Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിന്നേം ബുമ്ര; ‘നോബോൾ’ മാറ്റി ‘ബുമ്ര ബോൾ’ എന്നാക്കണമെന്ന് ആരാധകർ

Bumrah-Noball

ധരംശാല ∙ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള പേരുകാരനാണ് ജസ്പ്രീത് ബുമ്രയെന്ന ഇരുപത്തിനാലുകാരൻ. കുറഞ്ഞകാലം കൊണ്ട് സമകാലീന ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് എന്നു പേരെടുത്ത താരം. എന്നാൽ, ധരംശാല ഏകദിനത്തിനുശേഷം ബുമ്ര വീണ്ടു വാർത്തകളിൽ നിറയുന്നത് അത്ര നല്ലൊരു കാര്യത്തിന്റെ പേരിലല്ല. അനവസരത്തിലുള്ള നോബോളുകളാണ് ഇത്തവണ ബുമ്രയെ ചതിച്ചത്.

ധരംശാല ഏകദിനത്തിൽ 112 റൺസെന്ന താരതമ്യേന ദുർബലമായ സ്കോർ പടുത്തുയർത്തിയ ടീം ഇന്ത്യയ്ക്ക്, കുറച്ചെങ്കിലും വിജയമെന്ന വിദൂര സാധ്യതയിലേക്കുള്ള ഏക പ്രതീക്ഷ ബോളർമാരുടെ മികവു മാത്രമായിരുന്നു. 19 റൺസിനിടെ രണ്ടു വിക്കറ്റ് വീഴ്ത്തി അവർ പ്രതീക്ഷ കാക്കുകയും ചെയ്തു. എന്നാൽ, തുടർന്നങ്ങോട്ട് ഉപുൽ തരംഗയുടെ നേതൃത്വത്തിൽ തിരിച്ചടിച്ച ശ്രീലങ്ക പതുക്കെ വിജയത്തിലെത്തുകയായിരുന്നു.

ശ്രീലങ്കൻ ഇന്നിങ്സിൽ ഇന്ത്യ നഷ്ടപ്പെടുത്തിയ മികച്ചൊരു ഔട്ട് അവസരമാണ് ബുമ്രയെ വിവാദപുരുഷനാക്കിയത്. തുടക്കത്തിലെ തകർച്ചയിൽനിന്ന് കരകയറാൻ ശ്രീലങ്കയെ പ്രാപ്തരാക്കിയ ഓപ്പണർ ഉപുൽ തരംഗയെ നിലയുറപ്പിക്കും മുൻപ് ബുമ്ര പുറത്താക്കിയതാണ്. ബുമ്രയുടെ മികച്ചൊരു പന്തിൽ അതിലും ഉജ്വലമായ ക്യാച്ചിലൂടെ തരംഗയെ പിടികൂടി ദിനേഷ് കാർത്തിക്കാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയത്. എന്നാൽ, ഈ പന്ത് നോബോളായതോടെ ഇന്ത്യയ്ക്ക് അവശേഷിച്ച പ്രതീക്ഷയും നഷ്ടമായി. ടിവി റീപ്ലേകളിൽ ബുമ്രയുടെ മുൻകാൽ വരയ്ക്കപ്പുറം കടന്നതായി വ്യക്തമായി.

ഇതോടെ ‘ജീവൻ’ ലഭിച്ച ഉപുൽ തരംഗ 46 പന്തുകളിൽനിന്ന് 49 റൺസുമായി ശ്രീലങ്കൻ വിജയത്തിന് അടിത്തറയിടുകയും ചെയ്തു. ഈ നോബാളാണ് ശ്രീലങ്കയുടെ വിജയത്തിനു കാരണമായതെന്ന് അവരുടെ താൽക്കാലിക പരിശീലകൻ നിക് പോത്താസ് മൽസരശേഷം സമ്മതിക്കുകയും ചെയ്തു. ഇതോടെയാണ് ബുമ്രയുടെ നോബോൾ പ്രേമത്തിനെതിരെ ക്രിക്കറ്റ് ആരാധകർ രംഗത്തെത്തിയത്. നോബോൾ എറിയുന്ന ചിത്രം ബുമ്ര അദ്ദേഹത്തിന്റെ ഡിപി ആക്കണമെന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ഉദാത്തമായ സഖ്യം ബുമ്ര–നോബോൾ ആണെന്ന് മറ്റൊരു ആരാധകരും ട്വിറ്ററിൽ കുറിച്ചു.

ഇനിയൊരു ഫ്ലാഷ് ബാക്ക്

അതിനിർണായക ഘട്ടത്തിൽ വിക്കറ്റ് സമ്മാനിച്ച് ടീമിന് പ്രതീക്ഷ നൽകിയശേഷം ബുമ്രയുടെ പന്ത് നോബോളാണെന്ന് വ്യക്തമാകുന്നത് ഇതാദ്യമല്ല. ഇക്കഴിഞ്ഞ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെതിരെയും അത്തരമൊരു സംഭവമുണ്ടായി. അന്ന് പാക്ക് യുവതാരം ഫഖർ സമാനാണ് പുറത്താകലിൽനിന്ന് രക്ഷപ്പെട്ടത്. ബുമ്രയുടെ പന്തിൽ ധോണി ക്യാച്ചെടുത്ത് സമാനെ പുറത്താക്കിയെങ്കിലും ഇത്തവണയും ബുമ്രയുടെ മുൻകാൽ വര കടന്നതായി തെളിഞ്ഞു. പാക്കിസ്ഥാനെ സമ്മർദ്ദത്തിലാക്കാനുള്ള അവസരം കളഞ്ഞുകുളിച്ച ഇന്ത്യ മൽസരം തോൽക്കുകയും ചെയ്തു.

bumrah-Ad

ഇതിനു പിന്നാലെ ബുമ്ര നോബോൾ എറിയുന്ന ചിത്രത്തെ ആസ്പദമാക്കി ട്രാഫിക് ബോധവൽക്കരണത്തിനായി ജയ്പുർ ട്രാഫിക് പൊലീസ് ഒരു പോസ്റ്റർ പുറത്തിറക്കിയിരുന്നു. ‘അശ്രദ്ധമായി  വര കടക്കരുത്. അതിന് വലിയ വില നല്‍കേണ്ടി വന്നേക്കാം’ എന്നു വ്യക്തമാക്കുന്ന അടിക്കുറുപ്പോടെയായിരുന്നു ഈ പരസ്യം. ഇതിനെതിരെ കടുത്ത വിമർശനവുമായി ബുമ്ര രംഗത്തെത്തിയിരുന്നു.

related stories