Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിലക്ടർമാർ കാണുന്നില്ലേ, ഈ മിന്നൽപ്പിണർ !

Sanju-Samson

തിരുവനന്തപുരം∙ നിർണായകമായ മൽസരങ്ങളിൽ സാഹചര്യങ്ങൾ വിലയിരുത്തി കളി മെനയാനും ടീമിനെ വിജയവഴിയിലെത്തിക്കാനുമുള്ള കഴിവാണ് മികച്ച ക്രിക്കറ്ററുടെ അളവുകോലെങ്കിൽ കേരളത്തിന്റെ ലിറ്റിൽ മാസ്റ്റർ സഞ്ജു സാംസൺ ആ പക്വതയാർജിച്ചുകഴിഞ്ഞു എന്നു നിസംശയം പറയാം. രഞ്ജി ട്രോഫിയിലും ശ്രീലങ്കയ്ക്കെതിരെ ബോർഡ് പ്രസിഡന്റ്സ് ടീമിന്റെ നായകൻ എന്ന നിലയിലും സഞ്ജുവിന്റെ പ്രകടനങ്ങൾ ഇന്ത്യൻ ടീമിലേക്കുള്ള കരുത്താർന്ന അവകാശവാദങ്ങൾ കൂടിയായി മാറുന്നു. 

രഞ്ജി ട്രോഫിയിൽ രാജസ്ഥാനെതിരായ മൽസരത്തിൽ ജയിച്ചില്ലെങ്കിൽ കേരളത്തിന്റെ ടൂർണമെന്റിലെ സാധ്യതകൾ കുറയുമെന്ന ഘട്ടത്തിലാണ് സഞ്ജുവിന്റെ ഈ സീസണിലെ ആദ്യ സെഞ്ചുറി പിറക്കുന്നത്. സ്പിന്നർമാരെ അളവറ്റു പിന്തുണയ്ക്കുന്ന തുമ്പ സെന്റ് സേവ്യേഴ്സ് മൈതാനത്തെ പിച്ചിലെ ഉജ്വല സെഞ്ചുറിക്ക് മാൻ ഓഫ് ദ് മാച്ച് പുരസ്കാരവും ലഭിച്ചു. 

തൊട്ടുപിന്നാലെയാണ് ശ്രീലങ്കയ്ക്കെതിരായ സന്നാഹ മൽസരത്തിൽ ബോർഡ് പ്രസിഡന്റ്സ് ഇലവനെ നയിക്കാനുള്ള നിയോഗം സഞ്ജുവിനു ലഭിക്കുന്നത്. മികച്ച സ്കോർ പടുത്തുയർത്തിയ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യൻ ടീം പതറിയപ്പോൾ നായകന്റെ ഉത്തരവാദിത്തത്തോടെ നേടിയ സെ‍ഞ്ചുറിക്ക് വിജയത്തോളം തിളക്കമുണ്ടായിരുന്നു.  

ഗ്രൂപ്പ് ബിയിൽ ഒരു കളിയും തോൽക്കാതെ ഒന്നാംസ്ഥാനത്തുള്ള സൗരാഷ്ട്രയ്ക്കെതിരെ വിജയം അനിവാര്യമായ മൽസരത്തിന്റെ ഒന്നാം ഇന്നിങ്സിൽ പൊരുതി നേടിയ അർധസെഞ്ചുറി ടീമിനെ കൂട്ടത്തകർച്ചയിൽ നിന്നാണു കരകയറ്റിയത്. ഒന്നാം ഇന്നിങ്സിൽ ലീഡ് വഴങ്ങിയിട്ടും വിജയം നേടിയേ തീരൂ എന്ന നിശ്ചയദാർഢ്യത്തോടെ രണ്ടാം ഇന്നിങ്സിൽ നേടിയ 175 റൺസിനെ ഒന്നൊന്നര സെഞ്ചുറി എന്നുതന്നെ വിശേഷിപ്പിക്കണം. കേരളത്തിനു വിജയത്തിനു വേണ്ടി പൊരുതാൻ ആത്മവിശ്വാസം നൽകിയ ക്ലാസ് കളി. രഞ്ജി ട്രോഫിയിലെ റൺവേട്ടക്കാരിലും സഞ്ജു മുൻനിരയിലെത്തി. അ‍ഞ്ച് കളികളിൽ രണ്ട് സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറികളും ഉൾപ്പെടെ 561 റൺസ്. 

ധോണിക്കു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം തേടുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്ടർമാർക്ക് ഇനി സഞ്ജുവിന്റെ പേര് തിരഞ്ഞെടുപ്പു ചർച്ചകളിൽ നിന്ന് ഒഴിവാക്കാനാകില്ല.