Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാലറിയിൽ തല്ലുനടക്കുമ്പോള്‍ ഗ്രൗണ്ടിൽ കൂളായി കിടന്നുറങ്ങണമെങ്കിൽ അയാളുടെ പേര്...

Dhoni-Troll-a

എതിർ ടീമിന്റെ ആരാധകർ സംഘർഷമുണ്ടാക്കുമ്പോൾ, ഗ്രൗണ്ടിന്റെ നടുക്ക്‌ കൂളായ്‌ കിടന്നുറങ്ങണമെങ്കിൽ ആ ആളുടെ പേര്‌ മഹേന്ദ്രസിങ് ധോണി എന്നായിരിക്കണം..!!! Coolest ever!

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ടീമിനെ വിജയതീരമണച്ച ധോണിയുടെ പ്രകടനം കണ്ട് ആരാധകരിലൊരാൾ കുറിച്ച വാക്കുകളാണിത്. ഇനി, ഇന്ത്യൻ ക്രിക്കറ്റിലെ ഒരേയൊരു വീരുവിന്റെ (വീരേന്ദർ സേവാഗ്) വാക്കുകളിലേക്ക്:

ധോണിക്കു പകരം വയ്ക്കാവുന്ന ഒരാൾപോലും ഇപ്പോഴില്ല. ഋഷഭ് പന്ത് മികച്ച താരമാണ്. എങ്കിലും ധോണിക്കു പകരക്കാരനാകാൻ ഇനിയും ഏറെ മുന്നേറാനുണ്ട്. 2019നു ശേഷമേ അതു നടക്കൂ. അക്കാലത്തു മാത്രമേ ധോണിക്കു പകരക്കാരനെ അന്വേഷിക്കേണ്ടതുള്ളൂ. അതുവരെ പന്ത് പരിചയസമ്പത്ത് നേടട്ടെ. ധോണി റൺസ് നേടുന്നുണ്ടോ ഇല്ലയോ എന്നൊന്നും നോക്കേണ്ടതില്ല. ധോണി 2019 ലോകകപ്പ് വരെ പൂർണ കായികക്ഷമതയോടെ തുടരട്ടെ എന്നു പ്രാർഥിക്കാം – വീരേന്ദർ സേവാഗ്

ചുരുക്കത്തിൽ, ഈ മഹേന്ദ്രസിങ് ധോണിയെ സമ്മതിക്കണം. ധോണി ഹെയ്റ്റേഴ്സ് വിമർശനം കടുപ്പിക്കുന്തോറും അതിലും കടുപ്പത്തോടെ ബാറ്റു ചെയ്ത് വിമർശനത്തിന്റെ മുനയൊടിക്കാൻ ഇയാൾക്കെങ്ങനെ കഴിയുന്നു ആവോ!

Dhoni-Troll-e (2)

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ തകർച്ചയിൽനിന്നും ടീമിനെ കരകയറ്റിയ ധോണി, മൂന്നാം ഏകദിനത്തിൽ പുറത്തെടുത്തത് അതിന്റെ ബാറ്റിങ് തുടർച്ച. ഇതേ വേദിയിൽ നടന്ന പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ ഭുവനേശ്വർ കുമാറിനെ കൂട്ടുപിടിച്ച് ടീമിനെ വിജയത്തിലെത്തിച്ച ധോണിക്ക്, മൂന്നാം മൽസരത്തിൽ വിജയത്തിലേക്കു കൂട്ടുനിന്നത് രോഹിത് ശർമ. ആദ്യ മൽസരത്തിൽ അർധസെഞ്ചുറിക്ക് അഞ്ചു റൺസകലെ നിൽക്കെ ടീം വിജയം തൊട്ടെങ്കിലും രണ്ടാം മൽസരത്തിൽ ധോണിയുടെ അർധസെഞ്ചുറിയോടെയാണ് ടീം വിജയം നേടിയത്. ഇത്തവണ പരമ്പരവിജയത്തിന്റെ ഇരട്ടിമധുരവും ഒപ്പമുണ്ടായിരുന്നു.

ബെസ്റ്റ് ഫിനിഷിങ്ങിന്റെ ഒന്നാം ഇന്നിങ്സ്

രണ്ടാം ഏകദിനത്തിൽ ശ്രീലങ്ക നേടിയത് 236 റൺസായിരുന്നെങ്കിലും മഴയെത്തുടർന്ന് ഇന്ത്യയുടെ വിജയലക്ഷ്യം പുനർനിർണയിച്ചതോടെ വിജയലക്ഷ്യം 231 ആയി. താരതമ്യേന ദുർബലമായ ലക്ഷ്യത്തിലേക്ക് വിജയമുറപ്പിച്ച് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അനായാസം മുന്നേറുന്നതിനിടെയായിരുന്നു ‘ധനഞ്ജയച്ചുഴലി’യുടെ വരവ്. കോഹ്‍ലി ഉൾപ്പെടെയുള്ള പ്രമുഖർ ഈ അപ്രതീക്ഷിത സ്പിൻവലയത്തിൽ വീണു തകർന്നതോടെ നങ്കൂരമിടാനുള്ള ചുമതല ധോണിയിലേക്കെത്തി.

Dhoni-Troll-e

അംഗീകൃത ബാറ്റ്സ്മാൻമാരെല്ലാം പെട്ടിമടക്കിയതോടെ പിന്നെ കൂട്ടിനുണ്ടായിരുന്നത് അതുവരെ രാജ്യാന്തര ക്രിക്കറ്റിൽ ഒരു അർധസെഞ്ചുറിപോലും നേടിയിട്ടില്ലാത്ത ഭുവനേശ്വർ കുമാറും. ഓപ്പണർമാർ തീർത്ത സെഞ്ചുറി കൂട്ടുകെട്ടിനു ശേഷം 22 റൺസിനിടെ ആറു വിക്കറ്റുകൾ നഷ്ടപ്പെടുത്തിയ ഇന്ത്യ തോൽക്കുമെന്ന് കടുത്ത ഇന്ത്യൻ ആരാധകർ പോലും ഉറപ്പിച്ചതാണ്. അതിനിടെയാണ് ധോണിയും ധോണിയുടെ പിന്തണയോടെ ഭുവനേശ്വർ കുമാറും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനം ലങ്കയുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയത്. അതോടെ ആരാധക മനസുകളിൽ ധോണി വീണ്ടും സൂപ്പർതാരമായി ഉറച്ചു. വിമർശകരുടെ ഒളിയമ്പുകൾക്ക് പഴയ ശക്തിയില്ലാതാകുന്നതും ഈ മൽസരത്തോടെ കണ്ടു.

നങ്കൂരമിട്ട് ധോണിയുടെ രണ്ടാം ഇന്നിങ്സ്

ആദ്യ മൽസരത്തിലേതിന്റെ അത്ര ഭീകരമായില്ലെങ്കിലും, രണ്ടാം മൽസരത്തിലും ഇന്ത്യൻ ബാറ്റിങ് നിര ഭീഷണി നേരിടുമ്പോഴാണ് ധോണിയുടെ വരവ്. ഒരറ്റത്ത് രോഹിത് നിലയുറപ്പിച്ചിരുന്നെങ്കിലും, ടീമിനെ വിജയത്തിലേക്ക് നയിക്കാൻ അനുയോജ്യനായ ഒരു കൂട്ടാളിയെ ആവശ്യമായിരുന്നു. ധവാനും പിന്നാലെ കോഹ്‍ലി, ജാദവ്, രാഹുൽ തുടങ്ങിയവരും വന്നപോലെ മടങ്ങിയെങ്കിലും ധോണി വരാനുണ്ട് എന്ന വിശ്വാസം ആരാധകർക്കുണ്ടായിരുന്നു. ഏറെ നാളുകൾക്കു ശേഷമാണ് ഈ ആരാധകരിൽ ഈ വിശ്വാസം ഇത്ര തീക്ഷ്ണമായി കണ്ടതെന്നത് വേറെ കാര്യം. 61ന് നാലിലേക്ക് ഇടറിവീണ ഇന്ത്യയെ രോഹിത് ശര്‍മയും ധോണിയും ചേര്‍ന്നു കരകയറ്റുന്നത് സുന്ദരമായൊരു ക്രിക്കറ്റ് കാഴ്ചയായിരുന്നു.

Dhoni-Troll-d

രോഹിത് ശർമ കരിയറിലെ പന്ത്രണ്ടാമത്തെ സെഞ്ചുറി കുറിച്ചതിനു പിന്നാലെ ധോണി അര്‍ധസെഞ്ചുറിയിലേക്കു നീങ്ങവെ ക്ഷമകെട്ട ലങ്കന്‍ ആരാധകര്‍ ഗ്രൗണ്ടിലേക്ക് കുപ്പികള്‍ വലിച്ചെറിഞ്ഞ് മൽസരം തടസ്സപ്പെടുത്തി. മല്‍സരം തടസപ്പെട്ടതോടെ കൈകൊടുത്ത് ഡ്രസിങ് റൂമിലേക്ക് പിരിഞ്ഞ ഇരുസംഘവും, അര മണിക്കൂറിനുശേഷം തിരിച്ചെത്തിയാണ് മല്‍സരം പൂര്‍ത്തിയാക്കിയത്. 1997നു ശേഷം ശ്രീലങ്കയ്ക്കെതിരെ പരമ്പര അടിയറവു വച്ചിട്ടില്ലെന്ന റെക്കോർഡും ഇന്ത്യ കാത്തു. ലങ്കയ്ക്കെതിരെ ഇന്ത്യയുടെ തുടർച്ചയായ ഏഴാം പരമ്പര ജയമാണിത്.

മൽസരത്തിൽ ധോണി പിന്നിട്ട ചില നേട്ടങ്ങൾ

∙ കഴിഞ്ഞ മൽസരത്തിൽ ഏകദിന ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ സ്റ്റംപിങ്ങുകളെന്ന ശ്രീലങ്കൻ താരം കുമാർ സംഗക്കാരയുടെ റെക്കോർഡിനൊപ്പമെത്തിയ ധോണി, ഇത്തവണ ഏകദിനത്തിൽ ഏറ്റവും കൂടുതൽ നോട്ട് ഔട്ടുകൾ സ്വന്തമാക്കിയ കാര്യത്തിൽ മുൻ ശ്രീലങ്കൻ താരം ചാമിന്ദ വാസ്, ദക്ഷിണാഫ്രിക്കയുടെ മുൻ താരം ഷോൺ പൊള്ളോക്ക് എന്നിവരുടെ റെക്കോർഡിന് ഒപ്പമെത്തി. ഇത് 72–ാം മൽസരത്തിലാണ് ധോണിയെ പുറത്താക്കാൻ എതിർ ടീം ബോളർമാർക്ക് സാധിക്കാതെ പോയത്.

Dhoni-Troll-c

നേരത്തെ, രണ്ടാം ഏകദിനത്തിൽ ചാഹലിന്റെ പന്തിൽ ഗുണതിലകയെ സ്റ്റംപു ചെയ്തു പുറത്താക്കിയ ധോണി, 99 ഇരകളുമായാണ് സംഗക്കാരയുടെ റെക്കോർഡിന് ഒപ്പമെത്തിയത്. ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനം ധോണിയെ സംബന്ധിച്ചിടത്തോളം കരിയറിലെ 300–ാം ഏകദിന മൽസരമാണ്. ഈ മൽസരത്തിൽ രണ്ടു റെക്കോർഡുകളും ഒറ്റയ്ക്കു സ്വന്തമാക്കാനുള്ള അവസരം ധോണിയെ കാത്തിരിക്കുന്നു.

∙ കുറഞ്ഞത് 1000 റൺസെങ്കിലും നേടിയിട്ടുള്ള താരങ്ങളെ പരിഗണിച്ചാൽ, സ്കോർ പിന്തുടർന്ന് ജയിച്ച മൽസരങ്ങളിൽ 100നു മുകളിൽ ശരാശരിയുള്ള ഏകയാൾ ധോണി തന്നെ. ക്രിക്കറ്റ് ലോകം കണ്ട ബെസ്റ്റ് ഫിനിഷർ ധോണി തന്നെ എന്നതിനു വേറെ തെളിവു വേണോ? സ്കോർ പിന്തുടർന്ന് ജയിച്ച മൽസരങ്ങളിൽ ധോണിയുടെ ബാറ്റിങ് ശരാശരി 101.84 ആണ്.

Dhoni-Troll-a (2)

∙ ഏകദിനത്തിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ നാലാം സ്ഥാനം സ്വന്തമാക്കാനും ധോണിക്കായി. ഇക്കാര്യത്തിൽ ധോണി പിന്തള്ളിയത് സാക്ഷാൽ മുഹമ്മദ് അസ്ഹറുദ്ദീനെ. നിലവിൽ ധോണിയുടെ റൺനേട്ടം 9,434 റൺസാണ്. മുന്നിലുള്ളത് സച്ചിൻ തെൻഡുൽക്കാർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് എന്നിവർ മാത്രം.

Dhoni-Troll-g

∙ ഏകദിനത്തിൽ ഏറ്റവും കൂടുതൽ അർധസെഞ്ചുറികളുള്ള നാലാമത്തെ ഇന്ത്യൻ താരവും ധോണി തന്നെ (74). ഇക്കാര്യത്തിലും ധോണിക്കു മുന്നിലുള്ളത് സച്ചിൻ, ഗാംഗുലി, ദ്രാവിഡ് എന്നിവർ മാത്രം.

related stories