അറിയാം, പലതരം മ്യൂച്വൽ ഫണ്ടുകളെ

SHARE
agrement

മലയാളികൾക്കിടയിൽ മ്യൂച്ച്വൽ ഫണ്ടുകൾക്ക് സ്വീകാര്യതയേറുന്നു, എന്നാൽ പലർക്കും ഇവയെകുറിച്ച് കൃത്യമായറിയാത്തതിനാൽ മ്യൂച്ച്വൽ ഫണ്ടുകൾ നൽകുന്ന നിക്ഷേപ സാധ്യതയറിയില്ല. പ്രധാനമായും മൂന്നുതരം  മ്യൂച്വൽ ഫണ്ടുകളാണുള്ളത്. ഇക്വിറ്റി ഫണ്ട്, ഡെറ്റ് ഫണ്ട്, ഹൈബ്രിഡ് ഫണ്ട്. ഇക്വിറ്റി ഫണ്ടിൽ തന്നെ പല വിഭാഗങ്ങളുണ്ട്. ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ്, മൾട്ടി ക്യാപ്, സെക്ടർ ഫണ്ട്,  ഇഎൽഎസ്എസ്, തീമാറ്റിക് ഫണ്ട് എന്നിങ്ങനെ.  

ഡെറ്റ് ഫണ്ടുകളിലും ഒട്ടേറെ തരം പദ്ധതികളുണ്ട്. ഒരു ദിവസം മുതൽ 30 വർഷത്തിലധികം വരെ കാലാവധിയുള്ളവ. ഓവർനൈറ്റ് ഫണ്ടുകൾ. ലിക്വിഡ് ഫണ്ട്, അൾട്രാ ഷോർട് ടേം ഫണ്ട്, ഗിൽറ്റ് ഫണ്ട്, എഫ്എംപി എന്നിങ്ങനെ പലതുണ്ട്. 

ഇക്വിറ്റി ഫണ്ട് 

ഓഹരിയിൽ നിക്ഷേപിക്കുന്ന ഫണ്ടുകളാണ് ഇക്വിറ്റി ഫണ്ട്. ഓഹരിക്ക് നഷ്ടസാധ്യത കൂടുതലായതിനാൽ ഇവയ്ക്കു റിസ്കുണ്ട്. പക്ഷേ ഓഹരിയിലെ പോലെ ഉയർന്ന ആദായം കിട്ടാനുള്ള സാധ്യതയും കൂടുതലാണ്. റിസ്കുള്ളതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ വേണം നിക്ഷേപിക്കേണ്ടത്. ഇവയെ പല വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഈ തരംതിരിവ് ഓഹരിയുടെ വിപണി മൂല്യമടക്കമുള്ള ഘടകങ്ങൾ പരിഗണിച്ചാണ്. 

ഡെറ്റ് ഫണ്ട്

സർക്കാർ കടപ്പത്രങ്ങൾ (ദീർഘകാലമോ ഹ്രസ്വകാലമോ), പ്രൈവറ്റ് കമ്പനി ബോണ്ടുകൾ, മണി മാർക്കറ്റ് ഇൻസ്ട്രമെന്റ്സ്, ട്രഷറി ബില്ലുകൾ എന്നിവ അടക്കം സുരക്ഷയുള്ള മേഖലകളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളാണ് ഡെറ്റ് ഫണ്ടുകൾ. ഇക്വിറ്റി ഫണ്ടുകളെ അപേക്ഷിച്ച് ഇവയുടെ നേട്ടം കുറവായിരിക്കും. പക്ഷേ ഉയർന്ന സുരക്ഷയുണ്ടാകും. ഹ്രസ്വകാലാടിസ്ഥാനത്തിലും ദീർഘകാലാടിസ്ഥാനത്തിലും ഇവയിൽ നിക്ഷേപിക്കാവുന്നതാണ്.

ഹൈബ്രിഡ് ഫണ്ട്        

ൈഹബ്രിഡ് ഫണ്ടുകൾ ഡെറ്റ് ഫണ്ടിന്റെയും ഇക്വിറ്റി ഫണ്ടിന്റെയും മിശ്രിതമാണ്. അതായത്, ഓഹരിയിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കും.  ഇവയുടെ റിസ്കും നേട്ടവും ഡെറ്റ് ഫണ്ടിനെക്കാളും കൂടുതലും ഇക്വിറ്റി ഫണ്ടിനെക്കാൾ കുറവും ആയിരിക്കും. 

 ലാർജ് ക്യാപ് ഫണ്ട്                                       

ലാർജ് ക്യാപ് ഫണ്ട് എന്നാൽ ഇന്ത്യൻ വിപണിയിലെ സുസ്ഥിരവും ഏറ്റവും മികച്ചതുമായ ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടാണ്. ഏറ്റവും വിപണി മൂല്യമുള്ള ഓഹരികളിലാകും നിക്ഷേപം. ലാർജ് ക്യാപ് ഫണ്ടിൽ നല്ല നേട്ടം പ്രതീക്ഷിക്കാം. പക്ഷേ,  ഇവ  അതിവേഗം കുതിക്കില്ല. സാവധാനമേ നേട്ടം കിട്ടൂ. കൂടുതൽ സുരക്ഷയോടെ നല്ല നേട്ടം ലക്ഷ്യമിടുന്നവർക്കു യോജിച്ചതാണ്. 

 സ്മോൾ ക്യാപ് ഫണ്ട്– സെക്ടർ ഫണ്ടുകൾ

വിപണിമൂല്യം കുറഞ്ഞ ഓഹരികളിൽ, അതായത് ചെറുകിട ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടാണ് സ്മോൾ ക്യാപ് ഫണ്ടുകൾ. വിപണിമൂല്യം കുറഞ്ഞ, വിവിധതരത്തിൽപെട്ട 30 ഓളം ഓഹരികൾ ഇവയിൽ കാണാം. െഹൽത്ത് കെയർ‌, ബാങ്കിങ് തുടങ്ങി ഒരു വ്യവസായ മേഖലയിലെ ഓഹരികളിൽ മാത്രം നിക്ഷേപിക്കുന്ന ഫണ്ടുകളാണ് സെക്ടർ ഫണ്ട്. ഇവ രണ്ടും റിസ്ക് ഏറ്റവും കൂടിയതും ഉയർന്ന നേട്ടസാധ്യതയുള്ളവയുമാണ്. 

സ്മോൾ ക്യാപ് ഫണ്ടിനെ അപേക്ഷിച്ച് സെക്ടർ ഫണ്ടുകൾക്ക് റിസ്കും നേട്ടസാധ്യതയും കൂടുതലാണ്. ഉയർന്ന റിസ്ക് എടുക്കാൻ കഴിവുള്ളവർ മാത്രമേ ഇവയിൽ നിക്ഷേപിക്കാവൂ. അതും ദീർഘകാലാടിസ്ഥാനത്തിൽ. 

മൾട്ടി ക്യാപ് ഫണ്ട്

ലാർജ് ക്യാപ്, സ്മോൾ ക്യാപ്, മിഡ് ക്യാപ് തുടങ്ങിയവയിലെല്ലാം നിക്ഷേപിക്കുന്നവയാണ് മൾട്ടി ക്യാപ് ഫണ്ടുകൾ. ഇതിൽ എല്ലാത്തരം ഓഹരികളും ഉൾപ്പെടുമെന്നർഥം. ലാർജ് ക്യാപ് ഫണ്ടിനെക്കാളും ആദായവും സ്മോൾ–മിഡ് ക്യാപ് ഫണ്ടുകളെക്കാൾ കുറഞ്ഞ റിസ്കുമാണ് ഇവയുടെ സവിശേഷത. ആദ്യമായി നിക്ഷേപിക്കുന്ന വ്യക്തിക്ക് മൾട്ടിക്യാപ് ഫണ്ടുകൾ അനുയോജ്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VARIETY
SHOW MORE
FROM ONMANORAMA