Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസംഭവ്യമെന്ന് കരുതിയത് തൊട്ടടുത്ത്; സച്ചിന്റെ റെക്കോർഡിന്റെ ‘കടയ്ക്കൽ ബാറ്റുവച്ച്’ കുക്ക്

Cook-Sachin അലിസ്റ്റയർ കുക്ക്, സച്ചിൻ തെൻഡുൽക്കർ

ലണ്ടൻ ∙ സച്ചിൻ തെൻഡുൽക്കർ ഇതിഹാസമായിരിക്കാം. അദ്ദേഹത്തിന്റെ റൺ നേട്ടം അതുല്യവും. റൺ നേട്ടത്തിൽ റെക്കോർഡുയരങ്ങൾ അനായാസം താണ്ടിയ സച്ചിന്റെ നേട്ടങ്ങൾ എക്കാലവും ഭദ്രമായിരിക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ മതം. കാൽ നൂറ്റാണ്ടിലധികം നീണ്ടുനിന്ന ടെസ്റ്റ് കരിയറിൽ സച്ചിൻ കളത്തിലിറങ്ങിയത് 200 ടെസ്റ്റുകളിലാണ്! സമീപകാലത്തൊന്നും ആർക്കും തകർക്കാനാകാത്ത നേട്ടം. മാത്രമല്ല, ഇത്രയും മൽസരങ്ങളിൽനിന്ന് 53.78 റൺസ് ശരാശരിയിൽ സച്ചിൻ അടിച്ചുകൂട്ടിയത് 15,921 റൺസും!

എന്നാൽ, സച്ചിന്റെ ഈ റെക്കോർഡിൽ കണ്ണുവച്ച് പുതിയൊരാൾ ഉയർന്നുവരുന്നു എന്നതാണ് പുതിയ വാർത്ത. ഒരിക്കൽ അസംഭവ്യമെന്നു കരുതിയ ഈ നേട്ടത്തിലേക്ക് നോട്ടമിട്ട്, സച്ചിന്റെ റെക്കോർഡിന്റെ ‘കടയ്ക്കൽ ബാറ്റുവച്ച്’ കാത്തുനിൽക്കുന്നത് മറ്റാരുമല്ല; ഇംഗ്ലണ്ടിന്റെ ‘നിശബ്ദനായ കൊലയാളി’ അലിസ്റ്റർ കുക്ക്!

വെസ്റ്റ് ഇൻഡീസ്–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മൽസരത്തിൽ ഇരട്ട സെഞ്ചുറിയുമായി വരവറിയിച്ച കുക്ക്, ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇംഗ്ലണ്ട് താരമായും മാറി. ഇതുവരെ 145 ടെസ്റ്റുകൾ കളിച്ച കുക്ക് (ഇപ്പോൾ നടന്നുവരുന്ന വിൻഡീസിനെതിരായ ടെസ്റ്റ് ഉൾപ്പെടെ) 46.03 റൺസ് ശരാശരിയിൽ 11,568 റൺസ് നേടിക്കഴിഞ്ഞു. 31 സെഞ്ചുറികളും 55 അർധസെഞ്ചുറികളും ഉൾപ്പെടെയാണിത്. നാല് ഇരട്ടസെ‍ഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു.

∙ മഹേള ജയവർധനെ, ശിവ്നാരായൺ ചന്ദർപോൾ, ബ്രയാൻ ലാറ, കുമാർ സംഗക്കാര, രാഹുൽ ദ്രാവിഡ്, ജാക്വസ് കാലിസ്, റിക്കി പോണ്ടിങ് തുടങ്ങിയ ടെസ്റ്റ് ക്രിക്കറ്റിലെ മഹാരഥൻമാരെല്ലാം കുക്കിനു മുന്നിലാണെങ്കിലും ഇവരിലാരും നിലവിൽ മൽസര ക്രിക്കറ്റിലില്ല എന്നത് കുക്കിനെ സാധ്യതകൾ വർധിപ്പിക്കുന്നു. ഇവരെല്ലാം തന്നെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന്് വിരമിച്ചതിനാൽ ഇനി കുക്കിനു സ്വസ്ഥമായി സച്ചിന്റെ റെക്കോർഡിനെ നോട്ടമിടാം. കുക്കിനു തൊട്ടുപിന്നിലുള്ളവരിൽ ഇപ്പോഴും മൽസരരംഗത്തുള്ളത് ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലയാണ്. അതായത് പട്ടികയിലെ 15–ാമൻ. കുക്കിനേക്കാൾ ഒന്നര വയസ്സു മൂത്ത അംല, കുക്കിന്റെ റൺനേട്ടത്തിന് 3000 റൺസോളം പിന്നിലുമാണ്.

∙ 2012 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ ശരാശരി 13.6 ടെസ്റ്റുകളിലാണ് കുക്ക് കളത്തിലിറങ്ങിയത്. ഇക്കാലയളവിൽ ശരാശരി 1,038 റൺസും അദ്ദേഹം സ്കോർ ചെയ്തു. ഇതേ മികവു തുടർന്നാൽ സച്ചിന്റെ റെക്കോർഡ് കുക്കിനെ സംബന്ധിച്ചിടത്തോളം കയ്യെത്തും ദൂരെയാണ്. 40–ാം വയസ്സിലാണ് സച്ചിൻ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. കുക്ക് കുറഞ്ഞത് 38 വയസ്സുവരെ കളത്തിൽ തുടരുമെന്ന് സങ്കൽപ്പിക്കുക. ഒരു വർഷം ശരാശരി 11 ടെസ്റ്റ് വീതം കളിച്ചാൽ പോലും ആറു വർഷം കൊണ്ട് കുക്കിന് അനായാസം 66 ടെസ്റ്റ് കളിക്കാം. റൺനേട്ടത്തേക്കാൾ സച്ചിന്റെ കൈയ്യിൽ ഭദ്രമാകുമെന്ന് പ്രതീക്ഷപ്പെട്ട 200 ടെസ്റ്റുകളെന്ന റെക്കോർഡും അത്ര ഭദ്രമല്ലെന്ന് ചുരുക്കം.

∙ സച്ചിന്റെ റെക്കോർഡ് നേട്ടം മറികടക്കാൻ 32കാരനായ കുക്കിന് ഇനി വേണ്ടത് 4301 റൺസു കൂടി മാത്രമാണ്. പ്രായം കുക്കിന് ഒരു വിലങ്ങുതടിയാകുമെന്ന് കരുതാൻ ന്യായമില്ല. കാരണം, സുനിൽ ഗാവസ്കറിന്റെ 34 ടെസ്റ്റ് ടെസ്റ്റ് സെഞ്ചുറികളെന്ന റെക്കോർഡ് സച്ചിൻ മറികടന്നത് 32–ാം വയസിലാണ്. അതിനുശേഷം 14 സെഞ്ചുറികൾ കൂടി തികച്ചാണ് സച്ചിൻ രാജ്യാന്തര ക്രിക്കറ്റിനോടു വിടപറഞ്ഞത്. 32 വയസ്സിനുശേഷം മികവിന്റെ ഔന്നത്യത്തിലേക്കു വളർന്ന താരങ്ങൾ വേറെയുമുണ്ട്:

∙ ടെസ്റ്റിലെ മികച്ച താരങ്ങളിലൊരാളായി എണ്ണപ്പെടുന്ന ജാക്ക് ഹോബ്സ് 31 വയസ്സിനുശേഷം ഏഴു വർഷത്തോളം കളത്തിലിറങ്ങിയില്ല. ലോക മഹായുദ്ധമായിരുന്നു കാരണം. 38–ാം വയസിൽ ക്രിക്കറ്റിലേക്കു തിരിച്ചുവന്ന ഹോബ്സ്, അടുത്ത 10 വർഷത്തിനുള്ളിൽ 10 സെഞ്ചുറികൾ കൂടി നേടി.

∙ 33–ാം വയസ്സിൽ കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയ താരമാണ് മുൻ പാക്ക് ക്യാപ്റ്റൻ മിസ്ബാ ഉൾ ഹഖ്. അതിനു ശേഷം 10 സെഞ്ചുറി കൂടി അദ്ദേഹം നേടി. മാത്രമല്ല, മൂന്നു തവണ 99ലും പുറത്തായി.

∙ 34–ാം വയസ്സിൽ കളത്തിലേക്കു തിരിച്ചുവന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി രണ്ടു വർഷത്തിനിടെ കളിച്ചത് 25 ടെസ്റ്റുകളാണ്. ഈ സമയത്ത് 46.30 റൺസ് ശരാശരി നിലനിർത്താനും ഗാംഗുലിക്കായി. ഇക്കാലയളവിൽ സച്ചിൻ തെന്‍ഡുൽക്കർ, വി.വി.എസ്. ലക്ഷ്മൺ, രാഹുൽ ദ്രാവിഡ്, വീരേന്ദർ സെവാഗ് എന്നിവരേക്കാൾ റൺസ് നേടിയതും ഗാംഗുലി തന്നെ.

സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ രാജ്യാന്തര ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ടസെഞ്ചുറി കുറിച്ചത് 37–ാം വയസിലായിരുന്നുവെന്നും ഇവിടെ ഓർമിക്കാം. സച്ചിന്റെ റെക്കോർഡ് പിന്നിടാൻ കുക്കിന് ഭഗീരഥ പ്രയത്നമൊന്നും വേണ്ടിവരില്ലെന്ന് ചുരുക്കം.

ഇപ്പോൾ നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 243 റൺസെടുത്താണ് കുക്ക് പുറത്തായത്. കൂടുതലെന്ത് പറയാൻ!

related stories