ADVERTISEMENT

വീട് ജീവിതസ്വപ്നങ്ങളിൽ ഒന്നാമതാണ്. എന്നാൽ അതു മാത്രം പോരല്ലോ. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, നിങ്ങളുടെ റിട്ടയർമെന്റ് ജീവിതം തുടങ്ങിയവയൊക്കെ പ്രധാനപ്പെട്ടതുതന്നെ. അതെല്ലാം സമയത്ത് സഫലീകരിക്കണമെങ്കിൽ മുന്നോട്ടുള്ള ജീവിതത്തിൽ വീട് ഒരു ബാധ്യതയാകരുത്. അതിനു േവണ്ട നിർദേശങ്ങൾ.

∙വീട് പണിയുമ്പോൾ ബജറ്റ് ലിമിറ്റഡും ഡിസൈൻ അൺലിമിറ്റഡുമാണെന്ന കാര്യം മറക്കാതിരിക്കുക.

∙ജീവിതത്തിൽ വീടു മാത്രമല്ല വേറെയും പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ ഉണ്ടെന്ന ഓർമ വേ​ണം.

∙‌ഭാവിയിലെ പ്രതീക്ഷകളെക്കാൾ നിലവിലെ യാഥാർത്ഥ്യത്തിൽനിന്ന് വീ‌ടു പണിയാൻ ശ്രമിക്കുക.

സ്വന്തമായൊരു വീട്. കയ്യിലുള്ളതും കടം വാങ്ങിയതുമെല്ലാം ചേർത്ത് ആ സ്വപ്നം ചിറകു മുളച്ച് ഉയർന്നു വരുമ്പോൾ മനസ്സു നിറയെ അഭിമാനമായിരിക്കും. എന്നാൽ ഭവനവായ്പയുടെ തിരിച്ചടവ് തുടങ്ങുന്നതോടെ അഭിമാനം ആശങ്കയ്ക്കു വഴിമാറുകയായി. ഓരോ മാസവും വരുമാനത്തിൽനിന്നു വലിയൊരു പങ്ക് ഭവനവായ്പയുടെ തിരിച്ചടവായി പോകുമ്പോൾ മനസ്സിലെങ്കിലും ഇതുപോലൊരു വീട് വേണ്ടായിരുന്നുവെന്നു ചിന്തിക്കുന്നവരുണ്ടാകാം.

യാഥാർഥ്യങ്ങൾ ഉൾക്കൊള്ളുക

കരുതുന്നതിലും ഭീകരമാണ് വീടും വീടുനിർമാണവുമായി ബന്ധപ്പെട്ട് വരുത്തി വയ്ക്കുന്ന ബാധ്യതകള്‍. ദുരഭിമാനവും എടുത്താൽ പൊങ്ങാത്ത സ്വപ്നങ്ങളും ചേർന്ന് കടങ്ങളുടെ നിലയില്ലാ കയത്തിലേക്ക് തള്ളിയിട്ട ഒരുപാടു നല്ല കുടുംബങ്ങളുണ്ട്. അയൽക്കാരനെക്കാളും മുന്തിയൊരു വീട്, അടുത്ത സുഹൃത്തിന്റെ പോലൊരു വീട്, അല്ലെങ്കിൽ കുടുംബത്തിലെ ശത്രുവായ ബന്ധുവിനേക്കാൾ വലിയൊരു വീട് എന്നൊക്കെയാണ് പലരുടെയും ഗൃഹസങ്കൽപം.

ആകാശം മുട്ടുന്ന ആഗ്രഹങ്ങളുടെ പിറകെ പോയിട്ട് എങ്ങുമെത്താതെ പരാജയപ്പെട്ട് വാടകവീട്ടിലെ പരിമിതികൾക്കിടയിലേക്ക് പിൻവാങ്ങിയവരുണ്ട്.ജീവിതത്തിലിന്നു വരെയുള്ള മുഴുവൻ സമ്പാദ്യവും വീടെന്ന സ്വപ്നത്തിലേക്ക് ഇറക്കി വയ്ക്കുമ്പോൾ ചുവടുറയ്ക്കാതെ പോകുന്നതിന് കാരണങ്ങൾ പലതാണ്.

സ്ഥലം തിരഞ്ഞെടുക്കുമ്പോൾ

ആദ്യഘട്ടമാണ് അനുയോജ്യമായ സ്ഥലം കണ്ടെത്തുകയെന്നത്. കുടുംബസ്വത്തായി ലഭിച്ചതാണെങ്കിലും അല്ലെങ്കിലും വീടിനു സ്​ഥലം തിരഞ്ഞെടുക്കുമ്പോൾ ലൊക്കേഷൻ പോലെ പ്രധാനമായ ചില കാര്യങ്ങൾ കൂടിയുണ്ട്. റോഡ് സൗകര്യം, തൊട്ടടുത്ത് വൈദ്യുതി പോസ്റ്റ്, വാട്ടർ കണക് ഷൻ കിട്ടാനുള്ള സൗകര്യം, ജലലഭ്യത തുടങ്ങിയവയൊക്കെ പരിഗണിക്കണം. മറ്റൊന്ന്, തിര‍ഞ്ഞെടുക്കുന്ന ഭൂമിയുടെ ഘടനയാണ്. നികത്തു ഭൂമിയാണോ, നിലമാണോ എന്നതെല്ലാം അന്വേഷിച്ചറിയണം. മണ്ണിന്റെ സ്വഭാവം അറിയണം. സർക്കാർ രേഖകളിൽ കൃഷിയിടമായ സ്ഥലം പുരയിടമായി ഉപയോഗിക്കണമെങ്കിൽ ഒട്ടേറെ നിയമനൂലാമാലകളുണ്ട്. വില്ലേജിലെ ബിടിആർ അല്ലെങ്കിൽ പഴയ സെറ്റിൽമെന്റ് റജിസ്റ്റർ ഒക്കെ പരിശോധിച്ച് കരഭൂമിയായി ഉപയോഗിക്കാൻ അനുവാദമുണ്ടോയെന്നറിയാം.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഭൂമിയുടെ കിടപ്പാണ്. ചിലപ്പോൾ റോഡുലെവലിൽനിന്നു താഴെയാകാം, വളരെ ഉയരെയുമാകാം. കുത്തനെ ചെരിവുള്ള സ്ഥലവുമാകാം. ഇത്തരം സ്ഥലങ്ങളിൽ വീട് പണിയുമ്പോൾ ഉണ്ടാകാവുന്ന അധികച്ചെലവുകൾ കൂടി നോക്കി വേണം സ്ഥലം വാങ്ങൽ.

ഒരിക്കലും വെള്ളം കയറില്ലെന്നു വിശ്വസിച്ചിടത്തൊക്കെ പ്രളയത്തിൽ വെള്ളം കയറി. ഇക്കാര്യം കൂടി സ്ഥലം തിരയുമ്പോൾ മനസ്സിലുണ്ടായിരിക്കണം. ഇങ്ങനെയൊക്കെയാണെങ്കിലും എത്രയൊക്കെ ശ്രമിച്ചാലും ചിലപ്പോൾ എല്ലാം തികഞ്ഞ സ്ഥലം ഒത്തുവന്നെന്നു വരില്ല. വിട്ടുവീഴ്ച വേണ്ടി വരാം. പക്ഷേ അപ്പോഴും ഫൗണ്ടേഷനും മറ്റും അധികമായി മുടക്കുന്ന തുക സ്ഥലവിലയുടെ ഭാഗമായി കണ്ടാലും നഷ്ടമാകില്ലെന്നൊരു ബോധ്യം വേണം.

പ്ലാൻ തയാറാക്കും മുൻപ്

വീടിനൊരു പ്ലാൻ വേണം, അല്ലെങ്കിൽ നല്ലൊരു ഡിസൈൻ എന്നൊക്കെ നമുക്ക് വളരെ സിംപിളായി പറയാം. പക്ഷേ പുതിയൊരു വീടു പണിയുമ്പോൾ അതിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഭാഗമാണ് ഈ പ്ലാനിങ്.

സ്ഥലം വാങ്ങുന്നതിനു മുൻപ് നമ്മുടെ ആർക്കിടെക്റ്റിനെയോ ഡിസൈനറെയോ അതൊന്നു കൊണ്ടുപോയി കാണിക്കാവുന്നതാണ്. സ്ഥലത്തിന്റെ സാധ്യതകൾ വിലയിരുത്തി പോരായ്മകളും പരിമിതികളും മനസ്സിലാക്കാൻ ഇതു സഹായിക്കും. അവിടെനിന്നു വേണം പ്ലാനിങ്ങിലേക്കു കടക്കാൻ. നിങ്ങളുടെ ആഗ്രഹങ്ങളും അവസ്ഥയും (സാമ്പത്തികം ഉൾപ്പെടെ) വീട് രൂപകൽപന ചെയ്യുന്ന ആളോട് തുറന്നു പറയുക. (ഡോക്ടറോടും വക്കീലിനോടും കള്ളം പറയരുതെന്നു പറയുന്ന കൂടെ ഇനി ആർക്കിെടക്റ്റിനെ കൂടി ചേർക്കാം.)

ഇതോടൊപ്പം മറ്റൊരു കാര്യം കൂടി പറയട്ടെ, നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപത്തിന്, വീടിന്, പദ്ധതിയിടുമ്പോൾ നിങ്ങൾക്കായി അൽപസമയം മാറ്റിവയ്ക്കാൻ തയാറുള്ള ആർക്കിടെക്റ്റ് അല്ലെങ്കിൽ ഡിസൈനറെ വേണം തിരഞ്ഞെടുക്കാൻ. അല്ലെങ്കിൽ രോഗിയെ കാണാതെ രോഗം മാത്രമറിഞ്ഞ് മരുന്ന് നിശ്ചയിക്കുന്നതുപോലെയാകും.

വീട്ടിൽ ചർച്ച ചെയ്യണം

വർഷങ്ങളോളം മനസ്സിൽ കൊണ്ടുനടന്ന സ്വപ്നമാണ് ഇപ്പോൾ പൂവണിയുന്നത്. സ്വാഭാവികമായും നിങ്ങളുടെ വീട് എങ്ങനെയാവണമെന്നും അതിൽ എന്തൊക്കെ സൗകര്യങ്ങൾ വേണമെന്നും നിങ്ങൾക്കു തന്നെ ഒരു ധാരണയുണ്ടാകുമല്ലോ. അതു കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കുക. വീടിനായി കണ്ടെത്താൻ കഴിയുന്ന പരമാവധി തുകയെത്രയാണെന്നും അവരോട് പറയണം. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ വീട്ടിൽത്തന്നെ അഭിപ്രായ ഏകീകരണം വരുത്തിയ ശേഷം വേണം ഡിസൈനറെ സമീപിക്കാൻ. ആവശ്യങ്ങളും ആഗ്രഹങ്ങളും ബജറ്റും മനസ്സിലാക്കിയ ശേഷം അദ്ദേഹം പ്രാഥമിക പ്ലാൻ തയാറാക്കും. അതു വീട്ടിൽ കാണിച്ച് അഭിപ്രായങ്ങൾ ആരായണം. എന്നിട്ടുവേണം ഫൈനൽ ലേഔട്ടിലേക്ക് പോകാൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com