Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാം ഇന്നിങ്സിന് ശ്രീ; ബിസിസിഐ നെല്ലും പതിരും തിരിച്ചറിയണമെന്ന് ഹൈക്കോടതി

sreesanth

കൊച്ചി ∙ മാന്യന്മാരുടെ കളിയായ ക്രിക്കറ്റിനെ ചുറ്റിപ്പറ്റിയുള്ള വാതുവയ്പ്, ഒത്തുകളി മാഫിയകളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിൽ ബിസിസിഐ നെല്ലും പതിരും വേർതിരിച്ചറിയണമെന്നു ഹൈക്കോടതി. കളിയുടെ സംശുദ്ധിയും വിശ്വാസ്യതയും സംരക്ഷിക്കുന്നതിനൊപ്പം കളിക്കാരുടെ താൽപര്യം സംരക്ഷിക്കാൻ ബിസിസിഐയ്ക്കു ബാധ്യതയുണ്ടെന്നു കോടതി പറഞ്ഞു. കളിയിൽ ശ്രീശാന്തിന്റെ വിലക്ക് നീക്കിയ വിധിയിലാണു പരാമർശം. 

ഐപിഎൽ കളിയിൽ 10 ലക്ഷം രൂപ കോഴയ്ക്ക് ഓരോവറിൽ 14 റൺസ് വഴങ്ങാമെന്നു ശ്രീശാന്ത് സമ്മതിച്ചുവെന്നും ഒത്തുകളിക്കു തെളിവായി പോക്കറ്റിൽ ടവൽ തിരുകിയെന്നുമാണു പൊലീസിന്റെ ആരോപണം. ജിജു ജനാർദനനും ചന്ദ്രേഷ് ചന്ദുഭായ് പട്ടേലും തമ്മിലുള്ള സംഭാഷണത്തിൽ ഒത്തുകളിയെക്കുറിച്ച് എന്തെങ്കിലും പറ‍ഞ്ഞിട്ടില്ല. ചെറിയ ഇടവേളയ്ക്കു ശേഷം വന്നതിനാൽ ശ്രീശാന്ത് അത്തരം സാഹസത്തിനു മുതിരാൻ ഇടയില്ലെന്നു ജിജു പറയുന്നുണ്ട്. ആ ഓവറിൽ 13 റൺസ് ആണു വഴങ്ങിയത്. ഇടപാടു പൂർത്തിയായില്ലെങ്കിൽ വാതുവയ്പുകാർ പണം തിരികെ ചോദിക്കാനിടയുണ്ട്. പാട്യാല ഹൗസ് കോടതി ഈ നിഗമനത്തിലെത്തിയിട്ടുള്ളതു കോടതി ചൂണ്ടിക്കാട്ടി. 

ശ്രീശാന്തിന്റെ അടുത്ത സുഹൃത്തായ ജിജു ജനാർദനനു പങ്കുണ്ടാകാം. സൗഹൃദം മുതലെടുക്കാൻ ജിജു ജനാർദനൻ ശ്രമിച്ചുവെന്നും ശ്രീശാന്ത് വഴങ്ങാത്തതിനാൽ നടന്നില്ലെന്നുമാണു പരമാവധി പറയാനാകുക. വിവാദത്തിലേക്കു തന്റെ പേര് വലിച്ചിഴച്ചതു ജിജുവാണെന്ന് അറിഞ്ഞിട്ടും പൊതുജനമധ്യേ ശ്രീശാന്ത് തള്ളിപ്പറയാത്തതു വീഴ്ചയാണെന്നു കോടതി ചൂണ്ടിക്കാട്ടി. 

ഒത്തുകളി വിവാദം സ്പോർടിന്റെ ധാർമികതയെയും ക്രിക്കറ്റ് ആരാധകരുടെ വിശ്വാസത്തെയും സാരമായി ബാധിച്ചിരുന്നു. തൽസമയ കളി സംപ്രേഷണം തുടങ്ങിയതോടെ ക്രിക്കറ്റ് പണം വാരുന്ന കളിയും ലോകത്തെ ഏറ്റവും വലിയ കായിക വ്യവസായവുമായി മാറി. പൊതുജനത്തിനു വലിയ താൽപര്യമുള്ള കളിയുടെ സുതാര്യതയും വിശ്വാസ്യതയും സംരക്ഷിക്കാനും അഴിമതി ഇല്ലാതാക്കാനുമുള്ള ബിസിസിഐയുടെ ശ്രമം പൊതുതാൽപര്യത്തിലായതിനാൽ അതിൽ ശരിതെറ്റുണ്ടോ എന്നു കോടതിക്കു പരിശോധിക്കാൻ സാധ്യമാണെന്ന് ഉത്തരവിൽ വ്യക്തമാക്കി.

കോടതിയുടെ നിഗമനങ്ങൾ: 

∙ ബിസിസിഐയുടെ അഴിമതിവിരുദ്ധ പെരുമാറ്റച്ചട്ടം ശ്രീശാന്ത് ലംഘിച്ചതിനു തെളിവില്ല. ആരോപിക്കപ്പെടുന്ന വാതുവയ്പ് ഇടപാടിന് അനുസൃതമായി ശ്രീശാന്ത് റൺ‍സ് വഴങ്ങിയിട്ടില്ല. ഡീൽ നടന്നില്ല എന്നറിയുമ്പോൾ തന്നെ തെളിവു പരിശോധിക്കുന്നതിൽ ജാഗ്രത വേണമായിരുന്നു. സാഹചര്യ തെളിവു മാത്രമുള്ളപ്പോൾ അതു സമഗ്രമായി വിലയിരുത്തണം.

∙ ബിസിസിഐ ആശ്രയിച്ചത് പൊലീസ് ശേഖരിച്ച രണ്ടു സെറ്റ് തെളിവുകൾ – ശ്രീശാന്തിന്റെ സുഹൃത്ത് ജിജു ജനാർദനനും ചന്ദ്രേഷ് ചന്ദുഭായ് പട്ടേലും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയും പൊലീസ് മുൻപാകെ ശ്രീശാന്ത് നൽകിയ കുറ്റസമ്മത മൊഴിയും. ജിജു ജനാർദനനും ചന്ദ്രേഷ് പട്ടേലും തമ്മിലുള്ള സംഭാഷണത്തിൽ, ശ്രീശാന്തിന് ഒത്തുകളിയിലോ വാതുവയ്പിലോ നേരിട്ടു പങ്കാളിത്തം തെളിയുന്നില്ല. സംഭാഷണം ശ്രീശാന്തിനെതിരെ ഉപയോഗിക്കുകയാണു ബിസിസിഐ ചെയ്തത്. അച്ചടക്ക സമിതി സ്വന്തം താൽപര്യത്തിനനുസരിച്ച് സംഭാഷണം ഉപയോഗിച്ചപ്പോൾ സത്യം പുറത്തുവരാതെ പോയി.  

∙ കുറ്റസമ്മത മൊഴി കസ്റ്റഡിയിൽ വച്ച് ഉപദ്രവിച്ച് പറയിച്ചതാണെന്നു ശ്രീശാന്ത് പറയുന്നു. പൊലീസിൽ നൽകുന്ന കുറ്റസമ്മത മൊഴി നീതിന്യായ കോടതികൾ സ്വീകരിക്കാറില്ല. കുറ്റം സമ്മതിച്ചതു സ്വമേധയാ ആണെന്നു തെളിയിക്കാൻ ബിസിസിഐയ്ക്കു കഴിയാത്ത നിലയ്ക്ക് അച്ചടക്ക സമിതിയുടെ നടപടികളിലും അത് അംഗീകരിക്കാനാവില്ല. 

∙ അച്ചടക്ക നടപടിക്കു മുൻപ് റിട്ട. ഐപിഎസ് ഉദ്യോഗസ്ഥൻ ആർ.എൻ. സവാനിയുടെ അന്വേഷണ റിപ്പോർട്ട് സമിതിക്കു നൽകിയിരുന്നു. കുറ്റം തെളിയിക്കാൻ മതിയായ തെളിവുണ്ടെന്നാണു റിപ്പോർട്ടിൽ. എന്നാൽ കസ്റ്റഡിയിലായിരുന്ന ശ്രീശാന്തിനെ എൻക്വയറി ഓഫിസർക്കു കാണാൻ പോലുമായില്ലെന്ന് ആക്ഷേപമുണ്ട്.

കേരള ടീം ആദ്യ ലക്ഷ്യം: ശ്രീശാന്ത് 

കൊച്ചി∙ കെസിഎയും ബിസിസിഐയുമെല്ലാം പിന്തുണച്ചാൽ രാജ്യാന്തര ക്രിക്കറ്റിലേക്കു മടങ്ങിയെത്താമെന്ന ഉറച്ച ആത്മവിശ്വാസമുണ്ടെന്നു ശ്രീശാന്ത്. എത്രയും വേഗം കേരള ക്രിക്കറ്റ് ടീമിലെത്തുക എന്നതാണു ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഈ വിധിയിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ട്. ഏറെനാളായി ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. ‍

ഇനി എല്ലാം ആദ്യംമുതൽ തുടങ്ങണം. ക്ലബ് തലത്തിലും സംസ്ഥാന തലത്തിലുമെല്ലാം നന്നായി കളിക്കണം. കേരള ടീമിലും അവിടെനിന്നു ദക്ഷിണ മേഖലാ ടീമിലുമെല്ലാം പടിപടിയായി എത്തുകയാണ് മാർഗം. കേരളത്തിനു രഞ്ജി ട്രോഫി ഉൾപ്പെടെ പല ടൂർണമെന്റുകളും മുന്നിലുണ്ട്. ടീമിലെടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് സിലക്ടർമാരും കെസിഎയുമാണ്. ക്ഷമയോടെ കാത്തിരിക്കും. എനിക്കു ചെയ്യാനാവുന്ന കാര്യങ്ങൾ ഞാൻ ചെയ്യുന്നുണ്ട്. 34 വയസ്സെന്നതു പ്രശ്നമല്ല. ഇനിയൊരു ലോകകപ്പ് കൂടി കളിക്കുന്നതു സ്വപ്നം കാണുന്നതു യാഥാർഥ്യമാവാത്ത ലക്ഷ്യമായി തോന്നാം. പക്ഷേ അതുപേക്ഷിക്കാൻ ഞാൻ തയാറല്ല.

അപ്പീൽ പോകരുത്: ടി.സി. മാത്യു 

കൊച്ചി ∙ ശ്രീശാന്തിന്റെ വിലക്കു നീക്കിയ ഹൈക്കോടതി വിധിക്കെതിരെ ബിസിസിഐ അപ്പീൽ പോകരുതെന്നു ബിസിസിഐ വൈസ് പ്രസിഡന്റ് ടി.സി.മാത്യു. 

‘നാല് വർഷമായി ശ്രീശാന്ത് അനുഭവിക്കുന്ന യാതനകൾക്കൊടുവിലാണ് ഹൈക്കോടതി വിധി വന്നിരിക്കുന്നത്. ഇനിയും ശ്രീശാന്തിനെ ഉപദ്രവിക്കുന്ന സമീപനം ബിസിസിഐയുടെ ഭാഗത്തുനിന്നുണ്ടാവരുത് എന്നഭ്യർഥിക്കും. അപ്പീൽ പോയി കഴിഞ്ഞാൽ അതിന്റെ നിയമ നടപടികൾ നീളും. ശ്രീശാന്തിന്റെ വിലപ്പെട്ട സമയം ഇനിയും നഷ്ടപ്പെടുകയാവും ഫലം. സുപ്രീം കോടതി നിയമിച്ച വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയും സിഇഒയുമാണ് ഇനി ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. ’’

ക്രിക്കറ്റ് ബോർഡിന് കത്തെഴുതും: കെസിഎ

കൊച്ചി ∙ ശ്രീശാന്തിന്റെ വിലക്കു നീക്കി കളിക്കാൻ അനുവദിക്കണമെന്ന മുൻ നിലപാട് തന്നെയാണു കെസിഎക്കെന്നും ഇതിന് അനുമതി തേടി ബിസിസിഐക്കു വീണ്ടും കത്തെഴുതുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ(കെസിഎ). ശ്രീശാന്തിനെ കേരള ടീമിലുൾപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ബിസിസിഐ നിലപാട് അറിഞ്ഞ ശേഷം തീരുമാനം എടുക്കുമെന്നും കെസിഎ പ്രസിഡന്റ് ബി.വിനോദ് കുമാറും സെക്രട്ടറി ജയേഷ് ജോർജും വ്യക്തമാക്കി.  

ഹൈക്കോടതി വിധിക്കെതിരെ ബിസിസിഐ അപ്പീൽ പോകാതിരിക്കുകയും ശ്രീശാന്തിന് കളിക്കാൻ മറ്റു തടസ്സങ്ങളില്ലെന്നു വ്യക്തമാക്കുകയും ചെയ്താൽ കളിക്കളത്തിലേക്കുള്ള മടങ്ങിവരവിന് എല്ലാ പിന്തുണയും കെസിഎ നൽകും.

related stories