Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധരംശാലയിൽ അജിങ്ക്യ രഹാനെയെ ഇന്ത്യ ‘മിസ് ചെയ്തു’: രോഹിത് ശർമ

Ajinkya-Rahane

ധരംശാല ∙ ധരംശാലയിലെ സീമർമാരെ തുണയ്ക്കുന്ന പിച്ചിൽ, അവർക്കെതിരെ മികച്ച റെക്കോർഡുള്ള അജിങ്ക്യ രഹാനെയെ ഇന്ത്യ ‘മിസ്’ ചെയ്തെന്ന് താൽക്കാലിക ക്യാപ്റ്റൻ രോഹിത് ശർമ. ഏകദിനത്തിൽ പൊതുവെ ഓപ്പണറായി പരിഗണിക്കപ്പെടുന്നതിനാലാണ് രഹാനയെ പുറത്തിരുത്താൻ താൻ നിർബന്ധിതനായതെന്നും മല്‍സരശേഷം രോഹിത് വ്യക്തമാക്കി.

ഓപ്പണർമാരുടെ സ്ഥാനത്തേക്ക് ധവാനും രോഹിത് ശർമയും സ്വാഭാവികമായി സ്ഥാനമുറപ്പിച്ചതോടെയാണ് അജിങ്ക്യ രഹാനെ പുറത്തിരിക്കേണ്ടി വന്നത്. രഹാനയെക്കു പകരം പാതിമലയാളി കൂടിയായ ശ്രേയസ് അയ്യർക്ക് അരങ്ങേറ്റത്തിന് അവസരം ലഭിക്കുകയും ചെയ്തു. മനീഷ് പാണ്ഡയെ അഞ്ചാമനായും ഇറക്കിയതോടെ രഹാനെയ്ക്കു മുന്നിൽ വഴിയടയുകയും ചെയ്തു.

അജിങ്ക്യ രഹാനെ ടീമിന്റെ ഓപ്പണിങ് ബാറ്റ്സ്മാനാണെന്ന് ശ്രീലങ്കയിൽവച്ച് തന്നെ നാം തീരുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ ഈ പൊസിഷൻ മാറ്റേണ്ടതില്ലെന്നായിരുന്നു പൊതുവെയുള്ള ധാരണയും. ഈ സാഹചര്യത്തിലാണ് ആദ്യ ഏകദിനത്തിൽ രഹാനെയെ പരിഗണിക്കാതിരുന്നത്.  ഒരാളുടെ ബാറ്റിങ് ഓർഡർ സ്ഥിരമായി മാറ്റുന്നത് കളിയെ ബാധിക്കാൻ സാധ്യതയേറെയാണ് – രോഹിത് ചൂണ്ടിക്കാട്ടി.

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ തുടർച്ചയായി നാല് മൽസരങ്ങളിൽ അർധസെഞ്ചുറി നേടിയ രഹാനയെ പുറത്തിരുത്തിയത് ക്രിക്കറ്റ് ആരാധകരിൽ ചിലരുടെ നെറ്റി ചുളിപ്പിച്ചിരുന്നു.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു മുന്നോടിയായി മനീഷ് പാണ്ഡെ, കേദാർ ജാദവ്, ശ്രേയസ്‍ അയ്യർ തുടങ്ങിയവർക്ക് ആവശ്യത്തിന് മൽസരപരിചയം നൽകാനും ടീം മാനേജ്മെന്റ് തീരുമാനിച്ചിരുന്നതായി രോഹിത് വെളിപ്പെടുത്തി. അവർ അവസരം മുതലാക്കുന്നുണ്ടോ എന്നതും പ്രധാനമാണെന്ന് രോഹിത് പറഞ്ഞു.

related stories