Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും പുറത്ത്; അശ്വിന്റെയും ജഡേജയുടെയും ഏകദിന കരിയര്‍ അവസാനിക്കുന്നു?

Jadeja-Ashwin

ഒന്നര വർഷത്തിനപ്പുറം ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമൊരുക്കം ഇന്ത്യ നേരത്തേ തുടങ്ങിക്കഴിഞ്ഞു. അതിനായി ചാംപ്യൻമാരുടെ കൂട്ടത്തെ തയാറാക്കുകയാണ് ക്യാപ്റ്റൻ കോഹ്‌ലിയും കോച്ച് രവി ശാസ്ത്രിയും. പ്രകടനം, മികവ് എന്നതു മാത്രം ടീമിലെത്താൻ അളവുകോലാകുമ്പോൾ പ്രതീക്ഷകളിൽ കടുംവെട്ടും കൂട്ടവെട്ടുമൊക്കെ കാണേണ്ടിവരും.

നിലവിൽ കോഹ്‌ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും കഴിഞ്ഞാൻ ഹാർദിക് പാണ്ഡ്യയ്ക്കും ഭുവനേശ്വർ കുമാറിനും ബുംറയ്ക്കും മാത്രമേ സ്ഥാനമുറപ്പുള്ളൂ. ഇന്ത്യയുടെ എക്കാലത്തെയും ശക്തിയായ സ്പിൻ വിഭാഗമാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. കരുത്തൻമാരായ ആർ.അശ്വിനും രവീന്ദ്ര ജഡേജയ്ക്കും സ്ഥാനമുറപ്പില്ല. നിലവിൽ സാധ്യതയില്ലെന്നു തന്നെ പറയേണ്ടിവരും.

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലും ഇരുവർക്കുമിടമില്ല. ട്വന്റി20 പരമ്പരയിൽ ഇടം കിട്ടാൻ ഇടയുമില്ല. ഇതോടെ തുടർച്ചയായ നാലാമത് പരമ്പരയായി പുറത്തിരിക്കുന്നത്. പകരം വന്ന യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ... മൂവരും നീലവർണമണിയാൻ കിട്ടിയ അവസരം മുഴുവൻ മുതലാക്കി മൽസരത്തിലാണ്.

ജൂലൈയിൽ നടന്ന വെസ്റ്റിൻഡീസ് പര്യടനത്തിലാണ് അവസാനമായി അശ്വിനും ജഡേജയും ഒന്നിച്ചത്. അതിനുശേഷം ശ്രീലങ്കയിൽ ഇന്ത്യ ഏകദിന, ട്വന്റി 20 മൽസരങ്ങൾ കളിച്ചു, ഓസ്‌ട്രേലിയയും ന്യൂസിലൻഡും ഇന്ത്യയിലെത്തി, ഇപ്പോൾ ലങ്കയും. ടെസ്റ്റിൽ നന്നായി എറിയുന്നുണ്ടെങ്കിലും കഴിഞ്ഞ ലോകകപ്പിനുശേഷം രണ്ടുപേരും ഏകദിനങ്ങളിൽ വിക്കറ്റെടുക്കുന്ന കാര്യത്തിൽ പിന്നിലാണ്.

ചാംപ്യൻസ് ട്രോഫിയിലെ മങ്ങിയ പ്രകടനവും വിനയായി. ലീഗ് ഘട്ടത്തിൽ ഇന്ത്യ ശ്രീലങ്കയോടു പരാജയപ്പെട്ടപ്പോൾ ജഡേജ നൽകിയത് ആറോവറിൽ 52 റൺസാണ്. ഫൈനലിൽ പാക്കിസ്ഥാനെതിരെ എട്ടോവറിൽ 67 റൺസും. ഹാർദിക് പാണ്ഡ്യയെ റണ്ണൗട്ടാക്കിയത് ആരു മറന്നാലും ആരാധകർ മറക്കില്ല. അശ്വിന്റെയും കാര്യം മറിച്ചല്ല. പേടിപ്പെടുത്തുന്ന, വിക്കറ്റെടുക്കുന്ന  ബോളർ എന്ന പേരൊന്നും അശ്വിനില്ല. റൺസ് വിട്ടുകൊടുക്കുന്നതിലെ പിശുക്കും നഷ്ടപ്പെട്ടു. ബാറ്റിങ്ങിലും ഇരുവരും ശോഭിച്ചിട്ട് നാളേറെയായി.

കോഹ്‌ലിയുടെ ആക്രമണോൽസുക ക്രിക്കറ്റുമായി ഒത്തുപോകാത്തതാണ് രണ്ടാളുടെയും പ്രധാന പ്രശ്‌നം. റൺസ് വിട്ടുകൊടുക്കാത്തതിലല്ല, വിക്കറ്റെടുക്കുന്നതിലാണ് കോഹ്‌ലിക്കു താൽപര്യം. അവസാനം കളിച്ച 10 ഏകദിനങ്ങളിൽ അശ്വിനു പത്തും ജഡേജയ്ക്ക് ഏഴും വിക്കറ്റാണ് നേടാൻ സാധിച്ചത്. കരിയറിൽ 4.9 എന്ന മാന്യമായ ഇക്കോണമിയുള്ള ഇരുവരും ആറിനടുത്താണ് ഈ കാലയളവിൽ റൺസ് വിട്ടുകൊടുത്തത്.

എന്നാൽ കരിയറിനു തുടക്കത്തിലാണെങ്കിലും ചാഹലിന്റെയും കുൽദീപിന്റെയും അക്ഷറിന്റെയും ഇക്കണോമി അഞ്ചിൽ താഴെയാണ്. ബാറ്റിങ് നോക്കിയാൽ അവസാന 25 ഇന്നിങ്‌സുകളിൽ ഒന്നിൽപോലും അശ്വിന് 20 റൺസിലധികം സ്‌കോർ ചെയ്യാൻ സാധിച്ചിട്ടില്ല. ജഡേജയുടെ ടോപ് സ്‌കോർ 32 ആണ്. ഇടങ്കയ്യൻ സ്പിന്നർ, ഫീൽഡിലെ മിന്നൽപ്പിണർ, ബാറ്റുചെയ്യും.. ഈ ഗുണങ്ങൾപോലും ജേതാക്കളുടെ സംഘമെന്ന കോഹ്‌ലിയുടെ സമവാക്യത്തിലേക്കു ചേരാൻ ജഡേജയെ സഹായിക്കുമെന്നു തോന്നുന്നില്ല.

related stories