Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇംഗ്ലണ്ട്– ഓസീസ് ബോക്സിങ് ഡേ ടെസ്റ്റ് നാളെ മുതൽ

cricket-logo-15

മെൽബൺ∙ ക്രിസ്മസ്പ്പിറ്റേന്നു സമ്മാനപ്പെട്ടികളുമായി സുഹൃദ്‌വീടുകൾ സന്ദർശിക്കുന്ന ബോക്സിങ് ഡേയിൽ ആരംഭിക്കുന്ന ടെസ്റ്റിൽ ഇംഗ്ലണ്ടിനായി ഓസ്ട്രേലിയ കരുതിവച്ചിരിക്കുന്നത് എന്താവും ? ആ സമ്മാനങ്ങൾ ആഹ്ലാദത്തിന്റേതാവില്ല.. മൂളിപ്പറക്കുന്ന പന്തുകളും ആത്മവിശ്വാസത്തിന്റെ അതിരുഭേദിക്കുന്ന വമ്പൻ സ്കോറുകളുമായി ഒരിക്കൽക്കൂടി ഇംഗ്ലണ്ടിനെ ബോക്സിനുള്ളിൽ കിടത്താനാവും ഓസ്ട്രേലിയ തയാറെടുക്കുന്നത്. 

ഇതുകൊണ്ടൊന്നും ഇംഗ്ലണ്ട് ഭയപ്പെടുമെന്നു കരുതാനും വയ്യ. അടിമുടി തോറ്റുനിൽക്കുന്നവർ ഒരു തോൽവി കൂടി ഏറ്റുവാങ്ങാൻ മടിക്കേണ്ട കാര്യമില്ലല്ലോ. അഞ്ചു ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മൂന്നു ടെസ്റ്റുകളും വമ്പൻ വിജയങ്ങളോടെ സ്വന്തമാക്കിയ ഓസ്ട്രേലിയയുടെ ലക്ഷ്യം സമ്പൂർണ വിജയമാവും. 

എന്നാ‍ൽ പരുക്കു മൂലം പേസ് ബോളർ മിച്ചൽ സ്റ്റാർക് ഇല്ലാത്തത് ഓസ്ട്രേലിയയ്ക്കു കനത്ത തിരിച്ചടിയാണ്. ജാക്സൺ ബേർഡ് പകരം ടീമിലെത്തി. 

സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റിൽ ബേർഡ് മികച്ച പ്രകടനം നടത്തിയിരുന്നു. ഇതേ ഗ്രൗണ്ടിൽ ശ്രീലങ്കയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച ബേർഡിനു സാഹചര്യങ്ങൾ പരിചിതമാണ്. 

ഇംഗ്ലണ്ട് പ്രശ്നങ്ങളുടെ നടുക്കടലിലാണ്. സീനിയർ താരങ്ങളുടെ മോശം പ്രകടനമാണ് ഏറ്റവും വലിയ പ്രശ്നം. ഓപ്പണർ അലസ്റ്റയർ കുക്കും പേസ് ബോളർ സ്റ്റുവർട്ട് ബ്രോഡും തീർത്തും നിറംകെട്ട പ്രകടനമാണു നടത്തിയത്. ഇനിയും കാത്തുനിൽക്കാതെ ടീമിൽ പൊളിച്ചെഴുത്ത് നടത്തണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു.