ദേ പോയി, ദാ വന്നു..വിദേശ യാത്ര നടത്താം, സിംപിളായി

Mail This Article
യാത്ര പോകുക എന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണിന്ന്. അവധി ദിവസം വേണമെന്നില്ല വണ്‍ഡേ ട്രിപ്പ് മുതല്‍ നടത്താന്‍ തയ്യാറാണ് ഓരോരുത്തരും. എന്നാല്‍ ആഭ്യന്തര യാത്രയില്‍ നിന്നും മാറി ഒരു വിദേശ യാത്ര സ്വപ്‌നം കാണുന്നവര്‍ക്ക് യാത്രയെ കുറിച്ചും കറന്‍സി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുമൊക്കെ നിരവധി സംശയങ്ങളുണ്ട്. എങ്ങനെ, എത്രമാത്രം പണം കൊണ്ടുപോകണം തുടങ്ങിയ കാര്യങ്ങള്‍ പലർക്കും പരിചയമില്ലാത്ത കാര്യങ്ങളാണ്.
ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വിദേശ യാത്ര സിംപിളായി നടത്താം
എങ്ങോട്ട് പോകണം
യാത്ര പോകുന്ന സ്ഥലത്തെ കുറിച്ച് വ്യക്തമായ ധാരണ വേണം. ഏത് രാജ്യത്തെക്കാണ് പോകുന്നത്. കാണാന്‍ ഉദ്ദേശിക്കുന്നതെന്തൊക്കെ തുടങ്ങിയവ മുന്‍കൂട്ടി തീരുമാനിക്കണം. എത്രപേരുടെ യാത്രയാണെന്ന് മുന്‍ധാരണ വേണം. വിസ ആവശ്യമുള്ള രാജ്യമാണോ എന്നും മുന്‍പേ അറിഞ്ഞിരിക്കേണ്ടതാണ്.
ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യുക
വിമാന ടിക്കറ്റുകള്‍ നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്ക് ചെറിയ നിരക്കില്‍ യാത്ര ചെയ്യാം.യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന മാസം ഏതെന്നു തീരുമാനിച്ചിട്ട് വേണം ബുക്ക് ചെയ്യാന്‍. എന്തെന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സ്‌കൂള്‍ അവധി തുടങ്ങുമ്പോഴും മറ്റ് സീസണിലും സാധാരണ നിരക്കിനെക്കാള്‍ ഇരട്ടി തുകയാണ് വിമാന ടിക്കറ്റിനു ഈടാക്കുക. സൈറ്റുകളില്‍ നോക്കിയാല്‍ നമുക്കു തന്നെ ഓരോ കമ്പനികളും ഈടാക്കുന്ന നിരക്ക് മനസിലാക്കാം.
സമയം ലാഭിച്ച് കൂടുതല്‍ സ്ഥലങ്ങള്‍ കാണാം
കാണാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കുക. ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്ക് ദൂരമുണ്ടെങ്കില്‍ എളുപ്പമുള്ള യാത്രാ മാര്‍ഗം ഏതെന്നു കണ്ടെത്തുക. പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ലെങ്കില്‍ ടൂര്‍ കമ്പനികളുടെ സഹായം തേടാം. കുറഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങള്‍ കാണാനിത് സഹായകരമാകും.
യാത്ര പ്രീപെയ്ഡ് കാര്‍ഡ് ഉപയോഗിക്കാം
എല്ലാ ബാങ്കുകളിലും ഈ സംവിധാനം ഇല്ല. ബി കാറ്റഗറി ബാങ്കുകളിലാണ് യാത്ര കാര്‍ഡുകള്‍ നല്‍കുന്നത്. ഉപഭോക്താവിന്റെ ശാഖയില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ബി കാറ്റഗറി ബാങ്കുകളെ സമീപിക്കാം. കാര്‍ഡു വാങ്ങാന്‍ ബാങ്കുകളില്‍ പോകുന്നവര്‍ അപേക്ഷയുടെ കൂടെ പാന്‍കാര്‍ഡ്, ടിക്കറ്റ്, പാസ്‌പോട്ട്, കാര്‍ഡ് വാങ്ങുന്നതെന്തിന് തുടങ്ങിയ വിവരങ്ങള്‍ ബാങ്കുകള്‍ക്ക് നല്‍കണം. ബാങ്കുകളെ കൂടാതെ അംഗീകൃത ഡീലര്‍മാരും ഇത്തരം കാര്‍ഡുകള്‍ നല്‍കുന്നുണ്ട്.
പണം കൈയ്യില്‍ വയ്ക്കുക, സൂക്ഷിച്ച് ഉപയോഗിക്കുക
കാര്‍ഡിനെ മാത്രം ആശ്രയിക്കാതെ കറന്‍സിയായും പണം കൈയ്യില്‍ കരുതണം. സാങ്കേതിക പ്രശ്‌നമുണ്ടായാല്‍ കാര്‍ഡ് ഉപയോഗിക്കാനാകില്ല. ഷോപ്പിങ്ങിനും മറ്റുമായി കരുതലോടെ പണം ഉപയോഗിക്കുക. വില നോക്കി വാങ്ങാനും ശ്രദ്ധിക്കണം. കറന്‍സിയും കാര്‍ഡും 20:80 അനുപാതത്തില്‍ ഉപയോഗിക്കുകയാണ് നല്ലത്.