യോഗ ചെയ്യാം, സാമ്പത്തിക ആസൂത്രണം മികച്ചതാക്കാം

Mail This Article
സാമ്പത്തിക ലക്ഷ്യങ്ങളെ കുറിച്ചുള്ള ചിന്തകള്‍ മിക്കവരെയും കടുത്ത സമ്മര്‍ദ്ദത്തിലാക്കാറുണ്ട്. ഇത് ആരോഗ്യ പ്രശ്‌നങ്ങളിലേക്കു നയിക്കുകയും അവരുടെ മൊത്തത്തിലുള്ള പ്രകടനത്തെ ബാധിക്കുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളില്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും ശാരീരികവും മാനസികവും സാമ്പത്തികവുമായ ആരോഗ്യം മെച്ചപ്പെടുത്താനും സഹായകമായൊരു മാര്‍ഗമാണ് യോഗ. കൂടുതല്‍ മെച്ചപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ യോഗാസനങ്ങൾ സഹായിക്കും. യോഗസൂത്രയില്‍ വിശദീകരിക്കുന്ന നാലു ഭാവങ്ങള്‍ നല്ല സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുവാന്‍ പിന്തുണയാകും.
ധര്‍മ്മ ഭാവം
തനിക്കും കുടുംബത്തിനും വേണ്ടിയും തൊഴിലിനും സമൂഹത്തിനും വേണ്ടിയും തന്റെ ചുമതലകള്‍ നിര്‍വഹിക്കുവാന്‍ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്നതാണ് ധര്‍മ്മം. നിക്ഷേപ മേഖലയില്‍ പ്രയോജനപ്പെടുത്തുമ്പോള്‍ വ്യക്തിയുടേയും അവരുടെ പ്രിയപ്പെട്ടവരുടേയും എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ പര്യാപ്തമായ നിക്ഷേപ പദ്ധതി തയ്യാറാക്കുവാന്‍ ധര്‍മ്മം എന്ന ഭാവം സഹായിക്കും. മികച്ച രീതിയില്‍ അവര്‍ ആസൂത്രണം നടത്തുകയും അടിയന്തരാവശ്യങ്ങള്‍ക്കായുള്ള വകയിരുത്തല്‍ നടത്തുകയും ചെയ്യും. വായ്പകളെ അവര്‍ യുക്തിസഹമായി പ്രയോജനപ്പെടുത്തുകയും നികുതി ബാധ്യത കുറക്കുകയും ചെയ്യും. ഇത്തരം വ്യക്തികള്‍ക്ക് കൃത്യമായ സാമ്പത്തിക ലക്ഷ്യങ്ങളും ഉണ്ടാകും.
ജ്ഞാന ഭാവം
ചോദ്യങ്ങള്‍ ചോദിക്കുകയും എല്ലാ കാര്യങ്ങളിലും പരമാവധി അവലോകനം നടത്തുകയും ചെയ്യുന്നതിനു പ്രേരിപ്പിക്കുന്ന ഭാവമാണ് ജ്ഞാനം. മികച്ച അവലോകനങ്ങളുടെ അടിസ്ഥാനത്തിലുള്ള നിക്ഷേപ പദ്ധതി തയ്യാറാക്കാന്‍ ഈ ഭാവം സഹായിക്കും. തങ്ങളുടെ ആവശ്യങ്ങള്‍ കണ്ടെത്താനും അതിന് അനുസൃതമായ ആസ്തി മേഖലകള്‍ തെരഞ്ഞെടുക്കാനും ഈ അറിവ് സഹായകമാകും. ഗവേഷണത്തിന്റെ അടിസ്ഥാനത്തിലുള്ള ആരോഗ്യകരമായ നിക്ഷേപത്തിലൂടെ വിജയം കണ്ടെത്തുകയാവും ഇത്തരം അറിവുള്ള നിക്ഷേപകര്‍ ചെയ്യുക.
വൈരാഗ്യ ഭാവം
ഒഴിഞ്ഞു മാറി നില്‍ക്കുന്ന ഭാവമാണിത്. ഈഗോയില്‍ നിന്നു സ്വതന്ത്രമായി നില്‍ക്കുന്ന ഈ ഭാവത്തിലൂടെ എല്ലാം ശാന്തമായി വിലയിരുത്താനാകും. ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ സാധ്യതകള്‍ മനസിലാക്കിയാല്‍ വൈരാഗ്യ ഭാവത്തിന്റെ പ്രയോഗത്തിലൂടെ ഹൃസ്വകാല വിലനിലവാരങ്ങള്‍ കണക്കിലെടുക്കാതെ വിലയിരുത്തലുകള്‍ നടത്താനാവും. വിലയിലെ ഏറ്റക്കുറച്ചിലുകള്‍ കണക്കിലെടുക്കാതെ ശക്തമായ അടിസ്ഥാനങ്ങളുടെ പശ്ചാത്തലത്തിലാകും തീരുമാനമെടുക്കുക. ഓഹരികളില്‍ ഇതേറെ ഗുണകരമായിരിക്കും.
ഐശ്വര്യ ഭാവം
ധര്‍മ്മവും ജ്ഞാനവും വൈരാഗ്യവും നേടിയാൽ ഐശ്വര്യത്തിലെത്താനാവും. ഇച്ഛാ ശക്തി, സ്വാശ്രയത്വം, സ്വയം നിയന്ത്രണം, ഉന്‍മേഷം എന്നിവയടങ്ങുന്ന ഒരു ഘട്ടമാണിത്.അറിവിന്റെ കരുത്തില്‍ യുക്തസഹമായ നിക്ഷേപ പദ്ധതിയിലൂടെ ധനം സമ്പാദിക്കുവാന്‍ വ്യക്തികളെ പ്രപ്തരാക്കുന്ന ഘട്ടം കൂടിയാണിത്.
യോഗയും അതിലെ ഭാവങ്ങളും ഒരു വ്യക്തിയുടെ നിക്ഷേപ തന്ത്രങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്.
ലേഖകൻ ആക്സിസ് സെക്യൂരിറ്റീസിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമാണ്