Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്വന്റി20, ഏകദിന, ടെസ്റ്റ് മൽസരങ്ങളുള്ള പരമ്പര തൂത്തുവാരുന്ന ആദ്യ ടീമായി ഇന്ത്യ

Indian-cricketers

മൈതാനത്തിറങ്ങും മുൻപേ മനസ്സിൽ തോൽപിക്കുക– വിരാട് കോഹ്‌ലിയുടെ ഇന്ത്യൻ ടീമിന്റെ ശൈലി ഇതാണ്. കളി തുടങ്ങും മുൻപെ താഴ്ന്ന ശിരസ്സുമായിട്ടാണു ശ്രീലങ്കൻ ക്രിക്കറ്റ് ടീം അവരുടെ മുന്നിൽ വന്നു നിന്നത്. ഓരോ ഓവറും, ഓരോ മൽസരവും കഴിയുന്തോറും അതും വീണ്ടും കുനിഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ ട്വന്റി20 മൽസരംകൂടി കഴിഞ്ഞപ്പോഴേക്കും അതൊരു സാഷ്ടാംഗ പ്രണാമമായി. വെറുതെയല്ല,  ലങ്കയുടെ ഇടക്കാല പരിശീലകൻ നിക്ക് പോത്താസ് ഇന്നലെ ടീം ഇന്ത്യയെ വാതോരാതെ പുകഴ്ത്താൻ തുനിഞ്ഞത്: ‘‘റഗ്ബിയിലെ അപരാജിത ടീമായ ന്യൂസീലൻ‍ഡിനെപ്പോലെയാണ് (ഓൾ ബ്ലാക്ക്സ്) അവർ. ഈ പരമ്പരയിൽ ‍സ്വന്തം തെറ്റുകളിൽനിന്നല്ല ഞങ്ങൾ പഠിക്കുന്നത്. ഇന്ത്യയുടെ മികവുകളിൽനിന്നാണ്. അവരെപ്പോലെയാകാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്..’’

ഇന്ത്യയുടെ വിജയത്തിലെ ‘ഒന്നാം പ്രതി’ ക്യാപ്റ്റൻ വിരാട് കോഹ്‌ലി തന്നെ. എതിരാളികളെ കൊല്ലുന്നതു മനോഹരമായൊരു കലയാണോ കണിശമായൊരു ശാസ്ത്രമാണോ എന്ന സംശയമേ കോഹ്‌ലിയുടെ കളി കാണുമ്പോഴുള്ളൂ. ലങ്കൻ പരിശീലകനു പോലും ബഹുമാനം തോന്നിയതിൽ അദ്ഭുതമുണ്ടോ?– ‘‘വിരാടിന്റെ ഓരോ ചലനവും ബഹുമാനം തോന്നിപ്പിക്കുന്നതാണ്. വിക്കറ്റിനിടയിൽ ഓട്ടത്തിൽ, ഫീൽഡിലെ അഗ്രഷനിൽ, ബാറ്റിങ്ങിലെ അപ്രമാദിത്വത്തിൽ..ശരിക്കും ഒരു ട്രൂ ലീഡർ..’’– പോത്താസ് പറയുന്നു.

പക്ഷേ കോഹ്‌ലി ടീമിനു പകർന്നു നൽകിയ ഏറ്റവും വലിയ ഗുണം ഇതൊന്നുമല്ല. അടങ്ങാത്ത വിജയതൃഷ്ണയാണത്. ക്യാപ്റ്റനായി സ്ഥാനമേറ്റെടുത്ത ആദ്യനാളുകളിൽത്തന്നെ കോഹ്‌ലി പറഞ്ഞുകൊണ്ടിരുന്ന ഒരു കാര്യമുണ്ട്. ‘‘ജയിക്കുക എന്നതല്ല ഞങ്ങളുടെ ലക്ഷ്യം. ജയിച്ചുകൊണ്ടേയിരിക്കുക എന്നതാണ്..’’. ആസ്വദിച്ചു കളിക്കുക എന്ന പരിശീലകൻ രവി ശാസ്ത്രിയുടെ മന്ത്രവും അതിനു മികച്ച ചേരുവയായി. ഒടുവിലിതാ ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുമുള്ള പരമ്പരയിൽ വിദേശ മണ്ണിൽ സമ്പൂർണ വിജയം നേടുന്ന ആദ്യ ടീം എന്ന നേട്ടവും ടീം ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നു. 

മുൻ നായകൻ മഹേന്ദ്ര സിങ് ധോണിക്കും ഈ പരമ്പര അവിസ്മരണീയമാണ്. ലങ്കയിലെത്തും മുൻപ് രണ്ടു ചോദ്യങ്ങളാണു ധോണിയുടെ തലയ്ക്കു മുകളിൽ കുത്തനെ നിന്നിരുന്നത്. 1) ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബെസ്റ്റ് ഫിനിഷർ ഇപ്പോഴും ധോണിയാണോ..? 2) 2019 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ധോണിയുണ്ടാകുമോ..?

രണ്ടു ചോദ്യങ്ങൾക്കും തൽക്കാലം ‘അതെ’ എന്ന ഉത്തരം ധോണി നൽകിക്കഴിഞ്ഞു. അഖില ധനഞ്ജയ ആറു വിക്കറ്റെടുത്ത പല്ലെക്കെലെയിലെ രണ്ടാം ഏകദിനത്തിലാണു ധോണിയുടെ ക്ലാസ് തെളി‍ഞ്ഞുകണ്ടത്.ടെസ്റ്റ് പരമ്പരയിൽ ടോപ് സ്കോററായ ശിഖർ ധവാൻ, ഏകദിന പരമ്പരയിൽ കൂടുതൽ വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്ര, എപ്പോൾവേണമെങ്കിലും കളി തിരിക്കാനറിയുന്നയാൾ എന്ന നിലയിലേക്കു വളർന്ന ഹാർദിക് പാണ്ഡ്യ എന്നിവരെല്ലാം ഈ പരമ്പരയിൽ ഇന്ത്യൻ വിജയത്തിൽ വലിയ പങ്കു വഹിച്ചവരാണ്. എങ്കിലും യഥാർഥ പരീക്ഷണം കോഹ്‌ലിയുടെ ടീമിനെ കാത്തിരിക്കുന്നേയുള്ളൂ എന്നു വാദിക്കുന്നവരുമുണ്ട്.

ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലൻഡ് എന്നിവിടങ്ങളിലായി 13 ടെസ്റ്റുകളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ആദ്യ രണ്ടു രാജ്യങ്ങളിൽ ഇന്ത്യ ഇതുവരെ ഒരു പരമ്പരപോലും ജയിച്ചിട്ടില്ല എന്നതാണു ചരിത്രം.

∙ ക്യാപ്റ്റനെന്നനിലയിൽ കോഹ്‌ലിയുടെ തുടർച്ചയായ എട്ടാം ടെസ്റ്റ് പരമ്പര വിജയമായിരുന്നു, ലങ്കയ്ക്കെതിരെ. ലങ്കയ്ക്കെതിരെതന്നെ നാട്ടിൽ നടക്കുന്ന പരമ്പര ജയിച്ചാൽ കോഹ്‌ലിക്കു റിക്കി പോണ്ടിങ്ങിന്റെ ലോക റെക്കോർഡിന് ഒപ്പമെത്താം.

∙ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി. ബംഗ്ലദേശുമായി ടെസ്റ്റ് പരമ്പരയിൽ സമനിലയിൽ പിരിയേണ്ടി വന്നത് ഓസ്ട്രേലിയയുടെ നില മോശമാക്കി. അവർ നാലിൽ നിന്ന് അഞ്ചാം സ്ഥാനത്തേക്ക് വീണു. 

related stories