ADVERTISEMENT

സാമ്പത്തിക സാക്ഷരതാ കേന്ദ്രമല്ലേ? ഫോണിൽ മുതിർന്ന സ്‌ത്രീശബ്‌ദമാണ്. 

‘‘അതെ, പറഞ്ഞോളൂ.’’ ഞാൻ പ്രതികരിച്ചു.

“എന്റെ മോനെ ഒന്നുപദേശിക്കണം. കൊമ്പത്തെ ജോലിയൊക്കെയാ. കിട്ടീട്ട് നാളെത്രയായെന്നറിയാമോ? പറഞ്ഞിട്ടെന്താ? നയാപൈസേടെ സമ്പാദ്യമില്ല.’’ 

മകന്റെ ജീവിതം നേർവഴിക്കു കരുപ്പിടിപ്പിക്കുവാനുള്ള ഒരു അമ്മയുടെ തീവ്രശ്രമമാണ്. രണ്ടു നാൾക്കുശേഷം ധൃതിപ്പെട്ട് ഒരു യുവാവ് വന്നുകയറി. ആരെയും ആകർഷിക്കുന്ന രൂപഭംഗി. മുന്തിയ ബ്രാൻഡ് ഇനങ്ങളിൽ തീർത്ത വേഷഭൂഷാദികൾ! ഐടി വിദഗ്‌ധനാണെന്നും ടെക്‌നോപാർക്കിലാണ് ജോലിയെന്നും പറഞ്ഞ് പരിചയപ്പെടുത്തി.

‘‘അമ്മ പറഞ്ഞയച്ചതാ, സാറെല്ലാം പറഞ്ഞു തരുമെന്ന്. ഞാനൊന്നും സമ്പാദിക്കുന്നില്ലെന്നാ പരാതി. ദേഹത്തു കിടക്കുന്ന ഈ സകലമാന സാധനങ്ങളും ‘ഓൺലൈനി’ൽ വാങ്ങിയതാ. യാത്രാവേളകളിൽ ഓൺലൈൻ വഴി വൻ കിഴിവുകളോടെയുള്ള ഹോട്ടൽ താമസവും ഫ്ലൈറ്റ് ടിക്കറ്റും. ഈ ലാഭവും സമ്പാദ്യം തന്നെയല്ലേ സാറെ? അതൊന്നും അമ്മയ്‌ക്കറിയില്ല. സാറൊന്നു പറഞ്ഞുകൊടുക്കണം.”

“അപ്പാടെ ചെലവിടുന്ന ശീലം നിങ്ങളുടെ കൂടപ്പിറപ്പാണ്. അതു മാറ്റണം. സമ്പാദ്യശീലം വളർത്തണം. സാമ്പത്തിക ഭദ്രതയ്ക്ക് ശ്രമിക്കണം.’’ ഞാൻ പറഞ്ഞു തുടങ്ങി. 

യുവാവ് അപ്പോഴേ അസ്വസ്ഥനായി. ഒട്ടും താൽപര്യമില്ല. ഒഴിഞ്ഞുമാറാനാണു ശ്രമം.

‘‘ഒരു കുടുംബത്തിന് നേരിട്ട അനുഭവം ഷെയർ ചെയ്യുന്നതിൽ വിരോധമില്ലല്ലോ.’’ ഒന്നു മാറ്റിപ്പിടിക്കാൻ ഞാൻ തീരുമാനിച്ചു.

ആയിക്കോട്ടെ എന്ന നിസംഗഭാവം. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ കൂപ്പുകുത്തിയ കുടുംബം. മിന്നുമാല പോലും പണയമാണ്. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്നമട്ടിൽ ഭർത്താവ്. അങ്ങനെയൊരു അവസ്ഥയിലാണ് ആ വീട്ടമ്മ സാക്ഷരതാ കേന്ദ്രത്തിലെത്തിയത്. ഇവിടെനിന്നുള്ള ഉപദേശം സ്വീകരിച്ച് അതനുസരിച്ച് പണം കൈകാര്യം ചെയ്തു. ആവുന്നത്ര മിച്ചം പിടിച്ചു. പതിയെ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഒരു സാദാ വീട്ടമ്മയ്ക്ക് ഇത്രയും കഴിയുമെങ്കിൽ വലിയ വരുമാനം തേടുന്ന താങ്കളെ പോലുള്ളവർക്ക് കോടികൾ സമ്പാദിക്കാനാകില്ലേ?’’ 

അതോടെ അദ്ദേഹം പറയുന്നതു ശ്രദ്ധിക്കാൻ തുടങ്ങി. 

സാക്ഷരതാ കേന്ദ്രത്തിൽ എത്തുന്നവരുടെ അനുഭവങ്ങൾ വ്യത്യസ്തമാണ്. വായ്പ എടുത്ത് തിരിച്ചടവു മുടങ്ങിയവർ. വലിയ ആസ്തികൾ ഉണ്ടായിട്ടും ചെലവാക്കാ‍ൻ പണമില്ലാതെ വിഷമിക്കുന്നവർ, വരവും ചെലവും കൂട്ടിമുട്ടിക്കാനാകാത്തവർ. ഉദാഹരണങ്ങൾക്കൊപ്പം അവർക്കു നൽകിയ മാർഗനിർദേശങ്ങളും അതിലൂടെ അവർ നടത്തിയ തിരിച്ചുവരവുകളും വിശദീകരിച്ചതോടെ അയാൾ കൂടുതൽ കേൾക്കാൻ തയാറാകുകയും വേണ്ട ഉപദേശങ്ങൾ സ്വീകരിച്ച് വരവും ചെലവും ക്രമീകരിച്ച് നല്ലൊരു സാമ്പത്തിക ആസൂത്രണത്തിനു തയാറാകുകയും ചെയ്തു 

സാമ്പത്തിക  സാക്ഷരതാ കേന്ദ്രം  

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗനിർദേശപ്രകാരം കേരളത്തിലെ 144 ബ്ലോക്കുകളിലും സാമ്പത്തിക സാക്ഷരതാ കേന്ദ്രങ്ങൾ പ്രവർത്തിക്കേണ്ടതുണ്ട്. ഇവിടെ റിട്ടയർ ചെയ്ത ബാങ്ക് ഉദ്യോഗസ്ഥർ നിങ്ങൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ തരും. അതും തികച്ചും സൗജന്യമായി

സാമ്പത്തിക സാക്ഷരതാ കേന്ദ്രത്തിലെ മുൻ സാമ്പത്തിക ഉപദേശകനാണ് ലേഖകൻ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com