Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോരാട്ടത്തിന് ഞങ്ങൾ റെഡി

എറൗണ്ട് ദ് ക്രീസ് – ഡിവില്ലിയേഴ്സ്
AB De Villiers

കഴിഞ്ഞ ശനിയാഴ്ച ഞങ്ങൾ ഡൽഹിയെ കീഴടക്കിയതിനെക്കുറിച്ച് ഇനിയുമിനിയും പറയാതെ വയ്യ! മൽസരദിവസം വൈകിട്ട് കോച്ച് ഡാനിയൽ വെട്ടോറി 2004 റെഡ് സോക്സ് എന്ന സിനിമയെക്കുറിച്ചു ഞങ്ങളോടു പറഞ്ഞ​ു. പ്രശസ്തമായ അമേരിക്കൻ ലീഗ് ചാംപ്യൻഷിപ്പിന്റെ 2004 സീസണിൽ ബോസ്റ്റൺ റെഡ് സോക്സ് ടീം 0–3നു പിന്നിൽനിന്ന ശേഷം പൊരുതി നേടിയ 4–3 വിജയത്തെക്കുറിച്ചായിരുന്നു ആ സിനിമ. ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്ന് ആ സിനിമ കാണണമെന്നായിരുന്നു ഡാനിയുടെ നിർദേശം.

ഒരേയൊരു വിജയം ! അതുവഴി പോരാട്ടവീര്യവും ആത്മവിശ്വാസവും മതിപ്പും തിരികെപ്പിടിക്കാൻ പറ്റുമെന്നു ബോധ്യമാക്കിത്തന്ന നിർദേശമായിരുന്നു അത്. ‍‍ഡൽഹിക്കെതിരെ ഞങ്ങൾക്കു ജയിക്കേണ്ടിയിരുന്നു. അല്ലാത്തപക്ഷം ഐപിഎല്ലിന്റെ തുടക്കത്തിൽ തന്നെ ആദ്യ അഞ്ചു കളിയിൽ നാലും തോറ്റ്, ക്രിക്കറ്റ് പണ്ഡിതരുടെ വിമർശനങ്ങൾ കേട്ട്, പോയിന്റ് പട്ടികയിൽ ഏറ്റവും അടിയിലേക്കു പിന്തള്ളപ്പെടുമായിരുന്നു ഞങ്ങൾ. ആ സിനിമ ഞങ്ങളെ വല്ലാതെ മാറ്റി. ആദ്യ 15 ഓവറിൽ ഡൽഹിയെ ഞങ്ങൾ പൂട്ടിയിട്ടു. പക്ഷേ, അവസാന അ‍ഞ്ച് ഓവറിൽ അവർ തകർത്തടിച്ചതോടെ വിജയലക്ഷ്യം 175 റൺസായി. ഈ കളിയും ഞങ്ങളുടെ കയ്യിൽനിന്നു വഴുതിപ്പോയെന്ന് ഇടവേളയിൽ സകലർക്കും തോന്നിയിട്ടുണ്ടാവും. പക്ഷേ, വിരാട് കോഹ്‌ലി ഞങ്ങളെ വിജയലക്ഷ്യത്തിലേക്കു ധീരമായി നയിച്ചു. രണ്ട് ഓവർ ബാക്കിനിൽക്കെ സ്വന്തം കാണികൾക്കു മുന്നിൽ ഉജ്വലമായൊരു വിജയം!

ഈ വിജയത്തോടെ എല്ലാം മറന്ന് ‘ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ഇതാ ഐപിഎൽ കിരീടം നേടാൻ കുതിപ്പു തുടങ്ങി’ എന്നൊന്നും പറയാൻ ഞാനൊരുക്കമല്ല. നാളെ ഇതേ ബെംഗളൂരുവിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള ഞങ്ങളുടെ മൽസരം കടുകട്ടിയായിരിക്കും, ഉറപ്പ്. പക്ഷേ, പൊരുതാൻ ഞങ്ങൾ റെഡിയാണ്!! 

related stories