വെറും മൂന്നു കാര്യങ്ങളിലൂടെ നിങ്ങൾക്കും നേടാം സാമ്പത്തിക സ്വാതന്ത്ര്യം

Mail This Article
ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍ പണത്തിനായി അലയാതിരിക്കണം എന്നുണ്ടെങ്കിൽ ഒരല്‍പ്പം പ്ലാനിംഗ് കൂടിയേ തീരൂ. സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള പ്ലാനിംഗ്. റോക്കറ്റ് സയന്‍സ് പഠിക്കുന്നതു പോലുള്ള ആയാസങ്ങളൊന്നും ഫിനാന്‍ഷ്യല്‍ പ്ലാനിംഗിലില്ല. ഒരു ദീര്‍ഘദൂര യാത്രക്കു വേണ്ട മുന്നൊരുക്കം പോലെ ചില തയാറെടുപ്പുകള്‍ മതി.
സാമ്പത്തിക സ്വാതന്ത്ര്യത്തിനായി നാം ചെയ്യേണ്ടത് ഏറ്റവും അടിസ്ഥാപരമായി മൂന്ന് കാര്യങ്ങളാണ്.
1 മരണം എന്നത് ഉറപ്പായ യാഥാര്‍ത്ഥ്യം ആണ്. പക്ഷേ അപ്രതീക്ഷിതമായി അത് അല്‍പ്പം നേരത്തെ സംഭവിച്ചാലോ? നമ്മെ ആശ്രയിക്കുന്നവരുടെ ജീവിതതാളം തെറ്റും, തന്റെ അഭാവത്തിലും അവരുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ളത് നിങ്ങൾ ചെയ്യണം. അതിനാണ് ലൈഫ് ഇന്‍ഷുറന്‍സ്.
ലൈഫ് ഇന്‍ഷുറന്‍സ് എന്നാൽ എന്‍ഡോവ്‌മെന്റ്, മണിബാക്ക് പോളിസിയോ യുലിപോ അല്ലെന്നോർക്കുക. ഇന്‍ഷുറന്‍സ് ഇന്‍ഷുറന്‍സിനു വേണ്ടി മാത്രമാണ്. അത് ഒരിക്കലും നിക്ഷേപവുമായി കൂട്ടികലര്‍ത്തരുത്. അതായത് ലൈഫ് ഇന്‍ഷൂര്‍ ചെയ്യേണ്ടത് ടേം പോളിസി വഴി മാത്രം ആയിരിക്കണം.
എത്ര കവറേജ്?
നിലവിലെ വരുമാനത്തിന്റെ 10-15 ഇരട്ടിയെങ്കിലും കവറേജ് വേണമെന്നാണ്. നിങ്ങളുടെ അഭാവത്തിലും കുടുംബാംഗങ്ങള്‍ക്ക് നിലവിലെ ജീവിതശൈലി നിലനിര്‍ത്തികൊണ്ടുപോകാനുള്ള ഒരു തുക പ്രതിമാസം ഫിക്‌സഡ് ഡെപ്പോസിറ്റില്‍ നിന്നോ ലിക്വിഡ് ഫണ്ടില്‍ നിന്നോ ലഭിക്കണം. ഇത്രയും വലിയ തുകയുടെ ഇന്‍ഷുറന്‍സ് ഉറപ്പുവരുത്തിയാലേ അതു സാധിക്കൂ.35 വയസുകാരനു ഒരു കോടി രൂപയുടെ ടേം പോളിസിക്ക് 11,000-13,000 രൂപ പ്രതിവര്‍ഷ പ്രീമിയം മതിയാകും.
2 ഇനി വേണ്ടത് ആരോഗ്യ ഇന്‍ഷുറന്‍സാണ്. ചികിത്സാ ചെലവിലെ വര്‍ധന വളരെ ഉയര്‍ന്നതാണ്. അപകടവും രോഗവും വർധിക്കുന്നതിനാൽ ആരോഗ്യ ഇന്‍ഷുറന്‍സ് ഒഴിവാക്കാനാകാത്തതാണ്.
3 ഭാവിയിലെ വരുമാനത്തിനായി നിക്ഷേപിക്കുകയാണ് അടുത്തത്. അതിനു ഏറ്റവും അനുയോജ്യമായ രീതി എല്ലാ മാസവും ഇക്വിറ്റി ഫണ്ടുകളില്‍ എസ്ഐപിയാണ്. എത്രയും നേരത്തെ തുടങ്ങിയാല്‍ അത്രയും അധിക നേട്ടം ലഭിക്കും.
ഭാവിക്കായി വളരെ വലിയ തുക മുന്നില്‍കണ്ടു വേണം നിക്ഷേപിക്കാൻ. 30 വയസുകാരനു 30 ലക്ഷം രൂപയുടെ വാര്‍ഷിക ചെലവ് ഉണ്ടെന്നിരിക്കട്ടെ. 7% പണപ്പെരുപ്പം കണക്കാക്കിയാൽ അയാള്‍ക്ക് 60 വയസാകുമ്പോള്‍ വാര്‍ഷിക ചെലവിന് വേണ്ടിവരുന്ന തുക 23 ലക്ഷം രൂപയായിരിക്കും. പ്രതിമാസം 10,000 രൂപ വീതം മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്ന 30 വയസുകാരന് പ്രതിവര്‍ഷം 12 ശതമാനം റിട്ടേണ്‍ ലഭിച്ചാൽ 65 വയസാകുമ്പോള്‍ മൂന്നര കോടി രൂപ ലഭിക്കും. ഇതാണ് എസ്ഐപി എന്ന ദീര്‍ഘകാല നിക്ഷേപത്തിന്റെ മാജിക്.
ചുരുക്കത്തില്‍ ടേം പോളിസിയും ആരോഗ്യ ഇന്‍ഷുറന്‍സും ഇക്വിറ്റി ഫണ്ടിലെ പ്രതിമാസ നിക്ഷേപവുമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വഴി തുറക്കാം.