Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‍ലിപ്പടയെ ഇനി ബുദ്ധിമുട്ടിക്കില്ല; ഏകദിനത്തിനും ട്വന്റി20ക്കും കൂടുതൽ ശ്രദ്ധ

kohli-india

ന്യൂഡൽഹി ∙ ജോലിഭാരത്തെക്കുറിച്ച് പരാതിപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിക്കും ടീമിനും ആവശ്യത്തിന് വിശ്രമം അനുവദിക്കാൻ ഇന്നു ചേർന്ന ബിസിസിഐയുടെ പ്രത്യക ജനറൽ മീറ്റിങ്ങിൽ തീരുമാനം. ഇന്ത്യയുടെ ഭാവി ക്രിക്കറ്റ് പരമ്പരകൾ നിശ്ചയിക്കാൻ ചേർന്ന യോഗത്തിലാണ് ജോലിഭാരം കുറയ്ക്കാൻ തീരുമാനിച്ചത്.

2019നും 2023നും ഇടയിലുള്ള കാലയളവിൽ ഇന്ത്യയുടെ മൽസരദിനങ്ങൾ 306 ആയി നിജപ്പെടുത്താനും ബിസിസിഐ യോഗം തീരുമാനിച്ചു. നിലവിൽ ഇത് 390 ദിവസങ്ങൾ വരെ നീളാറുണ്ട്. അതേസമയം, 2021ലെ ഐസിസി ചാംപ്യൻസ് ട്രോഫിയും 2023ലെ ഐസിസി ലോകകപ്പും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, ഈ മൽസരങ്ങള്‍ ഉൾപ്പെടുത്തിയാലും ടീമിന് 350നു മുകളിൽ മൽസര ദിനങ്ങളുണ്ടാകില്ല.

മൽസരങ്ങളുടെ ആധിക്യം നിമിത്തം ടീമിന് ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് തയാറെടുക്കാൻ ആവശ്യത്തിന് സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലി അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് ശ്രീലങ്കയ്ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകളിൽനിന്ന് കോഹ്‍ലിക്ക് വിശ്രമം അനുവദിക്കുകയും ചെയ്തു.

കഴിഞ്ഞ ഐപിഎൽ സീസൺ അവസാനിച്ചതു മുതൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വിശ്രമിക്കാൻ ആവശ്യത്തിനു സമയം ലഭിച്ചിട്ടില്ലെന്ന പരാതി വ്യാപകമാണ്. ഐപിഎല്ലിനു പിന്നാലെ ചാംപ്യൻസ് ട്രോഫിയിൽ കളിച്ച ടീം തുടർന്ന് വെസ്റ്റ് ഇൻഡീസിൽ പര്യടനം നടത്തി. പിന്നലെ ശ്രീലങ്കൻ പര്യടനം പൂർത്തിയാക്കി നാട്ടിലെത്തിയശേഷം തുടർച്ചയായി മൂന്നു പരമ്പരകളാണ് കളിച്ചത്. ഓസ്ട്രേലിയ, ന്യൂസീലൻഡ്, ശ്രീലങ്ക ടീമുകൾക്കെതിരെയായിരുന്നു ഇത് (മൂന്ന് ടെസ്റ്റ്, 11 ഏകദിനം, ഒൻപത് ട്വന്റി20).

ഇനിമുതൽ ക്രിക്കറ്റ് പരമ്പരകൾക്ക് പദ്ധതിയിടുമ്പോൾ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ പ്രബലർക്ക് പ്രാധാന്യം കൊടുക്കാനും ബിസിസിഐ തീരുമാനിച്ചു. ദുർബലരായ രാജ്യങ്ങളുമായി കൂടുതൽ മൽസരങ്ങൾ കളിക്കുന്നുവെന്ന പരാതിയെത്തുടർന്നാണിത്. പരമ്പരകൾ തീരുമാനിക്കുന്നതിന് പ്രത്യേക പ്രവർത്തക സമിതിയെ നിയോഗിക്കും. ബിസിസിഐ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ തുടങ്ങിയവരാകും ഈ സമിതിയിലെ അംഗങ്ങൾ. ടെസ്റ്റ് മൽസരങ്ങൾക്ക് പകരം കൂടുതൽ പരിമിത ഓവർ ക്രിക്കറ്റ് മ‍ൽസരങ്ങൾക്ക് പ്രാധാന്യം നൽകാനും യോഗം തീരുമാനിച്ചതായാണ് വിവരം. അടുത്തിടെയായി ഇന്ത്യ കൂടുതൽ ടെസ്റ്റ് മൽസരങ്ങൾ കളിച്ചിരുന്നു.

അടുത്തിടെ ടെസ്റ്റ് പദവി ലഭിച്ച അഫ്ഗാനിസ്ഥാന് ആദ്യത്തെ മൽസരത്തിന് വേദിയൊരുക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ 2019ൽ ഓസ്ട്രേലിയയ്ക്ക് എതിരെയാണ് അഫ്ഗാന്റെ ആദ്യ ടെസ്റ്റ് മൽസരം നിശ്ചയിച്ചിരിക്കുന്നത്. ഇത് നീണ്ട കാലയളവാണെന്ന വിലയിരുത്തലിനെ തുടർന്നാണ് അടുത്ത വർഷം തന്നെ അവരുടെ ആദ്യത്തെ മൽസരത്തിന് വേദിയൊരുക്കാനുള്ള ബിസിസിഐയുടെ തീരുമാനം.

related stories