Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൻപതിനു മുൻപേ ‘പിടിക്കണം’; ഇല്ലെങ്കിൽ ഇന്ത്യൻ ഓപ്പണർമാർ നൂറു കടക്കും!

Rohit-Dhawan രോഹിത് ശർമ, ശിഖർ ധവാൻ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ സുവർണ വർഷങ്ങളിലൊന്നാണ് കടന്നു പോകുന്നത്. ഏകദിനത്തിലും ടെസ്റ്റിലും ട്വന്റി20യിലും അസൂയാവഹമായ നേട്ടങ്ങൾ സ്വന്തമാക്കിയ വർഷം. ഈ വർഷം കളിച്ച ഒരു ഏകദിന പരമ്പര പോലും ഇന്ത്യയ്ക്ക് നഷ്ടമായിട്ടില്ല. മാത്രമല്ല, ഈ വർഷം ഏകദിനത്തില്‍ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയ ടീമെന്ന റെക്കോർഡും കോഹ്‍ലിപ്പടയ്ക്കു തന്നെ. റെക്കോർഡുകൾ തകർക്കാനും പുതിയത് സ്ഥാപിക്കാനും ടീമൊന്നാകെയും താരങ്ങൾ വ്യക്തിപരമായും ആഞ്ഞുപിടിച്ച വർഷം കൂടിയായിരുന്നു ഇത്.

ഈ വർഷം ആകെ കളിച്ച 29 ഏകദിനങ്ങളിൽ ഏഴെണ്ണത്തിൽ മാത്രമാണ് ടീം ഇന്ത്യ തോൽവി വഴങ്ങിയത്. വെസ്റ്റ് ഇൻഡീസിനെതിരായ ഒരു മൽസരം പൂർത്തിയാക്കാനാകാതെ പോയപ്പോൾ ബാക്കി 21 മൽസരങ്ങളിലും ഇന്ത്യ ജയിച്ചുകയറി. വിദേശത്ത് ആകെ കളിച്ച 15 മൽസരങ്ങളിൽ പതിനൊന്നിലും ജയിച്ച ടീം ഇന്ത്യ, മികവിന്റെ പുതിയ ഉയരങ്ങളിലേക്കുയർന്നു. ചാംപ്യൻസ് ട്രോഫി ഫൈനൽ ഉൾപ്പെടെ മൂന്നു മൽസരങ്ങൾ വിദേശത്തു തോറ്റപ്പോൾ ഒരെണ്ണം ഉപേക്ഷിക്കപ്പെട്ടു.

Rohit Sharma

നാട്ടിൽ കളിച്ച 14 മൽസരങ്ങളിൽ ഇന്ത്യ തോറ്റത് നാലെണ്ണത്തിൽ മാത്രം. ബാക്കി പത്തിലും വിജയം കണ്ടു. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ശ്രീലങ്ക, ന്യൂസീലൻഡ് ടീമുകൾ ഇന്ത്യയിൽ ഓരോ വിജയം സ്വന്തമാക്കി ആശ്വാസം കണ്ടെത്തിയപ്പോൾ, കളിച്ച ആറു പരമ്പരകളും വിജയിച്ച് ഇന്ത്യ ചരിത്രമെഴുതി. ചാംപ്യൻസ് ട്രോഫി പരമ്പരയിൽ ഫൈനൽ കളിച്ചെങ്കിലും കലാശപ്പോരിൽ ബദ്ധവൈരികളായ പാക്കിസ്ഥാനോടു തോറ്റു. ഈ വർഷം ആരാധകരെ ഏറ്റവും വേദനിപ്പിച്ച തോൽവിയും ഇതുതന്നെ.

പടനയിച്ച് ഓപ്പണർമാർ

ഇതിനൊക്കെ ടീമിനെ പ്രാപ്തരാക്കിയതിൽ മുഖ്യസ്ഥാനം ആർക്കാണ്? ഏകദിനത്തിലെ പ്രകടനമെടുത്താൽ, ഓപ്പണിങ് ബാറ്റ്സ്മാൻമാരുടെ പങ്ക് അവഗണിക്കാനാകില്ലെന്നതാണ് സത്യം. ഈ വർഷം ഏകദിനത്തിൽ ഓപ്പണിങ് വിക്കറ്റിലെ സെഞ്ചുറി കൂട്ടുകെട്ടുകളുടെ എണ്ണത്തിൽ ഇന്ത്യയോടു കിടപിടിക്കാൻ ശേഷിയുള്ള മറ്റൊരു ടീമുമില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെ ഈ വർഷത്തിന് തുടക്കമിട്ട ഇന്ത്യയ്ക്ക് ആ പരമ്പരയിലെ മൂന്നു മൽസരങ്ങളിലും ലഭിച്ചത് മോശം തുടക്കമാണ്. ആദ്യ രണ്ടു മൽസരങ്ങളിൽ രാഹുൽ–ധവാൻ സഖ്യവും മൂന്നാം മൽസരത്തിൽ രാഹുൽ–രഹാനെ സഖ്യവുമാണ് ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തത്. മൂന്നിലും 13, 14, 13 എന്നിങ്ങനെയായിരുന്നു ഓപ്പണിങ് കൂട്ടുകെട്ട്. ചാംപ്യൻസ് ട്രോഫിയിൽ രോഹിത്–ധവാൻ സഖ്യം എത്തിയതോടെ ഇന്ത്യൻ ഓപ്പണർമാർ ട്രാക്കിലായി.

Shikhar Dhawan celebrates

ഈ വർഷം 29 മൽസരങ്ങളിൽനിന്ന് ഇന്ത്യൻ ഓപ്പണർമാർ പടുത്തുയർത്തിയത് ഒൻപത് സെഞ്ചുറി കൂട്ടുകെട്ടുകളാണ്. ഇക്കാര്യത്തിൽ മറ്റേത് ടീമുകളേക്കാളും കാതങ്ങൾ മുന്നിലാണ് ഇന്ത്യൻ ഓപ്പണർമാർ. ഇന്ത്യയ്ക്കു തൊട്ടുപിന്നിലുള്ള ശ്രീലങ്കയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും ഓപ്പണിങ്ങിൽ മൂന്നു വീതം സെഞ്ചുറി കൂട്ടുകെട്ടുകളാണുള്ളത്. ഓപ്പണിങ് ബാറ്റ്സ്മാൻമാർ നേടുന്ന സെഞ്ചുറികളുടെ കണക്കിലും ഇന്ത്യന്‍ കരുത്ത് ഒരുപടി മുന്നിൽത്തന്നെ. ഏകദിനത്തിൽ ഒരു ഇരട്ടസെഞ്ചുറിയുൾപ്പെടെ 10 സെഞ്ചുറികളാണ് ഇന്ത്യൻ ഓപ്പണർമാർ സ്വന്തമാക്കിയത്. 18 അർധസെഞ്ചുറികളും ഇന്ത്യൻ ഓപ്പണർമാർ സ്വന്തം പേരിൽ കുറിച്ചു

ഓപ്പണർമാർ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ആറ് മല്‍സരങ്ങൾ ടീം ജയിച്ചപ്പോൾ മൂന്നെണ്ണത്തിൽ തോൽവി വഴങ്ങി. അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഒരേയൊരു മൽസരത്തിലും ടീം ജയം കണ്ടു. ഈ വർഷം ഇന്ത്യൻ ഓപ്പണർമാർ റണ്ണെടുക്കും മുൻപേ വഴിപിരിഞ്ഞത് രണ്ടേ രണ്ടു മൽസരങ്ങളിൽ മാത്രമാണ്. അവ രണ്ടും ഈ വർഷം ടീം ഏറ്റവുമധികം മറക്കാനാഗ്രഹിക്കുന്ന മൽസരങ്ങളായി പരിണമിക്കുകയും ചെയ്തു. ചാംപ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനെതിരെയായിരുന്നു അതിലൊന്ന്. രണ്ടാമത്തേത് ധരംശാലയിലെ ദയനീയ തോൽവിയാണ്. ഇന്ത്യ ഏകദിനത്തിലെ ഏറ്റവും മോശം സ്കോറിന് പുറത്താകാതെ കഷ്ടിച്ച് രക്ഷപ്പെട്ട ഈ മൽസരത്തിലും ഓപ്പണർമാർ പൂജ്യത്തിന് വഴിപിരിഞ്ഞു.

rahane

അതേസമയം, നിലയുറപ്പിച്ച് കഴിഞ്ഞാൽ കത്തിക്കയറുന്ന കാര്യത്തിലും ഇന്ത്യൻ ഓപ്പണർമാരെ വെല്ലാൻ ആരുമില്ല. സ്കോർ 50 കടക്കും മുൻപ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് സ്വന്തമാക്കാനായില്ലെങ്കിൽ പിന്നെ സെഞ്ചുറി കഴിഞ്ഞ് നോക്കിയാൽ മതിയെന്ന് തെളിയിക്കുന്നതാണ് ഈ വർഷത്തെ കണക്കുകൾ. 10 തവണ 50 പിന്നിട്ട ഇന്ത്യൻ ഓപ്പണർമാർ അതിൽ ഒൻപതു തവണയും 100 കടന്നാണ് വഴിപിരിഞ്ഞത്. ചാംപ്യൻസ് ട്രോഫി സെമിയിൽ ബംഗ്ലദേശിന് മാത്രമാണ് 50 കടന്ന ഇന്ത്യൻ ഓപ്പണർമാരെ സെഞ്ചുറിയിലെത്തും മുൻപ് വഴിപിരിക്കാനായത്. അന്ന് സ്കോർ 87ൽ എത്തിയപ്പോൾ ശിഖർ ധവാനാണ് പുറത്തായത്.

29 മൽസരം, നാല് ഓപ്പണർമാർ

നാല് പേരാണ് ഈ വർഷം ഏകദിനത്തിൽ ഇന്ത്യയ്ക്കായി പ്രധാനമായും ഇന്നിങ്സ് ഓപ്പൺ ചെയ്തത്. രോഹിത് ശർമ, ശിഖർ ധവാൻ, അജിങ്ക്യ രഹാനെ എന്നിവർക്കൊപ്പം ലോകേഷ് രാഹുലും ചില മൽസരങ്ങളിൽ ഇന്ത്യയ്ക്കായി ബാറ്റിങ്ങിന് തുടക്കമിട്ടു. ഈ വർഷം ആകെ കളിച്ച 30 മൽസരങ്ങളിൽ 22 മൽസരങ്ങളിൽ ഇന്നിങ്സ് ഓപ്പൺ ചെയ്ത ശിഖർ ധവാനാണ് കൂടുതൽ ഇന്നിങ്സുകൾ കളിച്ചത്. 21 ഇന്നിങ്സുകളിൽ ഓപ്പൺ ചെയ്ത രോഹിത് ശർമ തൊട്ടുപിന്നിലുണ്ട്.

Lokesh-Rahul-celebrates

രഹാനെ 12 മൽസരങ്ങളിലും രാഹുൽ മൂന്നു മൽസരങ്ങളിലും ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്തു. ഇതു മൂന്നും ഈ വർഷം ഇന്ത്യ കളിച്ച ആദ്യത്തെ പരമ്പരയായ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു. അതായത്, തുടർന്നുള്ള മൽസരങ്ങളിലെല്ലാം ഇന്ത്യ പ്രധാനമായും ആശ്രയിച്ചത് രോഹിത് ശർമ–ശിഖർ ധവാൻ സഖ്യത്തെയാണ്. ഇവരിലൊരാൾക്ക് അസൗകര്യം വന്നപ്പോൾ മാത്രം രഹാനെയെ പരിഗണിച്ചു.

2017ൽ ഏകദിനത്തിൽ ഇന്ത്യൻ ഓപ്പണർമാർ ഒൻപതു സെ‍ഞ്ചുറി കൂട്ടുകെട്ടുകളാണ് പടുത്തുയർത്തിയത്. അതിങ്ങനെ:

∙ ഇന്ത്യ–പാക്കിസ്ഥാൻ (ബർമിങ്‌ഹാം): 136

∙ ഇന്ത്യ–ശ്രീലങ്ക (ഓവൽ): 138

∙ ഇന്ത്യ–വെസ്റ്റിൻഡീസ് (പോർട്ട് ഓഫ് സ്പെയിൻ): 132

∙ ഇന്ത്യ–വെസ്റ്റിൻഡീസ് (പോർട്ട് ഓഫ് സ്പെയിൻ): 114

∙ ഇന്ത്യ–ശ്രീലങ്ക (പല്ലക്കൽ‌): 109

∙ ഇന്ത്യ– ഓസ്ട്രേലിയ (ഇൻഡോർ): 139

∙ ഇന്ത്യ– ഓസ്ട്രേലിയ (ബെംഗളുരു): 106

∙ ഇന്ത്യ–ഓസ്ട്രേലിയ (നാഗ്പുര്‍): 124

∙ ഇന്ത്യ–ശ്രീലങ്ക ( മൊഹാലി): 115

രോ‘ഹിറ്റ്’ ശർമയും ‘ശിക്കാർ’ ധവാനും

നാല് ഓപ്പണർമാരെ പരീക്ഷിച്ചെങ്കിലും രോഹിത് ശർമയും ശിഖർ ധവാനുമായിരുന്നു കൂടുതൽ മൽസരങ്ങളിലും ഇന്ത്യയുടെ ഓപ്പണർമാർ. 15 മൽസരങ്ങളിൽ ഇരുവരും ഇന്ത്യയ്ക്കായി ഇന്നിങ്സ് തുടങ്ങി. ഇതിൽ നാലു മൽസരങ്ങളിൽ ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് തീർത്തപ്പോൾ സീസണിൽ 50 കടന്നിട്ടും 100ലെത്താതെ പോയ ഏക ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടും ഇവരുടെ പേരിൽ കുറിക്കപ്പെട്ടു. ഇത്രയും മൽസരങ്ങളിൽനിന്ന് ഇവരുടെ സഖ്യം 727 റൺസാണ് ഇന്ത്യൻ സ്കോർ ബോർഡിലേക്ക് ഒഴുക്കിയത്.

Rohit-Dhawan

ആറ് മൽസരങ്ങളിൽ രോഹിത്–രഹാനെ സഖ്യം ഇന്ത്യയ്ക്കായി ബാറ്റിങ്ങിന് തുടക്കമിട്ടു. ഓസ്ട്രേലിയയ്ക്കതിരായ പരമ്പരയിൽനിന്ന് ശിഖർ ധവാൻ വിട്ടുനിന്നപ്പോഴാണ് രഹാനെയ്ക്ക് അവസരം ലഭിച്ചത്. ആറു മൽസരങ്ങളിൽനിന്ന് മൂന്നു സെഞ്ചുറി കൂട്ടുകെട്ടുകൾ ഉൾപ്പെടെ 416 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. അഞ്ച് മൽസരങ്ങളിൽ ധവാൻ–രഹാനെ സഖ്യം ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്തു. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽനിന്ന് രോഹിത് ശർമ വിട്ടുനിന്നപ്പോഴായിരുന്നു ഇത്. അന്ന് രണ്ട് സെഞ്ചുറി കൂട്ടുകെട്ടുകൾ ഉൾപ്പെടെ 272 റൺസാണ് ഇരുവരും ചേർന്ന് സ്വന്തമാക്കിയത്.

രാഹുൽ–ധവാൻ സഖ്യം രണ്ടു മൽസരങ്ങളിലും രാഹുൽ–രഹാനെ സഖ്യം ഒരു മൽസരത്തിലും ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്തു. ഈ മൽസരങ്ങളിലെല്ലാം മോശം തുടക്കമായിരുന്നു ഇന്ത്യയുടേത്. രാഹുൽ–ധവാൻ സഖ്യം രണ്ടു മൽസരങ്ങളിൽനിന്ന് 27 റൺസും രാഹുൽ–രഹാനെ സഖ്യം ഒരു മൽസരത്തിൽനിന്ന് 13 റൺസും കൂട്ടിച്ചേർത്തു.

കൂട്ടുകെട്ട് പൊളിച്ചാലും രക്ഷയില്ല!

അൻപത് റൺസ് കടക്കുന്നതിനു മുൻപേ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചാലും രക്ഷയില്ല എന്നതാണ് മറ്റൊരു വസ്തുത. കാരണം, കൂട്ടുകെട്ട് തകർക്കാമെന്നല്ലാതെ ഓപ്പണിങ് ബാറ്റ്സ്മാൻമാർ സ്വന്തമാക്കുന്ന വ്യക്തിഗത നേട്ടങ്ങൾ അങ്ങനെയും തടുക്കാനാകില്ല. ഒരു ഇരട്ടസെഞ്ചുറി ഉൾപ്പെടെ 10 സെഞ്ചുറികളാണ് ഏകദിനത്തിൽ ഈ വർഷം ഇന്ത്യൻ ഓപ്പണർമാർ സ്വന്തമാക്കിയത്. ഇതിൽ ഇരട്ടസെഞ്ചുറി ഉൾപ്പെടെ ആറു സെഞ്ചുറി നേടിയ രോഹിത് ശർമയാണ് ഒന്നാമത്. മൂന്നു സെഞ്ചുറികൾ നേടിയ ധവാൻ രണ്ടാമതും ഒരേയൊരു സെഞ്ചുറിയുമായി രഹാനെ മൂന്നാമതുമാണ്

Rohit Sharma

അതേസമയം, അർധസെഞ്ചുറികളുടെ എണ്ണത്തിൽ 12 മൽസരം മാത്രം കളിച്ച അജിങ്ക്യ രഹാനെയാണ് മുന്നിൽ. ആകെ ഓപ്പൺ ചെയ്ത 12 ഇന്നിങ്സുകളിൽ ഏഴെണ്ണത്തിലും രഹാനെ അർധസെഞ്ചുറി നേടി. ഒരു സെഞ്ചുറിയും രഹാനെയുടെ പേരിലുണ്ട്. രഹാനെ മോശമാക്കിയ ഇന്നിങ്സുകൾ നാലെണ്ണം മാത്രമേയുള്ളൂവെന്ന് ചുരുക്കം. അതേസമയം, രോഹിത് ശർമ അഞ്ച് അർധസെഞ്ചുറികളും ശിഖർ ധവാൻ ആറ് അർധസെഞ്ചുറികളും സ്വന്തമാക്കി.

വിദേശമണ്ണിലും ആധിപത്യം

ഇന്ത്യൻ ഓപ്പണർമാർ ആകെ നേടിയ ഒൻപത് സെഞ്ചുറി കൂട്ടുകെട്ടുകളിൽ ആറെണ്ണവും വിദേശ മണ്ണിലായിരുന്നുവെന്നതാണ് യാഥാർഥ്യം. മാത്രമല്ല, ഒരേയൊരു അർധസെഞ്ചുറി കൂട്ടുകെട്ടും പിറന്നത് വിദേശ മണ്ണിൽത്തന്നെ. ഇന്ത്യൻ ഓപ്പണർമാരുടെ 10 വ്യക്തിഗത സെഞ്ചുറിനേട്ടങ്ങളിൽ ആറും പിറന്നത് വിദേശ മണ്ണിലാണെന്ന പ്രത്യേകത കൂടിയുണ്ട്. ഇതിൽ രോഹിതിന്റെ മൂന്നു സെഞ്ചുറികളും ധവാന്റെ രണ്ടു സെ‍ഞ്ചുറികളും രഹാനെയുടെ ഏക സെഞ്ചുറിയും വിദേശ മണ്ണിലാണ് സംഭവിച്ചത്.

ഈ വർഷം ഇന്ത്യൻ ഓപ്പണർമാരുടെ വ്യക്തിഗത പ്രകടനം ഇങ്ങനെ:

രോഹിത് ശർമ – 91, 78, 123, 0, 12, 4, 54, 124, 104, 16, 5, 7, 71, 65, 125, 20, 7, 147, 2, 208, 7

ശിഖർ ധവാൻ – 1, 11, 68, 125, 46, 21, 78, 87, 63, 2, 5, 4, 132, 49, 5, 4, 9, 68, 14, 0, 68, 100

അജിങ്ക്യ രഹാനെ – 1, 62, 103, 72, 60, 39, 5, 28, 55, 70, 53, 61

ലോകേഷ് രാഹുൽ – 8, 5, 11

ഈ വർഷം ഇന്ത്യൻ ഓപ്പണർമാർ തീർത്ത കൂട്ടുകെട്ടുകൾ

1. രാഹുൽ–ധവാൻ (ഇംഗ്ലണ്ട്) – 13

2. രാഹുൽ–ധവാൻ (ഇംഗ്ലണ്ട്) – 14

3. രാഹുൽ–രഹാനെ (ഇംഗ്ലണ്ട്) – 13

4. രോഹിത്–ധവാൻ (പാക്കിസ്ഥാൻ) – 136

5. രോഹിത്–ധവാൻ (ശ്രീലങ്ക) – 138

6. രോഹിത്–ധവാൻ (ദക്ഷിണാഫ്രിക്ക) – 23

7. രോഹിത്–ധവാൻ (ബംഗ്ലദേശ്) – 87

8. രോഹിത്–ധവാൻ (പാക്കിസ്ഥാൻ) – 0

9. രഹാനെ–ധവാൻ (വെസ്റ്റ് ഇൻഡീസ്) – 132

10. രഹാനെ–ധവാൻ (വെസ്റ്റ് ഇൻഡീസ്) – 114

11. രഹാനെ–ധവാൻ (വെസ്റ്റ് ഇൻഡീസ്) – 11

12. രഹാനെ–ധവാൻ (വെസ്റ്റ് ഇൻഡീസ്) – 10

13. രഹാനെ–ധവാൻ (വെസ്റ്റ് ഇൻഡീസ്) – 5

14. രോഹിത്–ധവാൻ (ശ്രീലങ്ക) – 132

15. രോഹിത്–ധവാൻ (ശ്രീലങ്ക) – 109

16. രോഹിത്–ധവാൻ (ശ്രീലങ്ക) – 9

17. രോഹിത്–ധവാൻ (ശ്രീലങ്ക) – 6

18. രോഹിത്–രഹാനെ (ശ്രീലങ്ക) – 17

19. രോഹിത്–രഹാനെ (ഓസ്ട്രേലിയ) – 11

20. രോഹിത്–രഹാനെ (ഓസ്ട്രേലിയ) – 19

21. രോഹിത്–രഹാനെ (ഓസ്ട്രേലിയ) – 139

22. രോഹിത്–രഹാനെ (ഓസ്ട്രേലിയ) – 106

23. രോഹിത്–രഹാനെ (ഓസ്ട്രേലിയ) – 124

24. രോഹിത്–ധവാൻ (ന്യൂസീലൻഡ്) – 16

25. രോഹിത്–ധവാൻ (ന്യൂസീലൻഡ്) – 22

26. രോഹിത്–ധവാൻ (ന്യൂസീലൻഡ്) – 29

27. രോഹിത്–ധവാൻ (ശ്രീലങ്ക) – 0

28. രോഹിത്–ധവാൻ (ശ്രീലങ്ക) – 115

29. രോഹിത്–ധവാൻ (ശ്രീലങ്ക) – 14

related stories