Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിശീലകനാകാനുള്ള അപേക്ഷ രണ്ടു വരിയിൽ; ബിസിസിഐയെ ‘ഞെട്ടിച്ച്’ സെവാഗ്

Cricketer-Virender-Sehwag

ന്യൂഡൽഹി∙ ക്രിക്കറ്റിലെ ചിട്ടവട്ടങ്ങളെ ബൗണ്ടറിക്കു പുറത്തേക്കു പറത്തിയാണു വിരേന്ദർ സേവാഗിനു ശീലം. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാനുള്ള അപേക്ഷയിലും സേവാഗ് ആ ശീലം കൈവിട്ടില്ല. രണ്ടു വരി മാത്രമുള്ള അപേക്ഷ അയച്ചാണു ബിസിസിഐയെ സേവാഗ് ഞെട്ടിച്ചത്.

പരിശീലക സ്ഥാനം ഏറ്റെടുക്കാൻ താൽപര്യമുള്ളവർ സ്വന്തം മഹത്വം വിവരിച്ച് അയയ്ക്കുന്ന നീളൻ അപേക്ഷകൾ മാത്രം കണ്ടു ശീലിച്ച ബിസിസിഐ സേവാഗിന്റെ രണ്ടുവരി കുറിപ്പു കണ്ടു ഞെട്ടി. ‘പഞ്ചാബ് കിങ്സ് ടീമിന്റെ മാർഗദർശിയും പരിശീലകനും; ഈ കുട്ടികളുമൊത്തു (ഇന്ത്യൻ ടീം താരങ്ങൾ) മുൻപു കളിച്ചിട്ടുമുണ്ട്’ – ഇതായിരുന്നു സേവാഗിന്റെ അപേക്ഷയിലെ വരികൾ.

വിശദമായി വീണ്ടും അയയ്ക്കാൻ ആവശ്യപ്പെട്ട ബിസിസിഐ സേവാഗിന്റെ രണ്ടു വരി അപേക്ഷ മടക്കിയയച്ചു. ക്രിക്കറ്റിൽ നിന്നു വിരമിച്ച ശേഷം ട്വിറ്ററിൽ ഉശിരൻ പോസ്റ്റുകളുമായി നിറയുന്ന സേവാഗ്, അതേ മാതൃകയിൽ ട്വിറ്റർ സന്ദേശം പോലെയാണ് അപേക്ഷ അയച്ചതെന്ന് ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു. അപേക്ഷകൾ അയച്ചു മുൻപരിചയമില്ലാത്തതിനാൽ പറ്റിയ അബദ്ധമാവാമെന്നാണു ബിസിസിഐ വിലയിരുത്തൽ.

സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ എന്നിവരുൾപ്പെട്ട ഉപദേശക സമിതി പരിശീലകനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ഇവർ വരുംദിവസങ്ങളിൽ സേവാഗുമായി സ്കൈപ്പ് വഴി അഭിമുഖം നടത്തും.

സേവാഗിനു പുറമെ, മുൻ ഓസ്ട്രേലിയൻ താരം ടോം മൂഡി, മുൻ പാക്ക് ടീം കോച്ച് ഇംഗ്ലണ്ടുകാരനായ റിച്ചാർഡ് പൈബസ്, മുൻ ഇന്ത്യൻ ഫാസ്റ്റ് ബോളർ ഡോഡ ഗണേഷ്, മുൻ ഇന്ത്യ എ ടീം കോച്ച് ലാൽചന്ദ് രജ്പുത്ത് എന്നിവരും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മുൻ ഓസ്ട്രേലിയൻ ഫാസ്റ്റ് ബോളർ ക്രെയ്ഗ് മക്ഡർമോട്ട് അപേക്ഷ സമർപ്പിച്ചെങ്കിലും സമയപരിധി കഴിഞ്ഞതിനാൽ അദ്ദേഹത്തെ പരിഗണിക്കില്ലെന്നു ബിസിസിഐ വ്യക്തമാക്കി.

പുതിയ പരിശീലകനെ നിയമിക്കാനുള്ള നടപടികൾ ഒരുവശത്ത് പുരോഗമിക്കുമ്പോഴും നിലവിലെ പരിശീലകൻ അനിൽ കുംബ്ലെയും നായകൻ വിരാട് കോഹ്‌ലിയും തമ്മിലുള്ള പോര് രമ്യമായി പരിഹരിക്കാനുള്ള വഴികളും വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ബിസിസിഐ ഇടക്കാല ഭരണസമിതി തേടുന്നുണ്ട്.

related stories