Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരിയിലകിക്കു പോലെ...; അപ്രതീക്ഷിത വഴികളിലൂടെ സ‍ഞ്ചരിച്ച റൊണാൾഡീഞ്ഞോയുടെ കരിയറും ജീവിതവും

ദാവൂദ്
Ronaldinho-goal-784

‘മെസ്സി എന്ന അത്ഭുത ബാലൻ ബാർസിലോന എന്ന സ്പാനിഷ് ക്ലബിൽ അവതരിച്ചിരിക്കുന്നു’– ഫുട്ബോൾ ലോകം പറഞ്ഞു തുടങ്ങിയ കാലം. നീളൻ മുടിയും കുട്ടിത്തമുള്ള മുഖവുമായി മെസ്സി ബാർസയുടെ ലാ മാസിയ അക്കാദമിയിൽ നിന്ന് സീനിയർ ടീമിലേക്കു ചുവടു വച്ചിട്ടേയുള്ളൂ. കോച്ച് പെപ് ഗ്വാർഡിയോള ഒരു ദിവസം മെസ്സിയെ വിളിച്ചു വരുത്തി ശാസനാ രൂപത്തിൽ പറഞ്ഞു: ‘നിനക്കു മുന്നിൽ രണ്ടു വഴികളാണുള്ളത്. ഒന്നുകിൽ ലോകോത്തര ഫുട്ബോളറാകാം. അല്ലെങ്കിൽ അവന്റെ കൂടെ നടന്ന് നശിക്കാം’.

ഗ്വാർഡിയോള വിശേഷിപ്പിച്ച ‘അവൻ’ മറ്റൊരു അന്നത്തെ ലോകതാരം– കാലിൽ നിന്നു പന്തു വിട്ടു പോവാൻ മടിക്കുന്ന, മുഖത്തു നിന്ന് ചിരി മായാത്ത ബ്രസീലിന്റെ ഇതിഹാസം താരം റൊണാൾഡീഞ്ഞോ. ബാർസിലോന നഗരത്തിന്റെ രാത്രി ജീവിതത്തിന്റെ ലഹരിയിലേക്ക് റൊണാൾഡീഞ്ഞോ മെസ്സിയെ കൂട്ടുപിടിക്കുന്നു എന്നായിരുന്നു പെപ്പിന്റെ പരാതി. മെസ്സിക്കു റൊണാൾഡീഞ്ഞോയെ വിടേണ്ടി വന്നില്ല. അപ്പോഴേക്കും തന്റെ ബൊഹീമിയൻ ജീവിതരീതികളുമായി റൊണാൾഡീഞ്ഞോ മിലാനിലേക്കു ചേക്കേറി...

----------------------

ഇതാ വരുന്നു എന്നൊരു പ്രഖ്യാപനം–ഫുട്ബോളിൽ എഴുതപ്പെട്ട മഹാത്ഭുതങ്ങൾക്കെല്ലാം അതുണ്ട്. മെക്സിക്കോ ലോകകപ്പിൽ ഡിയേഗോ മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ അതിലൊന്ന്. ആ ഗോളിനു ശേഷമാണല്ലോ നാല് ഇംഗ്ലീഷ് ഡിഫൻഡർമാരെയും ഗോളി പീറ്റർ ഷിൽട്ടനെയും വെട്ടിയൊഴിഞ്ഞ് മറഡോണ നൂറ്റാണ്ടിന്റെ ഗോൾ നേടുന്നത്. ചരിത്രം ആവർത്തിച്ചത് 2002 ലോകകപ്പിലാണ്. ഷിസുവോക്ക സ്റ്റേഡിയത്തിലെ ബ്രസീൽ–ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ മൽസരം. മൈക്കൽ ഓവന്റെ ഗോളിൽ മുന്നിലെത്തിയ ഇംഗ്ലണ്ടിനു ആദ്യ പകുതിയിലെ ഇൻജുറി ടൈമിൽ മുറിവേറ്റു.

സ്വന്തം പകുതിയിൽ നിന്നു കിട്ടിയ പന്തുമായി മുടിയുലച്ച് നൃത്തച്ചുവടുകളുമായി റൊണാൾഡീഞ്ഞോ ഇംഗ്ലീഷ് അതിർത്തി കടന്നു. തടയാനെത്തിയ ആഷ്‌ലി കോളിനെ പന്ത് കാലുകൾ പന്തിനു വട്ടം ചുറ്റി കബളിപ്പിച്ചു. പെനൽറ്റി ഏരിയക്കു മൂലയിൽ വച്ച് റിവാൾഡോയ്ക്കു പാസ്. ആ ഗോളിൽ ബ്രസീൽ ഒപ്പം. രണ്ടാം പകുതിയിൽ അതാ വരുന്നു മഹാത്‌ഭുതം. 40 വാര അകലെ നിന്ന് ഫ്രീകിക്കെടുക്കുമ്പോൾ റൊണാൾഡീഞ്ഞോ ഇംഗ്ലിഷ് ഗോൾ പോസ്റ്റിലേക്കൊന്നു പാളി നോക്കി. ഗോൾകീപ്പർ ഡേവി‍ഡ് സീമാൻ മുന്നോടു കയറി നിൽക്കുന്നു. ക്രോസ് ബാറിനു മുകളിലൂടെ പുറത്തു പോകുമെന്നു കരുതിയ പന്ത് കരിയില പോലെ ഗോളിലേക്കു താഴ്ന്നിറങ്ങി. ബ്രസീൽ ജയിച്ചു. റൊണാൾഡീഞ്ഞോ വരവറിയിച്ചു.

----------------------

അപ്രതീക്ഷിതമായി ഗോളിലേക്കു വീണ ആ കരിയില കിക്കിന്റെ ഗതി മാറൽ റൊണാൾഡീഞ്ഞോയുടെ ജീവിതത്തിനുമുണ്ട്.
പോർട്ടോ അലെഗ്രെയിലെ ഒരു ഫവേലയിൽ (ബ്രസീലിലെ നഗര ചേരികൾ) ജനനം. അച്ഛൻ ഗ്രെമിയോ ക്ലബിന്റെ ഒളിംപിക്കോ സ്റ്റേഡിയത്തിലെ സെക്യൂരിറ്റി ഗാർഡ്. മൂത്ത സഹോദരൻ റോബർട്ടോ അസ്സിസ് ഭാവിതാരമെന്നു വാഴ്ത്തപ്പെട്ടയാൾ. പ്രശസ്തിക്കു മുൻപുള്ള അനിവാര്യത പോലെ രണ്ടു ദുരന്തങ്ങളാണ് റൊണാൾഡീഞ്ഞോയുടെ ജീവിതത്തിലേക്ക് ആദ്യം വന്നത്. വീട്ടിലെ സ്വിമ്മിങ് പൂളിൽ നീന്തിക്കൊണ്ടിരിക്കെ അച്ഛൻ ജോവോ ഹൃദയാഘാതം വന്നു മരിച്ചു. കാൽമുട്ടു തകർത്ത ഒരു പരുക്കിൽ സഹോദരന്റെ കരിയർ തീർന്നു.

ronaldinho-sad-784

ഡച്ച് ഇതിഹാസ താരം യൊഹാൻ ക്രൈഫ് നേരിട്ട അതേ അവസ്ഥ. ഫുട്സാൽ കളിച്ചു നടന്ന റൊണാൾഡീഞ്ഞോ ആദ്യം അണ്ടർ–17 ലോകകപ്പ് നേടിയ ബ്രസീൽ ടീമിലെത്തി. അടുത്ത വർഷം ഗ്രെമിയോയുടെ സീനിയർ ടീമിലും. ചിരവൈരികളായ ഇന്റർനാസിയലുമായുള്ള ഡാർബി മൽസരങ്ങളിലാണ് ഗ്രെമിയോ റൊണാൾഡീഞ്ഞോയുടെ വിലയറിഞ്ഞത്. 1999 ജൂൺ 20നു നടന്ന അത്തരമൊരു ഡാർബി ശരിക്കും റൊണാൾഡീഞ്ഞോയുടെ പ്രതിഭ തെളിയിച്ചു. 1994ൽ ലോകകപ്പ് ജയിച്ച ബ്രസീൽ ടീം ക്യാപ്റ്റൻ ഡൂംഗയെ റൊണാൾഡീഞ്ഞോ രണ്ടു തവണ ഇളിഭ്യനാക്കി. ഒരു വട്ടം ഡൂംഗയുടെ തലയ്ക്കു മുകളിലൂടെ പന്ത് കോരിയിട്ടു. പിന്നെ വിഖ്യാതമായ ആ ‘കാൽമാറ്റം’ ടെക്നിക്കിലൂടെ ലോകോത്തര ഡിഫൻഡറെഅടി തെറ്റിച്ചു.

----------------------

റൊണാൾഡീഞ്ഞോ എന്ന ‘വണ്ടർ കിഡി’നെ അതോടെ യൂറോപ്യൻ ക്ലബുകൾ നോട്ടമിട്ടു തുടങ്ങി. ആർസനലാണ് ആദ്യം രംഗത്തെത്തിയത്. പിന്നെ ബാർസിലോനയും എസി മിലാനും. പക്ഷെ റൊണാൾഡീഞ്ഞോ എത്തിയത് പാരിസ് ക്ലബായ പിഎസ്ജിയിൽ. അതു ഗുണവും ദോഷവുമായി. നൈറ്റ് ലൈഫ് ആഘോഷങ്ങൾ റൊണാൾഡീഞ്ഞോ പാരിസിൽ രുചിച്ചു തുടങ്ങി. നന്നായി തുടങ്ങിയ കരിയർ വഴിമാറിത്തുടങ്ങി. അതിനിടയ്ക്ക് 2002 ലോകകപ്പ് നേട്ടവും. പ്രശസ്തിയിൽ അഭിരമിച്ചു തുടങ്ങിയതോടെ റൊണാൾഡീഞ്ഞോയെ ക്ലബിനു മടുത്തു തുടങ്ങി. അപ്പോഴും താൽപര്യം വിടാതിരുന്ന സ്പാനിഷ് ക്ലബ് ബാർസിലോന റൊണാൾഡീഞ്ഞോയെ വിലയ്ക്കു വാങ്ങി. യാദൃച്ഛികതയുണ്ട് അതിലും.

Ronaldinho-784

ഡേവിഡ് ബെക്കാമിനെ ടീമിലെടുക്കാനായിരുന്നു ബാർസയുടെ പദ്ധതി. എന്നാൽ അവസാന നിമിഷം ബെക്കാമിനെ റയൽ മഡ്രിഡ് റാഞ്ചി. റൊണാൾഡീഞ്ഞോ ബാർസയിലെത്തി. അത്യുജ്വലമായിരുന്നു ആദ്യ സീസണുകൾ. രണ്ടു വട്ടം ബാർസ സ്പാനിഷ് ലീഗ് കിരീടം ചൂടി. അതിന്റെ തുടർച്ചയായി 2006ലെ യുവേഫ ചാംപ്യൻസ് ലീഗും. ബ്രസീൽ ടീമിനെ 2005 കോൺഫെഡറേഷൻ കപ്പിലും കിരീടത്തിലെത്തിച്ചു. റൊണാൾഡീഞ്ഞോയുടെ കരിയറിന്റെ ഉന്നതിയായിരുന്നു അത്. രണ്ടു വട്ടം ലോക ഫുട്ബോളർ പുരസ്കാരവും റൊണാൾഡീഞ്ഞോയെ തേടിയെത്തി. സാന്തിയാഗോ ബെർണബ്യൂവിലെ ഒരു എൽ ക്ലാസിക്കോയിൽ റയലിനെതിരെ രണ്ടു ഗോൾ നേടിയ റൊണാൾഡീഞ്ഞോയെ ഒന്നിച്ചു എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് റയൽ ആരാധകർ ബഹുമാനിച്ചത്. മറഡോണയ്ക്കും ശേഷം അപൂർവമായ ആ സ്നേഹം കിട്ടുന്ന താരമായി റൊണാൾഡീഞ്ഞോ.

----------------------

2005ലെ ഒരു ലാലിഗ മൽസരത്തിലായിരുന്നു അത്. ചരിത്രത്തിന്റെ മറ്റൊരു മുന്നറിയിപ്പ്. റൊണാൾഡീഞ്ഞോയുടെ പാസിൽ
നിന്ന് ലയണൽ മെസ്സി എന്ന പതിനെട്ടുകാരൻ ബാർസയ്ക്കായുള്ള തന്റെ ആദ്യ ഗോൾ നേടി. ബാർസയിലെ ആദ്യ കാലങ്ങളിൽ മെസ്സിയുടെ വഴികാട്ടിയായിരുന്നു റൊണാൾഡീഞ്ഞോ. അതു പിന്നെ ദുസ്വാധീനമായി മാറി. ബാർസ ടീമിൽ മെസ്സി ഉദിച്ചുയരുന്നതിനനുസരിച്ച് റൊണാൾഡീഞ്ഞോ അസ്തമിച്ചു തുടങ്ങി. താരം ഇച്ഛിച്ചതും ക്ലബ് കൽപിച്ചതും എന്നതു പോലെ റൊണാൾഡീഞ്ഞോയെ ബാർസ എസി മിലാനു നൽകി. മിലാനിലും ആദ്യം നല്ല കാലം. ആ പ്രകടനത്തിന്റെ ബലത്തിൽ ബ്രസീൽ ദേശീയ ടീമിലും തിരികെയെത്തി. പക്ഷേ, 2010 ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ നിന്ന് ഡൂംഗ ഒഴിവാക്കിയതോടെ ഉയർന്നു പറന്ന കരിയില വീഴുന്ന പോലെ റൊണാൾഡീഞ്ഞോയുടെ കരിയർ താഴേക്കു സഞ്ചരിച്ചു തുടങ്ങി. പുതിയ കോച്ച് മാസ്സിമിലിയാനോ അല്ലെഗ്രിയുടെ അനിഷ്ടക്കാരനായതോടെ മിലാനും റൊണാൾഡീഞ്ഞോയ്ക്കു മടുത്തു. നാട്ടിലേക്കു മടങ്ങാനായി താൽപര്യം.

ബാല്യകാല ക്ലബായ ഗ്രെമിയോയും കൊറിന്ത്യൻസും വാഗ്ദാനവുമായെത്തിയെങ്കിലും റൊണാൾഡീഞ്ഞോ തിരഞ്ഞെടുത്തത് ഫ്ലെമിംഗോയെ. ബാർസിലോനയിലും മിലാനിലും മുപ്പതിനായിരത്തോളം ആരാധകർക്കു മുന്നിൽ അവതരിക്കപ്പെട്ട റൊണാൾഡീഞ്ഞോയെ തൃപ്തിപ്പെടുത്തുന്നതായില്ല ഫ്ലെമിംഗോ. അത്‌ലറ്റിക്കോ മിനെയ്റോയ്ക്കും ക്വെറെടാറോയ്ക്കും കളിച്ച റൊണാൾഡോ 2015ൽ ഫ്ലുമിനെൻസിലൂടെ ബ്രസീലിൽ തന്നെ തിരിച്ചെത്തി. ഒന്നര വർഷത്തേക്കായിരുന്നു കരാർ. പക്ഷേ, വെറും രണ്ടു മാസത്തിനുള്ളിൽ ഒൻപതു കളി മാത്രം കളിച്ച് റൊണാൾഡീഞ്ഞോ ക്ലബിനോടു വിട പറഞ്ഞു. രണ്ടു വർഷത്തിനു ശേഷം ഇപ്പോഴിതാ ഫുട്ബോളിൽ നിന്നു തന്നെയും. 2018 റഷ്യൻ ലോകകപ്പിനു ശേഷം റൊണാൾ‍ഡീഞ്ഞോയുടെ ബഹുമാനാർഥം ഫെയർവെൽ മൽസരങ്ങൾ സംഘടിപ്പിക്കുമെന്നു സഹോദരൻ പറഞ്ഞതിനാൽ ഇനിയും റൊണാൾഡീഞ്ഞോയെ മൈതാനത്ത് കാണാനായേക്കും.

----------------------

പലപ്പോഴും ഗതി മാറിപ്പോയെങ്കിലും റൊണാൾഡീഞ്ഞോയുടെ കരിയർ അപൂർണമായിരുന്നോ..എങ്ങനെ പറയും? ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുമില്ലാത്ത ലോക ഫുട്ബോളിലെ പല നേട്ടങ്ങളും റൊണാൾഡീഞ്ഞോയ്ക്കുണ്ട്. രാജ്യാന്തര ഫുട്ബോളിൽ ലോകകപ്പ്, കോപ്പ അമേരിക്ക, കോൺഫെഡറേഷൻ കപ്പ്...ക്ലബ് ഫുട്ബോളിൽ യുവേഫ ചാംപ്യൻസ് ലീഗ്, സ്പാനിഷ് ലീഗ്, സീരി എ, കോപ്പ ലിബർട്ടഡോറസ്..വ്യക്തിപരമായി ഫിഫ ലോകതാരം (രണ്ടു തവണ), ബാലൺ ഡി ഓർ..പോര എന്നു തോന്നുന്നത് നമ്മുടെ കണ്ണുകൾക്കാണ്. ഇത്ര മനോഹരമായി ഫുട്ബോൾ കളിച്ച ആരുണ്ട് കഴിഞ്ഞ ദശാബ്ദത്തിൽ..ബാർസിലോന മുൻ ഫോർവേഡ് ഗുഡ്ജോൺസൺ പറഞ്ഞ പോലെ പന്തിനെ സംസാരിപ്പിച്ച കളിക്കാരനാണ് റൊണാൾഡീഞ്ഞോ ഗൗച്ചോ...