Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പരിശീലന ശാസ്ത്രം’ തിരുത്തി രവി ശാസ്ത്രി; ആദ്യ ടെസ്റ്റിൽ വിജയം കണ്ട ‘ഐഡിയ’

virat-kohli പരിശീലനത്തിനിടെ വിരാട് കോഹ്‌ലി.

കൊളംബോ ∙ പരിശീലന രീതികളിൽ പൊളിച്ചെഴുത്തു നടത്തി രവി ശാസ്ത്രി. ഗോളിൽ ശ്രീലങ്കയ്ക്കെതിരെയുള്ള ആദ്യടെസ്റ്റിൽ ഇന്ത്യയുടെ ബാറ്റിങ് പ്രകടനം മെച്ചപ്പെടാൻ ശാസ്ത്രിയുടെ ഇടപെടൽ സഹായിച്ചെന്നാണു വിലയിരുത്തൽ. 

ബാറ്റ്സ്മാന്മാരുടെ വാം അപ് രീതികളിലാണു ശാസ്ത്രി ആദ്യമാറ്റം കൊണ്ടുവന്നത്. ഗോൾ ടെസ്റ്റിൽ മറ്റ് ടീമംഗങ്ങൾ എത്തും മുൻപേ ഓപ്പണർമാരായ ശിഖർ ധവാനും അഭിനവ് മുകുന്ദും പ്രാക്ടീസ് തുടങ്ങിയിരുന്നു. ഇന്ത്യ ആദ്യം ബാറ്റു ചെയ്യുകയാണെങ്കിൽ വാം അപ് ചെയ്ത് തയാറായി നിൽക്കാൻ വേണ്ടിയായിരുന്നു ധവാനെയും മുകുന്ദിനെയും കോച്ച് നേരത്തെ അയച്ചത്.

ടോസ് നേടിയ കോഹ്‌ലി ബാറ്റിങ് തിരഞ്ഞെടുത്തതോടെ വാം അപ് ചെയ്തു നിന്ന ധവാനു ഫോമിലാകാനും സാധിച്ചു. 168 പന്തിൽ 190 റൺസുമായി ആദ്യ ഇന്നിങ്സിന്റെ നെടുംതൂണായി മാറാൻ ധവാനു കഴിഞ്ഞു.

ഓപ്പണർ‌മാർ കളത്തിൽ ഇറങ്ങിയപ്പോഴേയ്ക്കും അടുത്ത ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര വാം അപ് പൂർത്തിയാക്കിയിരുന്നു. അപ്പോഴേയ്ക്കും കോഹ്‌ലി പരിശീലനം തുടങ്ങുകയും ചെയ്തു. 

മണിക്കൂറുകൾ നീണ്ടേക്കാവുന്ന ടെസ്റ്റ് ഇന്നിങ്സുകൾ തുടക്കം മുതൽ നന്നായി കളിക്കാൻ ബാറ്റ്സ്മാന്മാരെ തയാറാക്കുന്ന വിധത്തിലുള്ള മാറ്റമായാണ് ഇതു വിലയിരുത്തപ്പെടുന്നത്. ശാസ്ത്രിയുടെ പുതിയ രീതികളോടു ടീം ക്യാംപിനും അനുകൂല നിലപാടാണ്.

അനിൽ കുംബ്ലെയുടെ കീഴിൽ ഇന്ത്യനേടിയ ടെസ്റ്റിലെ ഒന്നാം റാങ്ക് നിലനിർത്തണമെന്ന സന്ദേശമാണു പരിശീലകനായി ചുമതലയേറ്റശേഷം ടീമുമായുള്ള ആദ്യകൂടിക്കാഴ്ചയിൽ തന്നെ ശാസ്ത്രി നൽകിയത്. ക്രിക്കറ്റ് ടെൻഷനടിച്ചു കളിക്കരുതെന്നും ഓരോ ഘട്ടത്തിലും കളി ആസ്വദിക്കണമെന്നുമുള്ള നിലപാടുകാരനാണു ശാസ്ത്രി. 

പരുക്കുമൂലം ടീമിൽനിന്നു പുറത്താകുന്ന കളിക്കാരനു ഫിറ്റ്നസ് വീണ്ടെടുത്താൽ തൽസ്ഥാനം തിരിച്ചുനൽകുന്ന പതിവ് കുറേനാളായി ഇന്ത്യൻ ടീം പിന്തുടരുന്നുണ്ട്. ഇതും ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.

ഫെബ്രുവരിയിൽ ബംഗ്ലദേശിനെ നേരിടാനൊരുങ്ങുമ്പോൾ, അതുവരെ പരുക്കുമൂലം പുറത്തായിരു‍ന്ന അജിങ്ക്യ രഹാനെയ്ക്കു തന്റെ സ്ഥാനത്തെക്കുറിച്ചു ധാരണയില്ലായിരുന്നു. എന്നാൽ, രഹാനെ തിരിച്ചെത്തുന്ന കാര്യം മൽസരത്തലേന്നു ക്യാപ്റ്റൻ കോഹ്‌ലി പ്രഖ്യാപിക്കുകയായിരുന്നു. 

ട്രിപ്പിൾ സെഞ്ചുറി നേടിയ കരുൺ നായരെ മാറ്റിനിർത്തി രഹാനെയ്ക്ക് ടീമിലെ സ്ഥാനം തിരിച്ചു നൽകിയ മാതൃക പരക്കെ അംഗീകരിക്കപ്പെടുകയും ചെയ്തു. പരുക്കു ഭേദമാക്കിയ കെ.എൽ.രാഹുൽ ടീമിൽ തിരിച്ചെത്തിയതും ഇങ്ങനെയാണ്. കൊളംബോയിൽ നാളെ ആരംഭിക്കുന്ന ടെസ്റ്റിൽ രാഹുൽ കളിച്ചേക്കുമെന്നാണു സൂചനകൾ. 

ചണ്ഡിമൽ, തിരിമന്നെ ലങ്കൻ ടീമിൽ 

കൊളംബോ ∙ ഇന്ത്യയ്ക്കെതിരെ രണ്ടാം ടെസ്റ്റിനുള്ള ടീമിലേക്ക് ശ്രീലങ്ക ദിനേഷ് ചണ്ഡിമൽ, ലഹിരു തിരിമന്നെ എന്നിവരെ തിരിച്ചു വിളിച്ചു. ന്യൂമോണിയ ബാധിച്ചതു മൂലമാണ് ക്യാപ്റ്റൻ ചണ്ഡിമലിന് ആദ്യ ടെസ്റ്റ് നഷ്ടമായത്. പരുക്കേറ്റ അസേല ഗുണരത്നെയ്ക്കു പകരക്കാരനായാണ് തിരിമന്നെ ടീമിലെത്തിയത്.