നിങ്ങൾ വാങ്ങിയ ആഭരണം ഹാൾമാർക്ക്ഡ് ആകണമെന്നില്ല
Mail This Article
100 ശതമാനം ഹാൾമാർക്ക്ഡ് ആയ ജ്വല്ലറികളിൽ നിന്നും വാങ്ങിയതാണെങ്കിൽ പോലും നിങ്ങളുടെ ആഭരണം ശരിയായി പരിശോധിച്ച് ഹാൾ മാർക്ക്ഡ് ചെയ്തതാകില്ല. കാരണം എല്ലാ ആഭരണവും പരിശോധിക്കപ്പെടുന്നില്ല എന്നതു തന്നെ. അതു പ്രായോഗികവുമല്ല. ഒരു ജ്വല്ലറി പരിശോധനയ്ക്ക് എത്തിക്കുന്ന ആഭരണങ്ങളിൽ നിന്ന് ഏതാനും എണ്ണം (റാൻഡം പിക്ക്) എടുത്താണ് ടെസ്റ്റ് ചെയ്യുന്നത്. നിർമിക്കുന്ന തട്ടാൻമാരോ വിൽക്കുന്ന ജ്വല്ലറികളോ അല്ല ആഭരണങ്ങൾ ഹാൾമാർക്ക് ചെയ്യുന്നത്. ബിഐഎസ് അംഗീകാരമുള്ള പ്രത്യേകം സെന്ററുകളാണ്.
ഹാൾമാർക്കിങ് പ്രക്രിയാകട്ടെ വളരെ സങ്കീർണമാണ്. ആഭരണങ്ങൾ സ്കാൻ ചെയ്തു പരിശോധിക്കും. പക്ഷേ, അതുവഴി ആവശ്യമായ എല്ലാ വിവരങ്ങളും വ്യക്തമാകില്ല. അതിനു ആഭരണം കട്ട് ചെയ്ത് വിശദമായി പരിശോധിക്കണം. അത് പ്രായോഗികമല്ല. അതിനാൽ 10 എണ്ണത്തിൽനിന്ന് ഒരെണ്ണം എടുത്ത് മുറിച്ച് വിശദമായി പരിശോധിക്കുകയാണ് ചെയ്യുക.
ഓരോ പീസിനും 35 രൂപ വീതം ജ്വല്ലറികൾ കൊടുക്കണം. ഏതാണ് ടെസ്റ്റ് ചെയ്തത് എന്നു ജ്വല്ലറികൾക്ക് അറിയാനാകില്ല. ചെയ്തോ ഇല്ലയോ എന്നു ഉറപ്പിക്കാനുമാകില്ല. ചെയ്തെന്നു ഹാൾമാർക്കിങ് സെന്ററുകൾ എഴുതിക്കൊടുക്കും. അതു വിശ്വസിച്ച് ജ്വല്ലറികൾ വിൽക്കും. ആഭരണം നിർമിക്കുന്നത് സ്വർണപ്പണിക്കാരാണ്. പരിശോധിച്ച് ഹാൾമാർക്ക് ചെയ്യുന്നത് സർക്കാർ അംഗീകൃത ഹാൾമാർക്കിങ് സെന്ററുകളും. നിയമം ബിഐഎസിന്റേതും. പക്ഷേ, എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഉത്തരവാദിത്തം വിൽക്കുന്ന ജ്വല്ലറിക്കാണ്.