച്ചു വയ്ക്കാനുള്ള സംവിധാനമാണ് ഡിജിലോക്കർ.‘ഇ–ഡിസ്ട്രിക്ട്’ ഒാപ്ഷനിലൂടെ വില്ലേജ് ഓഫിസിലും താലൂക്ക് ഒാഫിസുകളിലും ലഭ്യമാകുന്ന പല സർട്ടിഫിക്കറ്റുകളും ഡിജിലോക്കറിൽ കിട്ടും. ജാതി സർട്ടിഫിക്കറ്റ്, കമ്യൂണിറ്റി സർട്ടിഫിക്കറ്റ്, കൺവർഷൻ സർട്ടിഫിക്കറ്റ് എന്നിവയുൾപ്പെടെ 24 സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ഡിജിറ്റൽ പകർപ്പ് ലഭിക്കും. വില്ലേജ്–താലൂക്ക് ഓഫിസുകളിൽനിന്ന് ഈ സർട്ടിഫിക്കറ്റുകൾ ഇഷ്യൂചെയ്തുകഴിഞ്ഞാൽ ആപ്ലിക്കേഷൻ നമ്പർ, സെക്യൂരിറ്റി കോഡ്, സർട്ടിഫിക്കറ്റ് നമ്പർ എന്നീ മൂന്നു വിവരങ്ങൾ നൽകിയാൽ ഡിജിലോക്കറിലേക്ക് സർട്ടിഫിക്കറ്റുകൾ എത്തും.
മാത്രമല്ല, നിലവിൽ ആൻഡ്രോയ്ഡ് ഫോണുകളിൽ ഡിജിലോക്കറുകളിലേക്കു ഡൗൺലോഡ് ചെയ്തു സൂക്ഷിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പിഡിഎഫ് ഇ–മെയിൽ വഴിയോ വാട്സാപ്പിലോ ഒക്കെ അയച്ചുകൊടുക്കാനും കഴിയും.അതത് ഔദ്യോഗിക സൈറ്റുകളിൽനിന്നും ഡിജിലോക്കറിലേക്ക് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രേഖകളിൽ ഡിജിലോക്കർ വെരിഫൈഡ് അല്ലെങ്കിൽ ഡിജിറ്റലി സൈൻഡ് എന്ന് ഒരു ടിക് മാർക്കിനൊപ്പം രേഖപ്പെടുത്തിയിരിക്കുന്നതാണ് സർട്ടിഫിക്കറ്റുകളുടെ ആധികാരികതയ്ക്കു തെളിവ്. മാത്രമല്ല ഓരോ സർട്ടിഫിക്കറ്റിലും ഒരു ക്യുആർ കോഡും ഉണ്ടായിരിക്കും. അധികാരികൾക്കു പരിശോധന വേളയിൽ ഇതു സ്കാൻ ചെയ്താൽ വിവരങ്ങൾ കൃത്യമാണോ എന്നു മനസ്സിലാക്കാം.
ഡിജിലോക്കർ സംവിധാനം വെബ്സൈറ്റ് രൂപത്തിൽ (digilocker.gov.in) ലഭ്യമായതുമുതൽ ഏതു സർട്ടിഫിക്കറ്റും മറ്റു രേഖകളും സ്കാൻചെയ്തോ ഫോട്ടോ എടുത്തോ ഡിജിറ്റൽ രൂപത്തിലാക്കി സൂക്ഷിക്കാം. ഈ സംവിധാനം ഡിജിലോക്കർ ആപ്പിലും ലഭ്യമാണ്. ഫോണിലെ ക്യാമറ ഉപയോഗിച്ചാൽ മതിയെന്നതിനാൽ കൂടുതൽ എളുപ്പവുമാണ്. എന്നാൽ ഇങ്ങനെ സൂക്ഷിക്കുന്ന ഡിജിറ്റൽ പകർപ്പുകൾക്ക് അധികൃതരുടെ പരിശോധനാവേളയിൽ സാധുത ഉണ്ടായിരിക്കില്ല എന്നകാര്യം പ്രത്യേകം ഒാർമിക്കുക