Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയിച്ചാൽ ഇന്ത്യ പ്രബലർക്കൊപ്പം; തോറ്റാൽ കൂട്ടിന് ബംഗ്ലദേശും സിംബാബ്‌വെയും!

Kohli-Dhoni-Rohit

ബെംഗളൂരു ∙ ഓസ്ട്രേലിയ ആറു തവണ; ദക്ഷിണാഫ്രിക്ക അഞ്ച്, വെസ്റ്റ് ഇൻഡീസും ശ്രീലങ്കയും രണ്ടുവീതം. ന്യൂസീലൻഡും ഇംഗ്ലണ്ടും പാക്കിസ്ഥാനും ഒറ്റത്തവണ. പക്ഷേ, ബംഗ്ലദേശും സിംബാബ്‌വെയും പിന്നെ ഇന്ത്യയും ഒരിക്കൽപോലും സ്വന്തമാക്കാത്ത ആ നേട്ടം എന്തായിരിക്കും? ചിന്നസ്വാമി സ്റ്റേഡിയത്തിൽ നാലാം ഏകദിനത്തിൽ ഓസ്ട്രേലിയയെ നേരിടുന്ന ടീം ഇന്ത്യയുടെ ലക്ഷ്യം അതുതന്നെ; തുടർച്ചയായി 10 ഏകദിനങ്ങളിൽ വിജയം!

അഞ്ചു മൽസരങ്ങളിൽ ആദ്യ മൂന്നും ജയിച്ച് പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു ഇന്ത്യ. അടുത്ത കളിയിലെ കേവലമൊരു ജയത്തിന് അപ്പുറം ഈയൊരു ചരിത്രം കോഹ്‌ലിയെയും കൂട്ടുകാരെയും വല്ലാതെ മോഹിപ്പിക്കുന്നു. 2008 ഫെബ്രുവരി മുതൽ 2009 ജനുവരി വരെയുള്ള കാലത്ത് ധോണിയുടെ കീഴിൽ ഇന്ത്യ തുടർച്ചയായി ഒൻപത് ഏകദിനങ്ങൾ ജയിച്ചിരുന്നു. കഴിഞ്ഞ കളിയി‍ൽ, ഇൻഡോറിലെ സൂപ്പർ ജയത്തോടെ കോഹ്‌ലിയുടെ സംഘം ആ നേട്ടത്തിന് ഒപ്പമെത്തി. ഇന്ന് ഇന്ത്യയുടെ 926–ാം രാജ്യാന്തര ഏകദിനം വിജയമായാൽ അതു ചരിത്രമാണ്!

തകർക്കാൻ ഇന്ത്യ; തകർച്ച മറ(യ്)ക്കാൻ ഓസീസ്

ആഷസിനു മുൻപേ ചാരമായിക്കഴിഞ്ഞ അവസ്ഥയിലാണിപ്പോൾ ഓസീസ്. ആഷസ് പരമ്പരയ്ക്കു മുൻപേ, ശേഷിക്കുന്ന രണ്ടു കളിയെങ്കിലും ജയിച്ച് ആത്മവിശ്വാസത്തിന്റെ ജ്വാല ഊതിക്കത്തിക്കാനാണു സന്ദർശകർ ശ്രമിക്കുന്നത്. എന്നാൽ, ഇപ്പോഴത്തെ ഫോമിൽ ഇന്ത്യയെ വീഴ്ത്തുക എളുപ്പമല്ല. മുൻനിര വീണാൽ മധ്യനിര, മധ്യനിര ഇളകിയാൽ വാലറ്റം എന്ന കണക്കിൽ ബാറ്റിങ് കരുത്തു പ്രകടിപ്പിക്കുന്നു.

ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവ് ചർച്ചാവിഷയമായിക്കഴിഞ്ഞു. രഹാനെ, രോഹിത്, കേദാർ ജാദവ്, മനീഷ് പാണ്ഡെ തുടങ്ങിയവരും കാഴ്ച വയ്ക്കുന്നതു തകർപ്പൻ കളി. നാട്ടുകാരനായ കെ.എൽ. രാഹുലിനു വേണ്ടി ജാദവോ പാണ്ഡെയോ ഇന്നു മാറിക്കൊടുക്കേണ്ടിവരും. ഭുവനേശ്വർ കുമാറും ജസ്പീത് ബുംമ്രയും തുടങ്ങിവയ്ക്കുന്ന ബോളിങ് പ്രഹരം കുൽദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും ചേർന്നു ഭംഗിയായി പൂർത്തിയാക്കുന്നു.

പരമ്പരയിൽ ഇതുവരെ 300 റൺസ് മറികടക്കാൻ കഴിയാത്തതു തന്നെ ഓസ്ട്രേലിയയുടെ ബലഹീനത സൂചിപ്പിക്കുന്നു. ബിഗ്ഹിറ്റർ ഗ്ലെൻ മാക്സ്‌വെൽ ഫോമിലായിട്ടില്ല ഇതുവരെ. ഇൻഡോറിൽ 40 ഓവറിൽ 232 എന്ന സ്കോറിലായിരുന്നിട്ടു കൂടി 300 കടക്കാൻ ഓസീസിനു കഴിഞ്ഞില്ല. ഇനിയുള്ള കളികളിലെങ്കിലും ക്യാപ്റ്റൻ സ്മിത്തും ഓപ്പണർ ഡേവിഡ് വാർണറും തകർത്തടിക്കുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്. വിരലിനു പരുക്കേറ്റ ആഷ്ടൺ ആഗറിനു പകരം ലെഗ് സ്പിന്നർ ആഡം സാംപ ടീമിലെത്തിയേക്കും. പേസർ നേഥൻ കോൾട്ടർ നീൽ മികച്ച ഫോമിലാണ്.

അവസാന തോൽവി വിൻഡീസിനോട്

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെ ആന്റിഗ്വയിൽവച്ച് ആതിഥേയരോട് വഴങ്ങിയ 11 റൺസ് തോൽവിക്കുശേഷം ഏകദിനത്തിൽ ഇന്ത്യ തോൽവി അറിഞ്ഞിട്ടില്ല. അതിനുശേഷം തുടർച്ചയായി ഒൻപതു വിജയങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്കെതിരായ തുടർച്ചയായ അഞ്ചു വിജയങ്ങളും ഓസീസിനെതിരായ മൂന്നു വിജയങ്ങളും ഇതിൽ ഉൾപ്പെടുന്നു.

അതേസമയം, നേരെ തിരിച്ചാണ് ഓസീസിന്റെ കാര്യം. ഈ വർഷമാദ്യം അഡ്‌ലയ്ഡിൽവച്ച് പാക്കിസ്ഥാനെ തോൽപ്പിച്ചശേഷം ഒരു ഏകദിന മൽസരം പോലും ജയിക്കാൻ ഓസീസിന് സാധിച്ചിട്ടില്ല. ഒരു കാലത്ത് ക്രിക്കറ്റ് ലോകം അടക്കിഭരിച്ചിരുന്ന ടീമിനാണ് ഈ ഗതിയെന്ന് ഓർക്കണം. അതിനിടെ വിദേശത്ത് തുടർച്ചയായി 11 മൽസരങ്ങൾ തോൽക്കുകയും ചെയ്തു. ന്യൂസിലന്‍ഡിനെതിരെ രണ്ടു മൽസരങ്ങൾ ഉപേഷിച്ചതുകൊണ്ടു മാത്രമാണ് ഈ തോൽവിചരിതം 11ൽ ഒതുങ്ങിയത്

ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങിയാൽ ഏകദിനത്തിൽ നാലാം സ്ഥാനത്തേക്കു വീഴും ഓസ്ട്രേലിയ. നിലവിൽ ടെസ്റ്റിൽ അഞ്ചാം റാങ്കിലും ട്വന്റി20യിൽ ഏഴാം സ്ഥാനത്തുമാണ് നിലവിലെ ലോകചാംപ്യൻമാർ.

കോഹ്‍ലി മികവിൽ ഇന്ത്യ

ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ സ്ഥിരതയാർന്ന പ്രകടനമാണ് ഏകദിന ക്രിക്കറ്റിലെ ഒന്നാം സ്ഥാനത്തേക്കുള്ള ഇന്ത്യയുടെ വളർച്ചയ്ക്കു പിന്നിൽ. 2016ൽ 739 റൺസായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം. കൃത്യം 739 പന്തുകള്‍ നേരിട്ടാണ് കോഹ്‍ലി ഇത്രയും റൺസെടുത്തത്. സ്ട്രൈക്ക് റേറ്റ് 100!

ഈ വർഷം ഇതുവരെ 1137 റൺസ് നേടിയ കോഹ്‍ലി അതിനായി നേരിട്ടതാകട്ടെ 1137 പന്തുതന്നെ. ഈ വർഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടി മുന്നിലുള്ള കോഹ്‍ലി, 2017ൽ കളിച്ച എല്ലാ പരമ്പരയിലും കുറഞ്ഞത് ഒരു സെഞ്ചുറിയെങ്കിലും നേടിയിട്ടുണ്ട്. ഈ പരമ്പരയിലും ആ നേട്ടം സൂക്ഷിക്കാൻ കോഹ്‍ലിക്കു സാധിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

അതേസമയം, ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ കോഹ്‌ലിയുടെ റെക്കോർഡ് ഒട്ടും മെച്ചമല്ല. ഹോം മൈതാനങ്ങളിൽ കോഹ്‍ലിയുടെ ഏറ്റവും മോശം പ്രകടനമാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ പിറന്നിട്ടുള്ളത്. ഇതുവരെ ഇവിടെ കളിച്ച നാല് ഏകദിനങ്ങളിൽ 10.50 റൺസ് ശരാശരിയിൽ 42 റൺസ് മാത്രമേ കോഹ്‍ലി നേടിയിട്ടുള്ളൂ. 0, 8, 34, 0 എന്നിങ്ങനെയായിരുന്നു ഇവിടെ കോഹ്‍ലിയുടെ പ്രകടനം.

പിച്ച് റിപ്പോർട്ട്

ഇന്നു മഴ പെയ്യുമെന്നാണു കാലാവസ്ഥാ പ്രവചനം. വേഗം കുറഞ്ഞ പിച്ചാണു ചിന്നസ്വാമിയിലേത്. ഒടുവിൽ ഏകദിനം നടന്നതു നാലുവർഷം മുൻപാണ്. ഇന്ത്യ ഈ ഗ്രൗണ്ടിൽ ഓസീസിനെ നേരിട്ട അവസാന മൽസരത്തിൽ ജയം ആതിഥേയർക്കുതന്നെയായിരുന്നു.

കമന്റ്

പരമ്പര നഷ്ടപ്പെട്ടതിൽ ഞങ്ങൾക്കു ദുഃഖമുണ്ട്. പക്ഷേ, ഇനിയുള്ള കളികളും ട്വന്റി20 മൽസരങ്ങളും ജയിക്കാനാണു ഞങ്ങൾ ശ്രമിക്കുന്നത്. – ഡേവിഡ് വാർണർ (ഓസീസ് വൈസ് ക്യാപ്റ്റൻ)

നമ്പർ ബോക്സ്

∙ 11 – ജൂലൈയിൽ ആന്റിഗ്വയിൽ വെസ്റ്റ് ഇൻഡീസിനോട് 11 റൺസിനു തോറ്റശേഷം പിന്നീടൊരു ഏകദിനത്തിലും ഇന്ത്യ എതിരാളികൾക്കു മുന്നിൽ മുട്ടുമടക്കിയിട്ടില്ല.

∙ 11 – ജനുവരി 26ന് അഡ്‌ലെയ്ഡിൽ പാക്കിസ്ഥാനെ വീഴ്ത്തിയ ശേഷം ഇതുവരെ ഒരുകളിയിൽപോലും ജയിക്കാൻ ഓസ്ട്രേലിയയ്ക്കും സാധിച്ചിട്ടില്ല. സ്വന്തം രാജ്യത്തിനു പുറത്ത് ഓസ്ട്രേലിയ തുടർച്ചയായി തോൽക്കുന്ന 11–ാം കളിയായിരുന്നു ഇൻഡോറിലേത്.

∙ 100 – ഇന്നത്തേത് ഡേവിഡ് വാർണറുടെ നൂറാം ഏകദിനം. 2009ൽ ആയിരുന്നു ഓസീസ് താരത്തിന്റെ ഏകദിന അരങ്ങേറ്റം.

related stories