Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലയൺ മിന്നി, ഓസീസിന്റെ ദിനം

lyon-ausis ആറു വിക്കറ്റെടുത്ത നേഥൻ ലയണിന്റെ മറ്റ് ഓസീസ് താരങ്ങൾ അഭിനന്ദിക്കുന്നു

ധാക്ക∙ ബംഗ്ലദേശിന്റെ സ്പിൻ ആക്രമണത്തെ അതിജീവിച്ച ഡേവിഡ് വാർണർ– സ്റ്റീവ് സ്മിത്ത് സഖ്യത്തിന്റെ മികവിൽ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ വിജയപ്രതീക്ഷ നിലനിർത്തി. മൂന്നാം വിക്കറ്റിൽ ഇരുവരും കൂടി 81 റൺസ് കൂട്ടിച്ചേർത്തു. 265 റൺസ് ആണു വിജയലക്ഷ്യം. ഷെരെ ബംഗ്ല നാഷനൽ സ്റ്റേഡിയത്തിൽ മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ രണ്ടു വിക്കറ്റിന് 109 റൺസെടുത്തിട്ടുണ്ട്. സ്വന്തം നാട്ടിലെ ശരാശരിയുടെ പകുതി മാത്രം ഏഷ്യൻ മണ്ണിൽ കണ്ടെത്താറുള്ള ഡേവിഡ് വാർണർ 75 റൺസെടുത്തു നിൽക്കുന്നു. 11 ബൗണ്ടറിയും ഒരു സിക്സറും വാർണറുടെ ബാറ്റിൽനിന്നു പാഞ്ഞു. സ്പിന്നിനെ നേരിടാൻ ഓസ്ട്രേലിയൻ നിരയിൽ ഏറ്റവും മികവുള്ള ക്യാപ്റ്റൻ സ്മിത്ത് 25 റൺസെടുത്തിട്ടുണ്ട്. പന്ത് പതിവിലേറെ തിരിയുകയും അപ്രതീക്ഷിതമായി കുത്തി ഉയരുകയും ചെയ്യുന്ന പിച്ചിൽ വിജയം നേടാൻ ഓസ്ട്രേലിയയ്ക്ക് 156 റൺസ് കൂടി വേണം.

ആദ്യ ഇന്നിങ്സിലെ ബാറ്റിങ് പോരായ്മകൾ രണ്ടാം ഇന്നിങ്സിലെ ബോളിങ്ങിൽ പരിഹരിച്ച ഓസ്ട്രേലിയ 221 റൺസിനു ബംഗ്ലദേശിനെ പുറത്താക്കി. 82 റൺസ് വഴങ്ങി ആറു വിക്കറ്റെടുത്ത നേഥൻ ലയണിന്റെ പ്രകടനമാണ് ഓസ്ട്രേലിയയുടെ മുന്നേറ്റത്തിന് അടിസ്ഥാനം. ഒരു വിക്കറ്റിനു 45 റൺസുമായി മൂന്നാംദിനം തുടങ്ങിയ ബംഗ്ലനിരയിലെ  ടൈജുൽ ഇസ്ലാമിനെയും ഇമ്രുൽ കയേസിനെയും നേഥൻ ലയൺ തുടക്കത്തിൽത്തന്നെ പുറത്താക്കി. എന്നാൽ നാലാം വിക്കറ്റിൽ മുഷ്ഫിഖ്വർ റഹിമും തമിം ഇക്ബാലും 68 റൺസ് നേടി ചെറുത്തുനിന്നു. 50–ാം ടെസ്റ്റ് കളിക്കുന്ന തമിം ഇക്ബാൽ അർധ സെഞ്ചുറിയുടെ ആ നിമിഷം ആഘോഷമാക്കി. എട്ടു ബൗണ്ടറിയുമായി 78 റൺസ് തമിം നേടി. ഉച്ചഭക്ഷണത്തിനുശേഷം പാറ്റ് കമ്മിൻസിന്റെ പന്തിൽ തമിം പുറത്തായി.

നിർഭാഗ്യകരമായിരുന്നു മുഷ്ഫിഖ്വറിന്റെ (41) പുറത്താകൽ. സാബിർ റഹ്മാന്റെ സ്ട്രെയ്റ്റ് ഡ്രൈവ് ബോളർ നേഥൻ ലയണിന്റെ കയ്യിൽ തട്ടി വിക്കറ്റിൽ കൊണ്ടു. മുഷ്ഫിഖ്വർ ക്രീസിനു പുറത്തായിരുന്നു. ഷക്കിബ് അൽ ഹസൻ, സാബിർ റഹ്മാൻ എന്നിവരുടെ വിക്കറ്റും ലയൺ നേടി. മോശം തുടക്കമായിരുന്നു ഓസ്ട്രേലിയയുടേത്. ആദ്യ ഇന്നിങ്സിൽ 45 റൺസെടുത്തു ടോപ്സ്കോറർ ആയ മാറ്റ് റെൻഷോ അഞ്ചു റൺസുമായി മെഹ്ദി ഹസന്റെ പന്തിൽ പുറത്തായി. തുടർച്ചയായി രണ്ടാം ഇന്നിങ്സിലും ഉസ്മാൻ ഖവാജ ഒരു റണ്ണിനു പുറത്തായി.

related stories