Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്മൽ മൈതാനത്ത് ഛർദ്ദിച്ചു; ഫിറോസ്ഷാ കോട്‌ലയിൽ വീണ്ടും നാടകീയ രംഗങ്ങൾ

Lakmal സുരംഗ ലക്മൽ മൈതാനത്ത് ഛർദ്ദിച്ചപ്പോൾ.

ന്യൂഡൽഹി ∙ 140 വർഷത്തെ ചരിത്രത്തിലാദ്യമായി ക്രിക്കറ്റ് താരങ്ങൾ മുഖംമൂടി അണിഞ്ഞിറങ്ങി ‘ചരിത്രം കുറിച്ച’ ഫിറോസ്ഷാ കോട്‍ലയിൽ വീണ്ടും നാടകീയ രംഗങ്ങൾ. അന്തരീക്ഷ മലിനീകരണം ഏറ്റവുമധികം ബാധിച്ച ലങ്കൻ താരങ്ങളിൽ ഒരാളായ സുരംഗ ലക്മ‌ൽ മൈതാനത്ത് ഛർദ്ദിച്ചതാണ് പുതിയ സംഭവവികാസം. ഇതോടെ, രാജ്യാന്തര മൽസരങ്ങളിലെ പ്രധാന വേദിയെന്ന ഡൽഹിയുടെ സ്ഥാനം തെറിക്കുമോ എന്നു സംശയമുയർന്നു. സംഭവത്തെ ഗൗരവമായി കാണുമെന്ന് ബിസിസിഐ വ്യക്തമാക്കിക്കഴിഞ്ഞു.

ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് ആറാം ഓവറിലേക്ക് കടന്നപ്പോഴാണ് സംഭവം. മൈതാനത്ത് ഫീൽഡ് ചെയ്തുകൊണ്ടിരുന്ന ലക്മൽ ഛർദ്ദിക്കുകയായിരുന്നു. തൊട്ടുപിന്നാലെ മൈതാനത്തേക്ക് ഓടിയെത്തിയ ശ്രീലങ്കൻ ടീം ഡോക്ടർക്കൊപ്പം താരം മൈതാനം വിടുകയും ചെയ്തു. പവലിയനിൽ ചികിത്സ തേടിയ ശേഷം അദ്ദേഹം 11–ാം ഓവറിൽ മൈതാനത്ത് തിരിച്ചെത്തുകയും ചെയ്തു.

പുകമഞ്ഞിനെതിരെ ലങ്കൻ താരങ്ങൾ പരാതിപ്പെട്ടതോടെ മൽസരത്തിന്റെ രണ്ടാം ദിനമായ ഞായറാഴ്ച 26 മിനിറ്റോളം കളി മുടങ്ങിയിരുന്നു. അന്നും ലക്മൽ ഉൾപ്പെടെ രണ്ടു ലങ്കൻ താരങ്ങൾ കളിക്കിടെ മൈതാനം വിട്ടുപോവുകയും ചെയ്തു. 

അന്ന് സംഭവിച്ചത്

123–ാം ഓവറിൽ മൂന്നു പന്തെറിഞ്ഞതിനുശേഷം പേസർ ലഹിരു ഗമാജെ ബോളിങ് നിർത്തി. തുടർന്ന് ലങ്കൻ ക്യാപ്റ്റൻ അംപയറെ സമീപിച്ചതോടെ കളി നിർത്തിവച്ചു. 125–ാം ഓവറിൽ വീണ്ടും പന്തെറിയാനെത്തിയ ഗമാജെ അശ്വിന്റെ വിക്കറ്റുനേടിയശേഷം ഓവർ പൂർത്തിയാക്കാതെ ഗ്രൗണ്ട് വിട്ടുപോയി. പിന്നാലെ പേസർ സുരംഗ ലക്മ‍ലും മടങ്ങി. പകരക്കാരെ ഇറക്കാത്തതിനു കാരണം തിരക്കിയ അംപയർക്കു മുൻപിൽ ലങ്കൻ താരങ്ങൾ ഫീൽഡ് ചെയ്യാനാകുന്നില്ലെന്ന നിലപാട് അറിയിക്കുകയായിരുന്നു. തുടർന്നാണു കോഹ്‍ലി ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. ഡിക്ലയർ തീരുമാനത്തോടു കയ്യടിച്ചാണു ലങ്കൻ താരങ്ങൾ പ്രതികരിച്ചത്. എന്നാൽ ഗാലറി അവരെ കൂവിവിളിച്ചു. 

പിന്തള്ളപ്പെടുമോ, ഡൽഹി?

അത്യാപത്കരമായ വായുമലിനീകരണം ഡൽഹിയെ മൂടുമ്പോൾ രാജ്യാന്തര മൽസരങ്ങളിലെ പ്രധാന്യമേറിയ വേദിയെന്ന നിലയിൽനിന്നു ഡൽഹി പിന്തള്ളപ്പെടുമെന്ന ആശങ്ക ശക്തം. നവംബർ 19ന് നടക്കേണ്ടിയിരുന്ന ഡൽഹി ഹാഫ് മാരത്തണും വായുമലിനീകരണം കാരണം റദ്ദാക്കിയിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ അതോറിറ്റിയുടെ കണക്ക് അനുസരിച്ച് പിഎം 2.5, പിഎം 10 എന്നീ മലിനീകാരികളാണ് നഗരത്തിന്റെ അന്തരീക്ഷത്തെ ഏറ്റവും കൂടുതൽ മോശമാക്കുന്നത്. കൂടാതെ, വിഷവാതകങ്ങളായ നൈട്രജൻ ഡയോക്സൈഡ് (എൻഒ 2), ഗ്രൗണ്ട് ലെവൽ ഓസോൺ (ഒ 3) എന്നിവയും കാണപ്പെടുന്നു. എൻഒ 2ന്റെ തോത് വളരെ ഉയർന്ന നിലയിലാണ്. ചില സ്ഥലങ്ങളിലാണ് ഒ 3 കാണപ്പെടുന്നത്.

അതേസമയം, വർഷത്തിൽ ഈ സമയത്ത് ഡൽഹിയിലെ വായുശുദ്ധി ഇത്രയും മോശമാകാറുണ്ടെന്ന നിലപാടാണ് പ്രാദേശിക അധികൃതർ പുലർത്തുന്നത്. എന്നാൽ ലങ്കൻ കളിക്കാർ മൽസരത്തിനിടെ മാസ്ക് ധരിച്ചതോടെ രാജ്യാന്തര തലത്തിലും ഡൽഹിയിലെ മലിനീകരണം വാർത്തയായി. വർധിച്ച മലിനീകരണം ഉണ്ടാകുന്ന സമയങ്ങളിൽ എൻ 95 മാസ്കുകൾ ധരിക്കാൻ ഡൽഹി സർക്കാർ അടുത്തിടെ നിർദേശം നൽകിയിരുന്നു. ഈ നിർദേശമാണ് ലങ്കൻ കളിക്കാർ പാലിച്ചത്.

‘മലിനീകരണത്തോത് ഏറ്റവും മോശമായ പട്ടികയിലാണിപ്പോൾ. വർഷത്തിൽ ഈ സമയം വായുശുദ്ധി ഇത്രയും മോശമാകാറുണ്ട്. എന്നാൽ മാസ്ക് ധരിച്ച് തുറസ്സായ സ്ഥലങ്ങളിൽ കഴിക്കുന്നത് നല്ലതാണോ എന്നു പറയാനാകില്ല’ – ഡൽഹി മലിനീകരണ നിയന്ത്രണ കമ്മിറ്റിയംഗം അറിയിച്ചു. കാറ്റിന്റെ വേഗം കുറഞ്ഞതും ഈർപ്പവുമാണ് മലിനീകരണത്തോത് വർധിപ്പിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു.

സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോണ്മെന്റ് (സിഎസ്ഇ) എന്ന സംഘടന നടത്തിയ പരിശോധനകളിൽ ഫിറോസ്ഷാ കോട്‌ല പരിസരത്ത് രാവിലെയും വൈകുന്നേരവും വായുശുദ്ധി അത്യാപൽക്കരമെന്ന പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. ദീർഘനേരം ഈ വായു ശ്വസിച്ചാൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കു കാരണമായേക്കാമെന്നും സിഎസ്ഇയുടെ പ്രസ്താവനയിൽ പറയുന്നു. 

related stories