Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേപ്പാളിനു പിന്നാലെ ബംഗ്ലദേശിനോടും തോറ്റ് ‘ദ്രാവിഡിന്റെ കുട്ടികൾ’ ഏഷ്യാകപ്പിൽനിന്ന് പുറത്ത്

Bangladesh-U-19

ക്വാലലംപുർ ∙ നേപ്പാളിനു പിന്നാലെ ബംഗ്ലദേശിനോടും തോറ്റ ഇന്ത്യയുടെ കുട്ടിപ്പട, അണ്ടർ 19 ഏഷ്യാകപ്പിൽനിന്ന് പുറത്തായി. മൂന്നു ദിവസത്തിനിടെ തുടർച്ചയായ രണ്ടാം തോൽവി വഴങ്ങിയാണ് നിലവിലെ ചാംപ്യൻമാരായ ഇന്ത്യയുടെ പുറത്താകൽ. മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യൻ യുവനിരയെ എട്ടു വിക്കറ്റിനാണ് ബംഗ്ലദേശ് കെട്ടുകെട്ടിച്ചത്. കഴിഞ്ഞ മൽസരത്തിൽ 19 റൺസിനാണ് ദുർബലരായ നേപ്പാള്‍ ഇന്ത്യയെ വീഴ്ത്തിയത്.

അതേസമയം, രഞ്ജി ട്രോഫി മല്‍സരങ്ങൾ നടക്കുന്നതിനാൽ പ്രധാനപ്പെട്ട താരങ്ങളിൽ ചിലരെ കൂടാതെയാണ് ഇന്ത്യ ടൂർണമെന്റിനെത്തിയത്. മൂന്നു മൽസരങ്ങളിൽനിന്ന് രണ്ടു തോൽവിയും ഒരു വിജയവും സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ഗ്രൂപ്പ് എയിൽ മൂന്നാമതെത്താനേ കഴിഞ്ഞുള്ളൂ. ആദ്യ രണ്ടു സ്ഥാനത്തെത്തിയ ബംഗ്ലദേശും നേപ്പാളും സെമിയിലേക്കു മുന്നേറുകയും ചെയ്തു. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ടീമുകളാണ് ഗ്രൂപ്പ് ബിയിൽനിന്ന് സെമിയിൽ കടന്നത്.

മഴമൂലം 32 ഓവറാക്കി വെട്ടിച്ചുരുക്കിയ മൽസരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. ഏഴാമനായി ബാറ്റിങ്ങിനിറങ്ങി 39 റൺസ് നേടിയ സൽമാൻ ഖാനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അനൂജ് റാവത്ത് 34 റൺസെടുത്തു. ഒരു ഘട്ടത്തിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 68 റൺസ് എന്ന നിലയിലായിരുന്ന ഇന്ത്യ പിന്നീട് 187 റൺസ് ഓൾഔട്ടാവുകയായിരുന്നു. ആറ് ഓവറിൽ 43 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ റബീഹുൽ ഹഖാണ് ഇന്ത്യയെ തകർത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശിന് 77 പന്തിൽ 81 റൺസുമായി മിന്നിത്തിളങ്ങിയ പിനക് ഘോഷിന്റെ പ്രകടനമാണ് കരുത്തായത്. മൂന്നു വീതം സിക്സും ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് ഘോഷിന്റെ ഇന്നിങ്സ്. ഓപ്പണിങ് വിക്കറ്റിൽ നയീം ഷെയ്ഖിനൊപ്പം 82 റൺസിന്റെ കൂട്ടുകെട്ട് തീർത്ത പിനക് ഘോഷ്, ബംഗ്ലദേശിനെ അനായാസം വിജയത്തിലേക്കു നയിച്ചു. നയീം 44 പന്തിൽ 38 റൺസെടുത്ത് പുറത്തായി.

related stories