Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‌ലിയുമായി ആലോചിച്ച ശേഷം പ്രഖ്യാപനം; കോച്ച് ആരെന്നു ക്യാപ്റ്റൻ പറയും!

Virat Kohli

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനെ പ്രഖ്യാപിക്കാനുള്ള തീരുമാനം ഗൂഗ്ലിയായി കുത്തിത്തിരിഞ്ഞു! ഇന്നലെ വൈകിട്ടു പരിശീലകൻ ആരെന്നു പ്രഖ്യാപിക്കുമെന്നു പറഞ്ഞ ക്രിക്കറ്റ് ഉപദേശകസമിതിയംഗം സൗരവ് ഗാംഗുലി പിന്നീടു വാക്കു മാറ്റി. നടപടികൾ പൂർത്തിയായി. കോച്ചിനെ തീരുമാനിക്കുന്നതു ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും മറ്റുമായി ആലോചിച്ച ശേഷം പിന്നീട്!

വാങ്കഡെ സ്റ്റേഡിയത്തിലെ ക്രിക്കറ്റ് സെന്ററിൽ രവി ശാസ്ത്രി, വീരേന്ദർ സേവാഗ്, ലാൽചന്ദ് രജ്പുത്, റിച്ചാർഡ് പൈബസ് എന്നിവരുമായിട്ടായിരുന്നു അഭിമുഖം. ഫിൽ സിമ്മൺസ് പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.

‘ധൃതിയിൽ പരിശീലകനെ പ്രഖ്യാപിക്കേണ്ട കാര്യമില്ല. ശ്രീലങ്ക പര്യടനത്തിന് ഇനിയും ദിവസങ്ങളുണ്ട്. അടുത്ത ലോകകപ്പ് (2019) മനസ്സിൽ കണ്ടാണു പരിശീലകനെ പ്രഖ്യാപിക്കുക. കോച്ച്, ക്യാപ്റ്റൻ, ടീമംഗങ്ങൾ എന്നിവർ ചേർന്നാണ് ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടു നയിക്കേണ്ടത്. ആശയക്കുഴപ്പമോ അഭിപ്രായവ്യത്യാസമോ ഇല്ലാതെ തീരുമാനമെടുക്കാൻ കഴിയണം. ക്രിക്കറ്റ് ഉപദേശകസമിതിയുടെ റോൾ ഇവിടെ തീരുന്നു. ഇനി ബോർഡും കോഹ്‌ലിയുമായുള്ള ചർച്ചയ്ക്കു ശേഷം പ്രഖ്യാപനമുണ്ടാകും – മാധ്യമങ്ങളോടു സൗരവ് ഗാംഗുലി പറഞ്ഞു. 

‘കോഹ്‌ലിയോട് അഭിപ്രായം ചോദിക്കില്ല’

ന്യൂഡൽഹി ∙ പുതിയ പരിശീലകന്റെ കാര്യത്തിൽക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ അഭിപ്രായം ചോദിക്കില്ലെന്നും  ക്രിക്കറ്റ് ഉപദേശക സമിതിയുടെ തീരുമാനം അറിയിക്കുക മാത്രമേയുള്ളൂവെന്നും ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കോഹ്‌ലിയുമായി സംസാരിച്ച ശേഷം പ്രഖ്യാപനം എന്നു സൗരവ് ഗാംഗുലി മാധ്യമങ്ങളോടു പറ‍ഞ്ഞെങ്കിലും, അത് അഭിപ്രായം ചോദിക്കലല്ല.

പരിശീലകനായി തീരുമാനിച്ച വ്യക്തിയെ തിരഞ്ഞെടുക്കാനുള്ള കാര്യകാരണങ്ങൾ ഉപദേശക സമിതി കോഹ്‌ലിയുമായി സംസാരിക്കുകയാണു ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു. 

ഇന്നലെ സംഭവിച്ചത്

ഉച്ചകഴിഞ്ഞ് 12.57: ക്രിക്കറ്റ് ഉപദേശക സമിതിയംഗം വി.വി.എസ്. ലക്ഷ്മൺ അഭിമുഖത്തിന് എത്തുന്നു.

1.00: സൗരവ് ഗാംഗുലിയും എത്തി. ലണ്ടനിലുള്ള സച്ചിൻ തെൻഡുൽക്കർ സ്കൈപ്പിൽ അഭിമുഖത്തിൽ പങ്കുചേരുമെന്ന് അറിയിപ്പ്. 

‌1.20: പരിശീലകന്റെ കാര്യത്തിൽ തീരുമാനം പൂർണമായും ക്രിക്കറ്റ് ഉപദേശക സമിതിയുടേത്. വൈകിട്ടോടെ പ്രഖ്യാപനമുണ്ടാകുമെന്ന് ബിസിസിഐ ആക്ടിങ് പ്രസിഡന്റ് സി.കെ. ഖന്ന.

1.35: അഭിമുഖത്തിൽ പങ്കെടുക്കാൻ വീരേന്ദർ സേവാഗ് എത്തുന്നു. 

2.35: രവി ശാസ്ത്രി നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിപ്പ്. വിഡിയോ കോ‍ൺഫറൻസിങ്ങിൽ ശാസ്ത്രിയുമായി ക്രിക്കറ്റ് ഉപദേശകസമിതി സംസാരിക്കും. 

വൈകിട്ട് 3.20: സേവാഗ് മടങ്ങി. സേവാഗുമായി രണ്ടു മണിക്കൂറോളം ഉപദേശക സമിതി സംസാരിച്ചെന്നു സൂചന.

4.55: ശാസ്ത്രി, സേവാഗ്, പൈബസ്, രജ്പുത്, മൂഡി എന്നിവരുമായുള്ള അഭിമുഖം പൂർത്തിയായെന്ന് അറിയിപ്പ്. 

5.45: മാധ്യമ സമ്മേളനം: പരിശീലകനെ ഇന്നു പ്രഖ്യാപിക്കുന്നില്ല. തീരുമാനം പിന്നീടെന്നു സൗരവ് ഗാംഗുലി. 

related stories