Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെസ്റ്റ് ഇൻഡീസിനെതിരെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഇന്നിങ്സ് വിജയം

england-broad വിൻഡീസ് നായകൻ ഹോൾഡറിന്റെ വിക്കറ്റെടുത്ത സ്റ്റുവർട്ട് ബ്രോഡിനെ സഹതാരം അഭിനന്ദിക്കുന്നു.

 ബർമിങ്ങാം ∙ ആദ്യ ഡേ നൈറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ടിന് ഇന്നിങ്സ് ജയം. മൂന്നു ദിവസത്തിനുള്ളിൽ അവസാനിച്ച ടെസ്റ്റിൽ ഇന്നിങ്സിനും 209 റൺസിനുമായിരുന്നു വിജയം. ഫോളോ ഓൺ ചെയ്ത വിൻഡീസ് രണ്ടാം ഇന്നിങ്സിൽ 137 റൺസിനു പുറത്തായി. ഒരു ദിവസത്തിനുള്ളിൽ അവർക്കു നഷ്ടമായത് 19 വിക്കറ്റുകൾ ! മൂന്നു ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് 1–0ന് മുന്നിലെത്തി. രണ്ടാം ടെസ്റ്റ് ഹെഡിങ്‌ലിയിൽ വെള്ളിയാഴ്ച തുടങ്ങും. 

ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് 514 റൺസെടുത്ത് ഡിക്ലയർ ചെയ്തിരുന്നു. അലസ്റ്റയർ കുക്ക് നേടിയ 243 റൺസും ആദ്യ വിക്കറ്റിൽ ക്യാപ്റ്റൻ ജോ റൂട്ടുമൊത്ത്(136) നേടിയ 248 റൺസുമാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിൽ വിൻഡീസ് വെറും 168 റൺസിനു പുറത്തായി. 79 റൺസെടുത്ത ജെർമെയ്ൻ ബ്ലാക്ക്‌വുഡ് മാത്രമാണ് അൽപമെങ്കിലും ചെറുത്തു നിൽപ് നടത്തിയത്.

346 റൺസ് പിന്നിലായി തുടങ്ങിയ വിൻഡീസ് രണ്ടാം ഇന്നിങ്സിലും തകർന്നടിഞ്ഞു. സ്റ്റുവർട്ട് ബ്രോഡ് നാലു റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഇതോടെ ഇയാൻ ബോതമിന്റെ 383 ടെസ്റ്റ് വിക്കറ്റിന്റെ റെക്കോർഡ് ബ്രോഡ് മറികടന്നു. വിക്കറ്റുവേട്ടയിൽ ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലിഷ് ബോളർ ജയിംസ് ആൻഡേഴ്സൺ ആണ്.

വിജയാഹ്ലാദത്തിൽ ക്യാപ്റ്റൻ റൂട്ട് 

ബർമിങ്ങാം∙ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഉൾപ്പെട്ട മൂന്നു പേരെയുമായി ആദ്യ ടെസ്റ്റിൽ തന്നെ വിജയം കുറിക്കാൻ കഴിഞ്ഞതിൽ നായകൻ ജോ റൂട്ടിന് ആഹ്ലാദം. അലസ്റ്റയർ കുക്ക്, ജയിംസ് ആൻഡേഴ്സൺ, സ്റ്റുവർട്ട് ബ്രോഡ് എന്നിവരുൾപ്പെട്ട ടീമുമായാണ് ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിൽ വിൻഡീസിനെതിരെ ഇന്നിങ്സിന്റെയും 209 റൺസിന്റെയും വിജയം നേടിയത്. ആദ്യ ഇന്നിങ്സിൽ കുക്കിന്റെ ഇരട്ട സെഞ്ചുറി മികവാണ് തുണച്ചത്. ബോളിങ്ങിൽ ആദ്യ ഇന്നിങ്സിൽ ആൻഡേഴ്സണും രണ്ടാം ഇന്നിങ്സിൽ സ്റ്റുവർട്ട് ബ്രോഡും തിളങ്ങി.