15 ലക്ഷം നിക്ഷേപിച്ചാൽ മാസം 15,000 രൂപ കിട്ടുന്ന പദ്ധതികളുണ്ടോ?

Mail This Article
ഞാന്‍ ജോലിയില്‍ നിന്നു വിരമിച്ചു. എന്റെ പിഎഫ് പെന്‍ഷന്‍ 5,000 രൂപയ്‌ക്ക് അടുത്ത് മാത്രമാണ്. അതിനാല്‍ 15 ലക്ഷം രൂപ നിക്ഷേപിച്ച് മാസം 15,000 രൂപയില്‍ കൂടുതല്‍ സ്ഥിര വരുമാനം നേടണം എന്നാണ് ആഗ്രഹം. ഒരു മികച്ച പദ്ധതി നിര്‍ദ്ദേശിക്കാമോ? കൊല്ലത്തു നിന്നു സിറിൾ ജോൺ എന്ന ആളുടെ സംശയമാണിത്. ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സതീഷ് മേനോൻ ആണ് ഉത്തരം നൽകുന്നത്.
സ്ഥിരവരുമാനം ലഭിക്കുന്നതിനായി 15 ലക്ഷം രൂപ നിക്ഷേപിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്. നിലവിലെ പെന്‍ഷനായ 5,000 രൂപയുടെ കൂടെ കുറഞ്ഞത് 15,000 രൂപ മാസവരുമാനമായും ആഗ്രഹിക്കുന്നു.
റിസ്ക് എടുക്കാം
ദീര്‍ഘകാല നിക്ഷേപത്തിനും വരുമാനം നേടുന്നതിനും 15 ലക്ഷം രൂപ എന്നത് വളരെ മികച്ച തുകയാണ്. അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ ദീര്‍ഘകാലയളവില്‍ ഉയര്‍ന്ന റിട്ടേണ്‍ നല്‍കാന്‍ മികച്ചത് ഓഹരികള്‍ ആണ്. എങ്കിലും ഹ്രസ്വകാലയളവില്‍ നഷ്ടസാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ റിസ്‌ക് എടുക്കാനുള്ള ശേഷി എത്രയാണെന്ന് കൃത്യമായി അറിയില്ലെങ്കിലും കുറച്ച് റിസ്‌ക് എടുക്കാന്‍ കഴിഞ്ഞേക്കുമെന്ന് കരുതുന്നു. അങ്ങനെയെങ്കില്‍ ഓഹരികളിലും ഡെറ്റിലും നിക്ഷേപമുള്ള ഹൈബ്രിഡ് ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. ഇതിലെ ഡെറ്റ് വിഭാഗം നിക്ഷേപത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുമ്പോള്‍ ഓഹരി വിഭാഗം ദീര്‍ഘകാലത്തില്‍ ഫണ്ടിന്റെ വളര്‍ച്ചയെ പിന്തുണയ്ക്കും. ഓരോ മാസവും 15,000 രൂപ വീതം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സിസ്റ്റ്‌മാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍ (SWP) വഴി ട്രാന്‍സ്‌ഫര്‍ ചെയ്യുന്നതിന് ഫണ്ട് ഹൗസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയും.
ഫണ്ടിന്റെ മുന്‍കാല പ്രകടനം അടിസ്ഥാനമാക്കി നിക്ഷേപം ഒരു വര്‍ഷം കുറഞ്ഞത് 15% വീതം വളരുകയാണെങ്കില്‍ ഓരോ മാസവും നിക്ഷേപത്തില്‍ നിന്ന് 15,000 രൂപ വീതം പിന്‍വലിക്കാന്‍ കഴിയും. ഓഹരി നിക്ഷേപത്തിന് അതിന്റേതായ റിസ്‌ക് ഉണ്ട്. നിക്ഷേപ മൂല്യം കുറയാനും സാധ്യതയുണ്ട്.
റിസ്‌ക് എടുക്കാൻ ശേഷി ഉണ്ടെങ്കില്‍ മാത്രം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുക. അതല്ലെങ്കില്‍ നഷ്ടസാധ്യത കുറഞ്ഞ ഡെറ്റ് അധിഷ്‌ഠിത നിക്ഷേപ മാർഗങ്ങള്‍, എഫ്‌ഡി, ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍, ബാങ്ക്/സര്‍ക്കാര്‍ സ്‌കീമുകളില്‍ നിക്ഷേപം നടത്താം. എന്നാല്‍ ഇത്തരം മാർഗങ്ങളില്‍ 15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസം തോറും 15,000 രൂപ നേടാന്‍ കഴിയണമെന്നില്ല.മറ്റ് നിക്ഷേപങ്ങള്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയും ഭാവിയില്‍ ലഭ്യമാകുന്ന അധിക ഫണ്ടുകളും കൂടി ഇതില്‍ നിക്ഷേപിക്കാം. ഫണ്ടുകളുടെ പ്രകടനം വര്‍ഷം 2-3 തവണയെങ്കിലും വിലയിരുത്തുക. ഏതെങ്കിലും ഫണ്ടിന്റെ പ്രകടനം പ്രതീക്ഷിച്ച രീതിയില്‍ അല്ലെങ്കില്‍ നിക്ഷേപം പുനക്രമീകരിക്കുന്ന കാര്യം പരിഗണിക്കണം.