Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനറൽ ബോഡി: ശ്രീനിവാസന് സുപ്രീം കോടതി വിലക്ക്

N Srinivasan

ന്യൂഡൽഹി∙ ബിസിസിഐ പ്രത്യേക ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കുന്നതിൽനിന്നു മുൻ പ്രസിഡന്റ് എൻ. ശ്രീനിവാസൻ, മുൻ സെക്രട്ടറി നിരഞ്ജൻ ഷാ എന്നിവർക്കു സുപ്രീം കോടതി വിലക്കേർപ്പെടുത്തി. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ മാത്രമേ നാളെ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ പാടുള്ളൂവെന്നു ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കഴിഞ്ഞമാസം ചേർന്ന ബിസിസിഐ പ്രത്യേക യോഗത്തിൽ ശ്രീനിവാസനും ഷായും പങ്കെടുത്തതിനെ വിമർശിച്ചു വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതി സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ശ്രീനിവാസൻ ഉൾപ്പെട്ട അയോഗ്യരായ ഭാരവാഹികളാണു ലോധ സമിതി ശുപാർശകൾ നടപ്പാക്കുന്നതിനു തടസ്സം നിൽക്കുന്നതെന്നായിരുന്നു റിപ്പോർട്ടിലെ വാദം.

തമിഴ്നാട്, സൗരാഷ്ട്ര അസോസിയേഷനുകളുടെ പ്രതിനിധികളെന്ന നിലയിലാണു ശ്രീനിവാസനും ഷായും യോഗത്തിൽ പങ്കെടുത്തത്. തങ്ങൾ അയോഗ്യരാക്കിയവർ സംസ്ഥാന പ്രതിനിധികളെന്നപേരിൽ യോഗങ്ങളിൽ പങ്കെടുക്കുന്നതിനെ സുപ്രീം കോടതി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു യോഗങ്ങളിൽ ഇരുവർക്കും വിലക്കേർപ്പെടുത്തിയുള്ള ഉത്തരവ്. 

ലോധ ശുപാർശകളിൽ തർക്കവിഷയങ്ങളൊഴികെയുള്ളവ സംസ്ഥാന അസോസിയേഷനുകൾ നടപ്പാക്കണമെന്നു ജസ്റ്റിസുമാരായ എ.എം.ഖൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ട ബെഞ്ച് നിർദേശിച്ചു. ലോധ ശുപാർശകൾ സംബന്ധിച്ച തുടർവാദങ്ങൾ ഓഗസ്റ്റ് 18നു കോടതി കേൾക്കും.