മ്യൂച്വല്‍ ഫണ്ടിലെ ചെറിയ തുക മതി വലിയ സമ്പത്ത് സ്വരുക്കൂട്ടാൻ

Mail This Article
ഓഹരിവിപണിയില്‍ നിക്ഷേപിക്കാന്‍ ഉചിതമായ സമയം ഏതാണ്.? അങ്ങനെ ഉചിതമായ സമയം നോക്കി ഓഹരിവിപണിയില്‍ പ്രവേശിക്കുന്നതില്‍ വലിയ അര്‍ത്ഥമില്ല. ഏതു സമയത്തും അവിടെ അവസരം ഉണ്ടെന്നത് തന്നെ കാരണം. പക്ഷേ എല്ലാവരും കൂട്ടത്തോടെ ഓഹരിവിപണിയിലേക്ക് വരുമ്പോഴാണ് അവിടെ നിന്നിറങ്ങാന്‍ പറ്റിയ സമയം എന്ന് പറയാറുണ്ട്. അതുപോലെ എല്ലാവരും കൂട്ടത്തോടെ ഓഹരിവിപണിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് അവിടേക്ക് കയറാന്‍ പറ്റിയസമയം. ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടിന്റെ കാര്യത്തിലും അതുതന്നെയാണ് സ്ഥിതി. പലവിധ കാരണങ്ങളാല്‍ പ്രകടനത്തില്‍ വെല്ലുവിളി നേരിട്ടതുകൊണ്ട് പലരും മ്യൂച്വല്‍ ഫണ്ട് നിക്ഷേപം പിന്നീടത്തേക്ക് ആക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ഉചിതമായ ഫണ്ട് കണ്ടെത്തി നിക്ഷേപം ആരംഭിക്കാന്‍ പറ്റിയ സമയം ആണ്. പ്രത്യേകിച്ചും നിങ്ങള്‍ ഇതുവരെ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചിട്ടില്ലാത്ത ആളാണെങ്കില്‍.
എങ്ങനെയും നിക്ഷേപിക്കാം
മ്യൂച്വല്‍ ഫണ്ടില്‍ പണം ഒരുമിച്ചോ തവണകളായോ നിക്ഷേപിക്കാം. ചിട്ടയായി ഒരു തുക മാസാമാസം നിക്ഷേപിക്കാം. അല്ലെങ്കില്‍ കയ്യില്‍ പണം കിട്ടുന്നതുപോലെ ഇഷ്ടപ്പെട്ട മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങി സ്വരുക്കൂട്ടാം. വെറും 500 രൂപകൊണ്ട് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ആരംഭിക്കാം. സമ്പാദ്യം വര്‍ധിക്കുന്നതിന് അനുസരിച്ച് അതിലൊരു വിഹിതം മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലേക്ക് ചേര്‍ത്തുകൊണ്ടിരിക്കുകയും ചെയ്യാം. ചിട്ടിയില്‍ തവണ അടയ്ക്കുന്നതുപോലെയോ ബാങ്ക് റിക്കറിങ് ഡിപ്പോസിറ്റിലേക്ക് തവണ അടയ്ക്കുന്നതുപോലെയോ ലളിതമായി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചുകൊണ്ടിരിക്കാം. ഏതെങ്കിലും ഒരു മ്യൂച്വല്‍ ഫണ്ടില്‍ മാത്രമാണ് താല്‍പര്യമെങ്കില്‍ അതുതന്നെ വീണ്ടും വീണ്ടും വാങ്ങാം.
ഒരിക്കല്‍ ആരംഭിച്ച നിക്ഷേപം ദീര്‍ഘകാലത്തേക്ക് തുടര്‍ന്നുകൊണ്ടിരിക്കുകയോ ഒരിക്കല്‍ നടത്തിയ നിക്ഷേപം ദീര്‍ഘകാലം കൈവശം വയ്ക്കുകയോ വേണം എന്നുമാത്രം. കാരണം ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് ഏറ്റവും മികച്ച ലാഭം കിട്ടാന്‍ ദീര്‍ഘമായ കാലയളവ് അത്യാവശ്യമാണ്. പണത്തിന് പെട്ടെന്ന് ആവശ്യം വന്നാല്‍ പെട്ടെന്ന് വില്‍ക്കേണ്ടിവരും. അങ്ങനെ വിറ്റാല്‍ അന്നത്തെ വിലയേ ലഭിക്കൂ. ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് ആണെങ്കില്‍ വിപണിയുടെ കയറ്റിറക്കങ്ങള്‍ മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള ലാഭ നഷ്ടങ്ങളെയും ബാധിക്കും. എന്നാല്‍ കടപ്പത്രാധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളാണ് എങ്കില്‍ ദീര്‍ഘകാലയളവ് ആവശ്യമില്ല. ഏതാനും ദിവസങ്ങളുടെ കാലയളവ് മുതല്‍ ഏതാനും വര്‍ഷങ്ങളില്‍ ഒതുങ്ങുന്ന കാലയളവ് ഉള്ള കടപ്പത്രാധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ ഉണ്ട്.
നിക്ഷേപകർക്ക് ഒരേ സേവനം
എല്ലാ നിക്ഷേപകര്‍ക്കും ഒരേതരത്തിലുള്ള സേവനം മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് ലഭിക്കും. 500 രൂപയുടെ നിക്ഷേപം നടത്തിയ ആള്‍ക്കും 50 ലക്ഷം രൂപയുടെ നിക്ഷേപം നടത്തിയ ആള്‍ക്കും ലഭിക്കുക ഒരേ തരത്തിലുള്ള സേവനവും കൃത്യമായ ലാഭവും ആണ്. നിക്ഷേപിക്കാന്‍ വളരെ ചെറിയ തുകയേ കയ്യിലുള്ളൂ എന്ന കാരണത്താല്‍ ഒരിക്കലും മ്യച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാതിരിക്കരുത്. അങ്ങനെ ചെയ്താല്‍ സമ്പത്ത് സ്വരുക്കൂട്ടാനുള്ള വളരെ വലിയ ഒരു അവസരമായിരിക്കും നഷ്ടപെടുത്തുക. കാരണം മ്യൂച്വല്‍ ഫണ്ട് എന്നത് ഒട്ടേറെ വ്യത്യസ്ത നിക്ഷേപ മാര്‍ഗങ്ങളിലക്കുള്ള ഒരു വലിയ വാതായനമാണ്. ഇതിലൂടെ വിഭിന്നവും വ്യത്യസ്തവുമായ നിരവധി മാര്‍ഗങ്ങള്‍ പരീക്ഷിക്കാനുള്ള അവസരമാണ് നിക്ഷേപകന് ലഭിക്കുന്നത്. വാങ്ങാനും വില്‍ക്കാനും വളരെ എളുപ്പമാണ്. നടത്തുന്ന നിക്ഷേപത്തിന്റെ സ്റ്റേറ്റ്‌മെന്റ് കൃതമായി ലഭിക്കും.
വ്യത്യസ്ത നിക്ഷേപമാര്‍ഗങ്ങളെക്കുറിച്ച് കാര്യമായ അറിവില്ലാത്തവര്‍ക്ക് പോലും അനായാസം ഇതില്‍ നിക്ഷേപിക്കാം. സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായ ആളുകള്‍ക്ക് പോലും നിക്ഷേപിക്കാവുന്ന തരത്തിലാണ് ഇതിന്റെ ഘടന. ഓഹരി വിപണിയെക്കുറിച്ച് യാതൊന്നും അറിയാത്തവര്‍ക്ക് പോലും ഓഹരി വിപണിയുടെ നേട്ടം മ്യൂച്വല്‍ ഫണ്ടിലൂടെ കൈവരിക്കാന്‍ സാധിക്കും. അതേപോലെ കടപ്പത്രം, ഗവണ്‍മെന്റ് സെക്യൂരിറ്റീസ് തുടങ്ങിയവയെക്കുറിച്ച് ധാരണയില്ലാത്തവര്‍ക്കും അവയില്‍ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ അവസരമൊരുക്കും.
ലേഖകൻ പേഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധനാണ്