Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുത്തിത്തിരിഞ്ഞ് പുറത്തേക്ക്; ടീമിലിടം നേടാനാകാതെ അശ്വിനും ജഡേജയും

Jadeja ജഡേജ

കുത്തിത്തിരിഞ്ഞ് കറങ്ങിയെത്തുന്ന കുൽദീപിന്റെയും ചഹാലിന്റെയും പന്തുകൾ ജഡേജയുടെയും അശ്വിന്റെയും വിക്കറ്റെടുത്തോ? എറിഞ്ഞ് പഴകിയ പന്തുപോലെ അശ്വിന്റെയും ജഡേജയുടെയും ബോളിങ് പഴഞ്ചനായോ? ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20യിലും സീനിയർ സ്പിന്നർമാരെ പരിഗണിക്കാത്തതോടെ നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇവരുടെ ഭാവിയെക്കുറിച്ച് ആശങ്ക ഉയരുന്നു. കഴിഞ്ഞ പത്ത് ഏകദിനങ്ങളിൽ അശ്വിൻ ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. ഓസീസിനെതിരായ ഏകദിനത്തിൽ വിശ്രമം അനുവദിച്ച ജഡേജയെ ഇടയ്ക്ക് തിരിച്ചുവിളിച്ചെങ്കിലും കളത്തിലിറക്കിയില്ല. ഇങ്ങനെയുമുണ്ടോ ഒരു ‘വിശ്രമം’ എന്നു പരിഹസിച്ച് ഹർഭജൻ സിങ്ങുവരെ രംഗത്തെത്തുകയും ചെയ്തു.

‘ഏകദിനത്തിൽ അശ്വിനെയും ജഡേജയെയും ആക്രമിക്കാൻ ആർക്കും സാധിക്കുമെന്ന സ്ഥിതിയായി. ഒന്നുകിൽ അവർ ശൈലി മാറ്റണം. അല്ലെങ്കിൽ ഇന്ത്യ മറ്റൊരു സ്പിൻ സഖ്യത്തെ തേടണം.’ ഇക്കഴിഞ്ഞ ഐസിസി ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിനുശേഷം മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്ടർ കിരൺ മോറെ പറഞ്ഞതാണിത്. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇരുവരും ചേർന്ന് വഴങ്ങിയ 137 റൺസാണ് പാക്കിസ്ഥാനെ കൂറ്റൻ സ്കോറിലെത്തിച്ചത്. തുടർന്ന് സ്ഥാനമേറ്റെടുത്ത രവി ശാസ്ത്രി ഇന്ത്യൻ സ്പിൻ സഖ്യത്തിൽ മാറ്റംവേണമെന്ന് ശക്തമായി വാദിച്ചു. ടീമിൽ ഒരു റിസ്റ്റ് സ്പിന്നർ നിർബന്ധമെന്ന കോച്ചിന്റെ നിലപാടാണ് ആവേശത്തോടെ പന്തെറിയാൻ കുൽദീപ് യാദവിനും യുസവേന്ദ്ര ചഹാലിനും കരുത്താകുന്നത്.

2015 ലോകകപ്പ് ക്രിക്കറ്റിനുശേഷം അശ്വിനും ജഡേജയും നിറംമങ്ങിയെന്നു തെളിയിക്കുന്നതാണ് കണക്കുകൾ. ലോകകപ്പിനുശേഷം കളിച്ച 55 ഏകദിനങ്ങളിൽ പകുതിയോളം മൽസരങ്ങളിലും ഇരുവരും ടീമിലിടം പിടിച്ചില്ല. 25 ഏകദിനങ്ങൾ കളിച്ച ജഡേജ 55.76 ബോളിങ് ശരാശരിയിലാണ് പന്തെറിഞ്ഞത്. നേടിയത് 21 വിക്കറ്റുകളും. 23 ഏകദിനങ്ങൾ കളിച്ച അശ്വിൻ പന്തെറിഞ്ഞത് 34 റൺസ് ശരാശരിയിലാണ്.

ഓസീസിനെതിരെ ഹാട്രിക്കുമായി തിളങ്ങി ചൈനാമാൻ കുൽദീപും മധ്യ ഓവറുകളി‍ൽനന്നായി പന്തെറിഞ്ഞ് യുസവേന്ദ്ര ചഹാലും കിട്ടിയ അവസരത്തിൽ കരുത്തു കാട്ടുകയും ചെയ്തു. മൂന്നാം ബോളറായി സ്ഥാനമുറപ്പിച്ചിരുന്ന അമിത് മിശ്രയുടെ സ്ഥാനം തെറിപ്പിച്ചത് അക്സർ പട്ടേലിന്റെ വരവാണ്.

ഏകദിന ക്രിക്കറ്റിലെ ഇന്ത്യൻ സ്പിന്നർമാരുടെ പ്രകടനങ്ങൾ

‍രവിചന്ദ്ര അശ്വിൻ

(കഴിഞ്ഞ രണ്ടുവർഷം)
മൽസരങ്ങൾ 12
വിക്കറ്റുകൾ 11
ഇക്കണോമി 5.79

രവീന്ദ്ര ജഡേജ


(കഴിഞ്ഞ രണ്ടുവർഷം)
മൽസരങ്ങൾ 15
വിക്കറ്റുകൾ 11
ഇക്കണോമി 5.27

കുൽദീപ് യാദവ്

(കരിയറിൽ ഇതുവരെ)
മൽസരങ്ങൾ 11
വിക്കറ്റുകൾ 18
ഇക്കണോമി 4.78

യുസവേന്ദ്ര ചഹാൽ

(കരിയറിൽ ഇതുവരെ)
മൽസരങ്ങൾ 11
വിക്കറ്റുകൾ 17
ഇക്കണോമി 4.50

related stories