Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പിള്ളേരു പോരാ’, 2019 ലോകകപ്പ് വരെ ധോണിക്ക് പകരക്കാരനെ തേടില്ല: ചീഫ് സെലക്ടർ

MS-Dhoni

മുംബൈ ∙ ഇന്ത്യയ്ക്ക് രണ്ട് ലോകകിരീടങ്ങൾ സമ്മാനിച്ച ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ രക്തത്തിനായി പ്രായം ചൂണ്ടിക്കാട്ടി മുറവിളി കൂട്ടുന്നവരോട് ഒരു വാക്ക്. തൽക്കാലം ആ മോഹം രണ്ടായി മടക്കി പോക്കറ്റിൽ വയ്ക്കുക. 2019ലെ ഏകദിന ലോകകപ്പ് വരെ ധോണിക്ക് പകരക്കാരനെക്കുറിച്ച് ആലോചിക്കുന്നുപോലുമില്ലെന്ന് ഇന്ത്യയുടെ ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദ് വ്യക്തമാക്കിയ സാഹചര്യത്തിലാണിത്. ധോണി വഴിമുടക്കുന്നുവെന്നു പറയുന്ന യുവ വിക്കറ്റ് കീപ്പർമാർക്ക് അദ്ദേഹത്തിന്റെ അടുത്തെത്താനുള്ള മികവുപോലുമില്ലെന്നും പ്രസാദ് ചൂണ്ടിക്കാട്ടി.

ഇന്ത്യ എയുടെ പര്യടനങ്ങളിൽ ചില യുവ വിക്കറ്റ് കീപ്പർമാരെ നാം വളർത്തിക്കൊണ്ടു വന്നിരുന്നു. പക്ഷേ, ഇപ്പോൾ അടുത്ത ലോകകപ്പ് വരെ ധോണിയുടെ പേരുതന്നെ ഉറപ്പിച്ച സ്ഥിതിയാണ്. അതിനുശേഷം ഇനി യുവ വിക്കറ്റ് കീപ്പർമാർക്ക് അവസരം നൽകുന്നത് പരിഗണിക്കാം – പ്രസാദ് പറഞ്ഞു.

ഇപ്പോഴും ലോകത്തിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ധോണി തന്നെയാണെന്ന് ഓരോ മൽസരം കഴിയുമ്പോഴും കൂടുതൽ വ്യക്തമാകുന്നുണ്ട്. നാം അത് ആവർത്തിച്ചു പറയുകയും ചെയ്യുന്നു. ഇപ്പോൾ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽത്തന്നെ ധോണി എടുത്ത ക്യാച്ചുകളും നടത്തിയ സ്റ്റംപിങ്ങുകളും എത്ര മനോഹരാണ് – പ്രസാദ് ചൂണ്ടിക്കാട്ടി.

ഇപ്പോഴും ധോണിക്കൊപ്പം നിൽക്കാവുന്ന വിക്കറ്റ് കീപ്പർമാർ രാജ്യത്തുണ്ടെന്നു കരുതുന്നില്ല. ഇന്ത്യയിൽ പോയിട്ട് ലോകത്തു പോലും അങ്ങനെയൊരു താരമുണ്ടോ? സംശയമാണ്. എങ്കിലും യുവതാരങ്ങൾക്ക് ഇന്ത്യ എ ടീമിൽ അവസരം നൽകുന്നത് തുടരും. അവിടെ അവർ കഴിവു തെളിയിച്ചാൽ ബാക്കി നോക്കാം – പ്രസാദ് പറഞ്ഞു.

ധോണിക്ക് ആരു പകരം നിൽക്കും?

ധോണിക്കു പകരക്കാരനായി ആരാധകർ കണ്ടിരുന്ന ഡൽഹിയുടെ യുവതാരം റിഷഭ് പന്ത് ഇപ്പോൾ ടീമിൽ പോലുമില്ലാത്ത സ്ഥിതിയാണ്. പല മുഖങ്ങളിലൂടെ കടന്നുപോയ ടീം ഇന്ത്യ ഇപ്പോൾ ധോണിക്കു പകരം പരീക്ഷിക്കാനായി (ആവശ്യം വന്നാൽ) ഒപ്പം കൂട്ടിയിരിക്കുന്നത് മറ്റൊരു വെറ്ററൻ താരത്തെയാണ്. തമിഴ്നാടിന്റെ ദിനേഷ് കാർത്തിക്കിനെ.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന മൽസരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഇക്കാര്യം സെലക്ടർമാർ ആവർത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്തു. ധോണിക്കു പുറമെ ദിനേശ് കാർത്തിക്കാണ് ടീമിലെ ഏക സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർ. ടെസ്റ്റ് ടീമിലും വിക്കറ്റ് കാക്കുന്നത് രണ്ട് വയസ്സൻമാർ തന്നെ. 33–കാരനായ വൃദ്ധിമാൻ സാഹയും 32–കാരനായ പാർഥിവ് പട്ടേലും.

വർഷങ്ങളായി കേട്ടുപരിചയിച്ച ഈ പേരുകൾക്ക് പകരക്കാരെ കണ്ടെത്താൻ ടീമിന് ഇനിയും സാധിച്ചിട്ടില്ലെന്ന വ്യക്തമായ സൂചനയാണ് സെലക്ടർമാർ ഇതിലൂടെ നൽകുന്നതെന്നു വ്യക്തം. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ള യുവതാരങ്ങൾക്ക് മികച്ച അവസരം കൂടിയാണിത്. മികവു കാട്ടിയാൽ ഉറപ്പായും ടീമിലെത്താമെന്ന് ചുരുക്കം.

ഉറച്ച പിന്തുണയുമായി രോഹിത്, കോഹ്‍ലി

പ്രായവും ചില മൽസരങ്ങളിലെ പ്രകടനവും യുവതാരങ്ങൾക്ക് അവസരം നിഷേധിക്കുന്നതും ചൂണ്ടിക്കാട്ടി ധോണി കളിനിർത്തണമെന്ന് ആവശ്യപ്പെടുന്ന ഒരു വിഭാഗം ആരാധകരുണ്ട്. ഇവർക്കുള്ള മറുപടിയാണ് പ്രസാദിന്റെ പ്രതികരണമെന്ന് കരുതുന്നു. നിർണായകമായ ചില മൽസരങ്ങൾ ‘പഴയപോലെ’ ധോണിക്കു ജയിപ്പിക്കാനാകാതെ പോയതും ‘ധോണി വിരോധി’കളുടെ വിമർശനത്തിന് മൂർച്ച കൂട്ടിയിരുന്നു.

ഇതിനു പിന്നാലെ ശ്രീലങ്കയ്ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകളിലെ മികച്ച പ്രകടനത്തിലൂടെ ധോണി വിമർശകരുടെ വായടപ്പിക്കുകയും ചെയ്തു. ധരംശാലയിൽ നടന്ന ഒന്നാം ഏകദിനത്തിൽ ചരിത്രത്തിലെ ഏറ്റവും ഏകദിന സ്കോർ എന്ന നാണക്കേടിലേക്ക് നിപതിച്ചുകൊണ്ടിരുന്ന ഇന്ത്യയെ ഒറ്റയാൾ പോരാട്ടത്തിലൂടെ 100 കടത്തിയ ധോണി വിമർശകരുടെ പോലും കയ്യടി നേടിയിരുന്നു.

ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും താൽക്കാലിക ക്യാപ്റ്റൻ രോഹിത് ശർമയും ധോണിക്ക് ഉറച്ച പിന്തുണ നൽകുന്നവരാണ്. ധോണിയെ ബാറ്റിങ് ഓർഡറിൽ മുന്നിലേക്ക് കയറ്റി പരീക്ഷിക്കുക പോലും വേണമെന്ന അഭിപ്രായക്കാരനാണ് രോഹിത്. കഴിഞ്ഞ രണ്ടു മൽസരങ്ങളിലും രോഹിത് അത് നടപ്പാക്കുകയും ചെയ്തു.

സ്റ്റംപിങ്ങിൽ നമ്പർ വൺ

ഇതിനു പുറമെ, ഓരോ മൽസരങ്ങളിലും യുവ വിക്കറ്റ് കീപ്പർമാരെ പോലും വെല്ലുന്ന മികവോടെ നടത്തുന്ന സ്റ്റംപിങ്ങുകളും ധോണിയെ സെലക്ടർമാർക്ക് പ്രിയപ്പെട്ടവനാകുന്നു. എല്ലാ മൽസരങ്ങളിലും തന്നെ ‘ധോണി ടച്ചു’ള്ള സ്റ്റംപിങ്ങുകൾ പിറക്കുന്നതാണ് ഇന്ത്യയുടെ മൽസരങ്ങളിലെ കാഴ്ച. രാജ്യാന്തര ക്രിക്കറ്റിലെ ‘സ്റ്റംപിങ് സ്പെഷ്യലിസ്റ്റാ’യി മാറിയ ധോണി ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ മൂന്നു മൽസരങ്ങളിൽനിന്ന് നാലു ക്യാച്ചും രണ്ടു സ്റ്റംപിങ്ങുമാണ് സ്വന്തമാക്കിയത്.

സ്റ്റംപിങ്ങുകൾ വളരെ നിർണായകമായ ട്വന്റി20യിലെ ആദ്യ രണ്ടു മൽസരങ്ങളിലും ധോണി കൂടുതൽ കരുത്തനായി. ആദ്യ ട്വന്റി20യിൽ രണ്ടു ക്യാച്ചും രണ്ടു സ്റ്റംപിങ്ങും സ്വന്തമാക്കിയ ധോണി, രണ്ടാം മൽസരത്തിൽ രണ്ടു സ്റ്റംപിങ്ങുമായി ഇന്ത്യൻ വിജയത്തിന് മികച്ച സംഭാവന നൽകി. വിക്കറ്റിനു പിന്നിൽ ധോണി പുലർത്തുന്ന കൃത്യത ലോകത്ത് ഇപ്പോൾ മറ്റാർക്കുണ്ടെന്ന പ്രസാദിന്റെ ചോദ്യത്തിൽ കാര്യമില്ലാതില്ല. ഓരോ മൽസരം കഴിയുന്തോറും കൂടുതൽ ചെറുപ്പമാകുകയാണല്ലോ, ഈ പഹയൻ!

related stories