Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിക്കറ്റ് അദ്ഭുതങ്ങൾ അവസാനിക്കുന്നില്ല; ‘യോഗ ചെയ്യുന്നതുപോലെ’ പന്തെറിയുന്ന യുവതാരം

Kevin-Koththigoda കെവിൻ കോത്തിഗോഡ (ട്വിറ്റർ ചിത്രം)

കൊളംബൊ ∙ മുത്തയ്യ മുരളീധരനും അജാന്ത മെൻഡിസിനും ശേഷം അമ്പരപ്പിക്കുന്ന ബോളിങ് ആക്‌ഷനുമായി ശ്രീലങ്കയിൽനിന്ന് ഇതാ ഒരു കൊച്ചുപയ്യൻ. കെവിൻ കോത്തിഗോഡയെന്ന ലെഗ് സ്പിന്നർ പന്തെറിയുന്നതു ‘യോഗ ചെയ്യുന്നതു പോലെ’ എന്ന കമന്റുമായി ഈ ചിത്രം ട്വിറ്ററിൽ ഇന്നലെ ട്രെൻഡിങ്ങായി. മലേഷ്യയിൽ യൂത്ത് ഏഷ്യ കപ്പ് കളിക്കുന്ന ശ്രീലങ്കൻ അണ്ടർ 19 ടീമിൽ അംഗമാണ് കോത്തിഗോഡ. പയ്യൻസിനു ഭാവിയുണ്ടെന്നാണ് ലങ്കൻ ക്രിക്കറ്റിലെ മഹാരഥന്മാരുടെ അഭിപ്രായം.

ദക്ഷിണാഫ്രിക്കയുടെ പോൾ ആഡംസിലൂടെ വിശ്വവിഖ്യാതമായി മാറിയ ചൈനാമെൻ ബോളിങ് വിഭാഗത്തിലെ പുതിയ കണ്ണിയാണ് ശ്രീലങ്കയിൽനിന്നുള്ള ഈ യുവതാരം. ഏതാണ്ട് പോൾ ആഡംസിന്റേതിനു സമാനമാണ് കെവിന്റെ ബോളിങ് ആക്ഷൻ (കുറച്ചുകൂടി വിചിത്രമാണെങ്കിലേയുള്ളൂ). ചൈനമാൻ ബോളറായി അറിയപ്പെടുന്ന പോൾ ആഡംസ് ഇടംകയ്യൻ ബോളറായിരുന്നെങ്കിൽ കെവിൻ കോത്തിഗോഡ വലംകയ്യനാണെന്ന വ്യത്യാസം മാത്രം. വലങ്കയ്യൻ ബോളർമാർ ലെഗ്സ്പിൻ എറിയുന്നതിനു സമാനമായ പന്തുകൾ ഇടങ്കയ്യൻ സ്പിന്നർമാർ എറിയുന്നതാണു ചൈനമാൻ ബോളിങ്.

കൈക്കുഴ മാജിക്

വിരലുകളെക്കാളുപരി കൈക്കുഴ ഉപയോഗിച്ചാണു ചൈനമാൻ പന്തുകൾ തിരിക്കുന്നത്. ഇന്ത്യയുടെ സമീപകാല ക്രിക്കറ്റ് വിജയങ്ങളിൽ നിർണായക സാന്നിധ്യമായ കുൽദീപ് യാദവ് ചൈനമാൻ ബോളറാണ്. ഇന്ത്യയ്ക്ക് യോഗ്യനായ ഒരു ചൈനമാൻ ബോളറെ ആദ്യമായാണു ലഭിക്കുന്നതെങ്കിലും വെസ്റ്റ് ഇൻഡീസിന്റെ ഗാരി സേബേഴ്സ്, ഓസ്ട്രേലിയയുടെ മൈക്കൽ ബെവൻ, ബ്രാഡ് ഹോഗ്, ദക്ഷിണാഫ്രിക്കയുടെ പോൾ ആഡംസ് തുടങ്ങി ഒട്ടേറെ താരങ്ങളുണ്ട് മികവു തെളിയിച്ചവരായി. പന്തുകളിൽ വരുത്തുന്ന വ്യത്യസ്തയാണു ചൈനമാൻ ബോളർമാരെ അപകടകാരികളാക്കുന്നത്. 

ചൈനാമാൻ സ്പെഷലിസ്റ്റുകളായി പേരെടുത്ത താരങ്ങൾ ലോകക്രിക്കറ്റിൽ തന്നെ വളരെക്കുറവാണ്. ഇടതു കൈക്കുഴയിൽവച്ച് പന്ത് കറക്കാനുള്ള പ്രയാസം കാരണമാണ് പലരും ഈ രീതി പിന്തുടരാത്തതെന്നു ക്രിക്കറ്റ് വിദഗ്ധർ നിരീക്ഷിക്കുന്നു. ഈ ശൈലി അധികം പ്രചാരം നേടും മുൻപു തന്നെ അതു പിന്തുടർന്ന വെസ്റ്റ് ഇൻഡീസിന്റെ ഇതിഹാസ താരം ഗാരി സോബേഴ്സാണ് പഴയകാല പടക്കുതിരകളിലെ പ്രശസ്ത ‘ചൈനാമാൻ’. സോബേഴസ് ഫാസ്റ്റ് മീഡിയം, ഇടംകയ്യൻ സ്പിൻ എന്നീ ശൈലികളിലും വിക്കറ്റുകൾ വാരിക്കൂട്ടിയിട്ടുണ്ട്. 

ദക്ഷിണാഫ്രിക്കയുടെ പോൾ ആഡംസ്, ഓസ്ട്രേലിയയുടെ ബ്രാഡ് ഹോഗ്, സൈമൺ കാറ്റിച്ച്, മൈക്കൽ ബെവൻ തുടങ്ങിയവരും ചൈനാമാൻ ആക്‌ഷൻ കൊണ്ടു ശ്രദ്ധ നേടിയവരാണ്. 

എന്താണ് ചൈനാമാൻ?

വലംകയ്യൻ സ്പിന്നറുടെ ലെഗ് ബ്രേക്ക് ബോളിങ്ങിന്റെ പ്രതിബിംബം എന്നു വിളിക്കാം ചൈനാമാൻ ബോളിങ്ങിനെ. പതിവുശൈലി ആക്ഷനിൽനിന്നു മാറിയുള്ള ഇടംകൈ സ്പിൻ ബോളിങ്. പന്ത് കറക്കാൻ വിരലുകൾക്കു പകരം കൈക്കുഴ ഉപയോഗിക്കുന്നതാണ് പ്രത്യേകത. പന്ത് ബാറ്റ്സ്മാന്റെ ഇടതുഭാഗത്തു പിച്ച് ചെയ്ത ശേഷം വലതുഭാഗത്തേക്ക് കറങ്ങും. പന്തിന്റെ ദിശ വലംകയ്യൻ സ്പിൻ ബോളറുടേതിനു സമാനമായിരിക്കുമെങ്കിലും ടേൺ കൂടുതൽ ഉണ്ടാകും. അൽപം കൂടി മൂർച്ചയേറിയതാകും എന്നു ചുരുക്കം. 

ചൈനയിൽ ക്രിക്കറ്റിനു കാര്യമായ പ്രചാരം ഇല്ലെങ്കിലും ദശകങ്ങളായി ചൈനമാൻ പന്തുകൾ സ്പിൻബോളിങ്ങിന്റെ ഭാഗമാണ്. 1933ൽ ഇംഗ്ലണ്ടും വെസ്റ്റ് ഇൻഡീസും തമ്മിൽ ഓൾഡ് ട്രാഫോഡിൽ നടന്ന ടെസ്റ്റിലാണ് ഈ വാക്കിന്റെ പിറവി. ഇംഗ്ലണ്ട്– വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് മത്സരം നടക്കുന്നതിനിടെയായിരുന്നു ഇത്. വെസ്റ്റ് ഇൻഡീസിനു വേണ്ടി ഏലിസ് അചോങ് എന്ന ചൈനീസ് വംശജൻ കളിക്കുന്നു. ഇംഗ്ലിഷ് താരം വാൾട്ടർ റോബിൻസ് ക്രീസിൽ. അചോങ്ങ് എറിഞ്ഞ പന്ത് ഇടതു വശത്തു പിച്ച് ചെയ്തു വലത്തോട്ട് തിരിഞ്ഞു റോബിൻസിന്റെ വിക്കറ്റുമായി കുതിച്ചു.

പവലിയനിലേക്കു പോകവെ ചൈനീസ് വംശജന്റെ മുന്നിൽ മുട്ടുമടക്കേണ്ടി വന്നതിലുള്ള ദേഷ്യം മൂത്ത് അവരെ അധിക്ഷേപിച്ച് റോബിൻസ് വിളിച്ചു– ‘‘ബ്ലഡി ചൈനാമാൻ’’. അങ്ങനെ റോബിൻസിനെ ഭ്രമിപ്പിച്ചു കടന്നു പോയ ആ പന്തിനെ, ആ ബോളിങ് ശൈലിയെ പിന്നീട് ലോകം ചൈനാമാൻ എന്നു വിളിക്കാൻ തുടങ്ങി. ചൈനാമാൻ എന്ന പേരിന്റെ ഉറവിടത്തെക്കുറിച്ച് പല കഥകളുണ്ടെങ്കിലും കൂടുതൽ സ്വീകാര്യമായി ചരിത്രം രേഖപ്പെടുത്തിയത് ഇതാണ്. 

മൈക്കൽ ബെവൻ 

ഒരു കാലത്ത് ഓസീസ് ടീമിന്റെ മധ്യനിരയുടെ കരുത്തായിരുന്ന മൈക്കൽ ബെവൻ ബെസ്റ്റ് ഫിനിഷറായിരുന്നു. ഈ ഏകദിന സ്പെഷലിസ്റ്റ് ബാറ്റ് കൊണ്ടു മാത്രമല്ല, ടീമിന് ആവശ്യമുള്ളപ്പോൾ പന്തെടുത്തും ഇന്ദ്രജാലം കാട്ടി. ബോളിങ്ങിൽ എതിരാളികളെ കറക്കിയത് ചൈനാമാൻ കൊണ്ടു തന്നെ. 18 ടെസ്റ്റുകളിൽനിന്ന് 29 വിക്കറ്റ്, 232 ഏകദിനങ്ങളിൽനിന്ന് 36 വിക്കറ്റ് നേട്ടം. ഓസീസിനു വേണ്ടി 1996, 99, 2003 ലോകകപ്പുകൾ കളിച്ചു. 

ബ്രാഡ് ഹോഗ് 

1996ൽ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിനു ഓസ്ട്രേലിയൻ ടീമിൽനിന്നു പരുക്കു മൂലം അൽപകാലം പുറത്തിരിക്കേണ്ടി വന്നപ്പോഴാണ് ബ്രാഡ് ഹോഗ് ടീമിൽ കയറിപ്പറ്റിയത്. അതോടെ ഓസീസിനും ഒരു ‘ചൈനാക്കാരനെ’ കിട്ടി. പക്ഷേ, വൈകാതെ പുറത്തായി. 2003ൽ വീണ്ടും ടീമിൽ തിരിച്ചെത്തി. 2003, 2007 ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്ന ഹോജ്. 2008ൽ ആണു വിരമിച്ചത്. ഏഴു ടെസ്റ്റിൽനിന്നു 17 വിക്കറ്റുകളും 123 ഏകദിനങ്ങളിൽനിന്നു 156 വിക്കറ്റുകളുമാണ് സമ്പാദ്യം. 

സൈമൺ കാറ്റിച്ച് 

ഓസ്ട്രേലിയയുടെ ഇടംകയ്യൻ ഓപ്പണിങ് ബാറ്റ്സ്മാൻ ആയിരുന്ന കാറ്റിച്ച് പാർട് ടൈം ബോളറുമായിരുന്നു. അങ്ങനെയാണ് കാറ്റിച്ചിന്റെ ചൈനാമാനെ ലോകം കണ്ടത്. 2001 – 2011 കാലത്ത് ഓസീസിനു വേണ്ടി 56 ടെസ്റ്റ് മത്സരങ്ങൾ കളിച്ചു. രണ്ടാമത്തെ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ പന്തെറിയാനെത്തിയ ഈ പാർട് ടൈം ബോളർ 65 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി ഞെട്ടിച്ചു. 56 ടെസ്റ്റുകളിൽനിന്നു 21 വിക്കറ്റുകളാണ് സമ്പാദ്യം.

(With inputs from P.V. Arun Dev)

related stories