Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നായകരുടെ പോരാട്ടം

പവർ പ്ലേ – ഹർഷ ഭോഗ്‌ല
Sunrisers-Hyderabad

ഇന്ന് രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടുന്ന ടീമുകളുടെ നായകരായ കെയ്ൻ വില്യംസണും ദിനേഷ് കാർത്തിക്കും ഐപിഎല്ലിൽ അവരുടെ പേര് പതിപ്പിച്ചു കഴിഞ്ഞു. രണ്ടുപേരിൽ ഒരാൾ മാത്രമേ ഫൈനലിൽ കളിക്കൂ. എങ്കിലും ടീമിനു വേണ്ടി ചെയ്ത കാര്യങ്ങളുടെ പേരിൽ രണ്ടു പേർക്കും അഭിമാനിക്കാം. 

ഡേവിഡ് വാർണറിനു വിട്ടുനിൽക്കേണ്ടി വന്നപ്പോൾ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിൽ വലിയൊരു വിടവ് എല്ലാവർക്കും തോന്നി. എന്നാൽ, വലിയ അവസരം ലഭിച്ചത് ശാന്തമായി, മികവോടെ കെയ്ൻ വില്യംസൺ ഏറ്റെടുത്തു. ആധുനിക ക്രിക്കറ്റിലെ മഹാരഥന്മാരിൽ ഒരാളായി നേരത്തെ തന്നെ വിലയിരുത്തപ്പെടുന്ന വില്യംസൺ ഐപിഎല്ലിൽ പൂർണമായി മുഴുകി. അതോടെ ക്യാപ്റ്റൻ ജോലിക്കു മിഴിവായി. സൺറൈസേഴ്സ് കളി കാണാൻ തോന്നുന്നുണ്ടെങ്കിൽ, വില്യംസണും അതിൽ നല്ല പങ്കുണ്ട്. 

വില്യംസണിന്റെ അതേ ഉയരത്തിലല്ല ദിനേഷ് കാർത്തിക് വിലയിരുത്തപ്പെടുന്നത്. എങ്കിലും വില്യംസണെപ്പോലെ മികവിന് ആഗ്രഹിക്കുന്ന, എന്നാൽ എളിമയോടെ ഇടപെടുന്ന താരമാണ് ദിനേഷ്. കൊൽക്കത്തയിൽ ദിനേഷിനിതു മികവിന്റെ വർഷം. വില്യംസണെപ്പോലെ മുന്നിൽനിന്നു നയിക്കാൻ ദിനേഷിനായി. പ്രതിസന്ധികളിൽ ടീമിന്റെ രക്ഷകനായി മാറി. വമ്പനടിക്കാരുടെ പെരുമയും ശരീര പ്രകൃതിയും ഇല്ലെങ്കിലും അവരെക്കാൾ ഫലപ്രദമായി ദിനേഷ് വിഷമസന്ധികൾ കൈകാര്യം ചെയ്തു. 

രണ്ടു കൂട്ടർക്കും മുന്നിൽ വെല്ലുവിളികളുണ്ടായിരുന്നു. വാർണറിനെ പൂർണമായും ഭുവനേശ്വറിനെ ഭാഗികമായും നഷ്ടമായ അവർക്കു വേണ്ടി നിർണായക സമയങ്ങളിൽ വിവിധ താരങ്ങൾ മികച്ച പ്രകടനം നടത്തി. പ്രധാന താരങ്ങളുടെ പരുക്ക് ആയിരുന്നു കൊൽക്കത്ത നേരിട്ട വെല്ലുവിളി. മിച്ചൽ സ്റ്റാർക്കിനെപ്പോലും അവർക്കു നഷ്ടമായി. ചിലപ്പോൾ പതറിയെങ്കിലും നിർണായക സമയങ്ങളിൽ അവർ വിജയം സ്വന്തമാക്കി. 

ഈ ഐപിഎൽ നല്ല നായകന്റെ പ്രധാന്യം വെളിവാക്കി. വില്യംസണും കാർത്തിക്കും അവരുടെ ടീമിനെപ്പോലെ തന്നെ മികച്ചുനിന്നു.

related stories