Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുകമഞ്ഞിൽ ഫീൽഡ് ചെയ്യാൻ ആളില്ലാതെ ലങ്ക; ഇന്നിങ്സ് ഡിക്ലയർ ചെയ്ത് കോഹ്‍ലി

Sri-Lankan-players

ന്യൂഡൽഹി ∙ ഡൽഹിയിലെ പുകമഞ്ഞ് ഇന്ത്യയിൽ ക്രിക്കറ്റ് കളിക്കാനെത്തിയ ശ്രീലങ്കൻ ടീമിനെയും ചതിച്ചു. ഡൽഹി ഫിറോസ്ഷാ കോട്‌ലയിൽ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഫീൽഡ് ചെയ്യാൻ ആളില്ലാതെ വലഞ്ഞ ലങ്കയ്ക്ക് ഒടുവിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ സഹായം. മോശം കാലാവസ്ഥ മൂലം കളിക്കാർ ഫീൽഡ് വിടേണ്ടി വന്നതോടെ പകരമിറങ്ങാൻ ആളില്ലാതെ വന്നതാണ് ശ്രീലങ്കയ്ക്ക് വിനയായത്. മൽസരത്തിന്റെ ഭൂരിഭാഗം സമയത്തും മാസ്ക് ധരിച്ചാണ് ലങ്കൻ താരങ്ങൾ കളത്തിലിറങ്ങിയത്.

ഇടയ്ക്കിടെ മോശം കാലാവസ്ഥ കാരണം മൽസരം തടസ്സപ്പെടുകയും ചെയ്തു. തുടർച്ചയായി മൽസരം തടസപ്പെട്ടത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയേയും ബാധിച്ചു. ഇരട്ടസെഞ്ചുറിയുമായി ക്രീസിൽ ഉറച്ചുനിന്ന് കളിക്കുകയായിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ‌ ഒടുവിൽ എൽബിയിൽ കുരുങ്ങി പുറത്തായി. മൽസരത്തിനിടെ ബാറ്റു ചെയ്യുന്ന ഇന്ത്യൻ താരങ്ങൾക്ക് വെള്ളവുമായി വന്ന പകരക്കാരും മാസ്ക് ധരിച്ചാണ് മൈതാനത്തേക്കെത്തിയത്.

ശ്രീലങ്കൻ താരങ്ങവെയാണ് മോശം കാലാവസ്ഥ കാര്യമായി ബാധിച്ചത്. അവരുടെ പ്രധാന ബോളർമാരായ സുരംഗ ലക്മൽ, ലഹിരു ഗാമേജ് തുടങ്ങിയവർ മോശം കാലാവസ്ഥ മൂലം ഫീൽഡ് ചെയ്യാനാകാതെ തിരികെ കയറുകയും ചെയ്തു. ഇടയ്ക്ക് മെ‍ഡിക്കൽ ടീമിനെ മൈതാനത്തേക്ക് വരുത്തി താരങ്ങൾക്ക് കളിക്കാനാകുമോയെന്ന് അംപയർമാർ അന്വേഷിക്കുകയും ചെയ്തു. ഇരു ക്യാപ്റ്റൻമാരെയും വിളിച്ചുവരുത്തി സംസാരിച്ച അംപയർ മൽസരം തുടരാൻ തീരുമാനിച്ചെങ്കിലും ലങ്കൻ താരം സദീര സമരവിക്രമയും കളിക്കാനാകാതെ മൈതാനം വിട്ടതോടെ ലങ്കൻ നിരയിൽ 10 പേർ മാത്രമായി. ഇതോടെ ശ്രീലങ്കൻ ക്യാപ്റ്റൻ ദിനേശ് ചണ്ഡിമൽ അംപയറെ സമീപിച്ചു. 

ഫീൽഡ് ചെയ്യാൻ ആളില്ലാത്ത കാര്യം ശ്രീലങ്കൻ ക്യാപ്റ്റനും അംപയർമാരും സംസാരിക്കവെ, തങ്ങൾ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി അറിയിക്കുകയായിരുന്നു. ഈ സമയം ഏഴു വിക്കറ്റ് നഷ്ടത്തിൽ 536 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. വൃദ്ധിമാൻ സാഹ (19 പന്തിൽ ഒൻപത്), രവീന്ദ്ര ജ‍ഡേജ (നാലു പന്തിൽ അഞ്ച്) എന്നിവരായിരുന്നു ഈ സമയത്ത് ക്രീസിൽ.

നേരത്തെ, പരമ്പരയിലെ തുടർച്ചയായ രണ്ടാം ഇരട്ടസെഞ്ചുറിയും മൂന്നാം സെഞ്ചുറിയും കുറിച്ച ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെയും രണ്ടാം സെ‍ഞ്ചുറി കുറിച്ച ഓപ്പണർ മുരളി വിജയിന്റെയും പ്രകടനമികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ കുറിച്ചത്. 287 പന്തിൽ 25 ബൗണ്ടറികളുടെ സഹായത്തോടെയാണ് കോഹ്‍ലി 243 റൺസെടുത്തത്. വിജയ് 267 പന്തിൽ 13 ബൗണ്ടറികളോടെ 155 റൺസെടുത്തും പുറത്തായി. രോഹിത് ശർമ 102 പന്തിൽ ഏഴു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ 65 റൺസെടുത്തു.

related stories