Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖങ്ങൾ മാറ്റി, പുത്തൻ തുടക്കത്തിന് ഐപിഎൽ

rohit ഐപിഎൽ ട്രോഫിയുമായി രോഹിത് ശർമ

10 വര്‍ഷം പിന്നിടുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അടിമുടി മാറ്റത്തിനൊരുങ്ങുകയാണ്. ഇഷ്ട ടീമുകളില്‍ കണ്ടുപരിചയിച്ച പല മുഖങ്ങളും ഇനി പുതിയ ജഴ്‌സിയില്‍ കളിക്കുന്നതു കാണാം. ഫ്രാഞ്ചൈസികള്‍ക്ക് തങ്ങളുടെ മുഖം ഇവരാണെന്ന് ഉറപ്പുള്ള പരമാവധി അഞ്ചു കളിക്കാരെ മാത്രമേ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. കഴിഞ്ഞ രണ്ടു സീസണുകളില്‍ സസ്‌പെന്‍ഷനിലായിരുന്ന ചെന്നൈ സൂപ്പര്‍കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ മടങ്ങിയെത്തുക കൂടി ചെയ്യുന്നതോടെ 2018 ലക്കത്തിനായി ആരാധകര്‍ കട്ട വെയ്റ്റിങ്ങിലാണ്..

വിചാരത്തോടൊപ്പം വികാരവും

ഫ്രാഞ്ചൈസികള്‍ ഏറ്റവും യുക്തിപരമായ തീരുമാനമെടുക്കേണ്ട സമയമാണിത്. വരും സീസണുകളുടെ ഫലത്തെപ്പോലും ബാധിക്കും ഇപ്പോള്‍ നടത്തുന്ന തിരഞ്ഞെടുപ്പ്. വിചാരത്തോടൊപ്പം വികാരത്തിനുകൂടി സ്ഥാനമുണ്ടെന്നതും മറന്നുകൂടാ. വര്‍ഷങ്ങളായി ടീമിനൊപ്പമുള്ള താരങ്ങളെ കൈവിടുന്നത് ആരാധകര്‍ക്കും സങ്കടമാകും. കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെ കാര്യം തന്നെ നോക്കാം. കൊല്‍ക്കത്തയ്ക്ക് ഐപിഎല്‍ കിരീടം സമ്മാനിച്ച നായകനാണ്. ടീമിനെ വരച്ച വരയില്‍ നിര്‍ത്തുന്ന കണിശക്കാരന്‍. എന്നാല്‍ സമീപകാല പ്രകടനം പരിഗണിച്ചാല്‍ കൊല്‍ക്കത്തയ്ക്ക് ഗംഭീറിനെ നിലനിര്‍ത്താന്‍ വയ്യ. ഷാറുഖ് ഖാന്‍ ഗൗതമിനു കൈകൊടുക്കുമോയെന്ന് നാലിന് അറിയാം. ആരെയൊക്കെ നിലനിര്‍ത്തുന്നുവെന്ന് അറിയിക്കാനുള്ള അവസാന തീയതിയാണ് നാല്. ജനുവരി അവസാനമാണ് മറ്റു താരങ്ങള്‍ക്കായുള്ള ലേലം.

നിലനിര്‍ത്താന്‍ രണ്ട് രീതികള്‍

ഓരോ ടീമിനും പരമാവധി അഞ്ചു സ്വന്തം കളിക്കാരെ ടീമില്‍ നിലനിര്‍ത്താം. രണ്ടു കോബിനേഷന്‍ അനുസരിച്ചാകും ഇത്. നേരിട്ട് നിലനിര്‍ത്താവുന്ന കളിക്കാര്‍, റൈറ്റ് റ്റു മാച്ച് (ആര്‍ടിഎം) എന്നിങ്ങനെ. റൈറ്റ് റ്റു മാച്ച് രീതിയില്‍ കളിക്കാരനെ ടീമില്‍ നിലനിര്‍ത്താതെ ലേലത്തിനു വയ്ക്കാം. ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് സ്വന്തമാക്കാനുള്ള അവസരം ഹോം ടീമിനു തന്നെ ലഭിക്കും. ഉദാഹരണത്തിന് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് കെ.എല്‍.രാഹുലിനെ ആര്‍ടിഎം ആക്കിയാല്‍ അദ്ദേഹം ലേലത്തിന് പോകും. രാഹുലിനെ രണ്ടരക്കോടിക്ക് രാജസ്ഥാന്‍ ലേലത്തില്‍ നേടിയെന്നു വയ്ക്കാം. എന്നാലും രാഹുലിനെ ആര്‍സിബിക്കു തന്നെ ലഭിക്കും, പക്ഷേ രണ്ടരക്കോടി മുടക്കേണ്ടിവരുമെന്നു മാത്രം. ഹോം ടീമിന് കളിക്കാരനെ നഷ്ടപ്പെടില്ല, കാശ് അധികം ചെലവാകുമെന്നു മാത്രം. എതിര്‍ടീം തന്ത്രമെടുത്താല്‍ ഹോം ടീമിന്റെ കാശ് കാലിയാകും.

രാജസ്ഥാന്‍, രാഹുലിന് അഞ്ചുകോടി പറഞ്ഞാല്‍ ആര്‍സിബി ആ തുക കൊടുത്ത് രാഹുലിനെ ടീമില്‍നിര്‍ത്തേണ്ടിവരും.

* ടീമുകള്‍ക്ക് നിലനിര്‍ത്താവുന്ന അഞ്ചു താരങ്ങളില്‍ പരമാവധി മൂന്നുപേരെ ലേലത്തില്‍ വിടാതെ സ്വന്തമാക്കാം. രണ്ടുപേരെ ആര്‍ടിഎം ആക്കണം.

* അഞ്ചില്‍ രണ്ടുപേരെ സ്വന്തമാക്കി, മൂന്നു താരങ്ങളെ ആര്‍ടിഎം ആക്കുകയും ചെയ്യാം. ഇനി ആരെയും നിലനിര്‍ത്തുന്നില്ല എങ്കിലും പരമാവധി മൂന്ന് ആര്‍ടിഎം തന്നെയേ ലഭിക്കുകയുള്ളൂ.

* കളിക്കാരെ നിലനിര്‍ത്തുന്നതിനും നിബന്ധനകളുണ്ട്. അഞ്ചില്‍ പരമാവധി മൂന്ന് ഇന്ത്യന്‍ രാജ്യാന്തര താരങ്ങളേ പറ്റൂ. രണ്ടിലധികം വിദേശ താരങ്ങളെ നിലനിര്‍ത്താന്‍ പറ്റില്ല. രാജ്യാന്തര മല്‍സരം കളിക്കാത്ത ഇന്ത്യന്‍ താരങ്ങളും രണ്ടിലധികം പാടില്ല.

ചെന്നൈയും രാജസ്ഥാനും

2016, 2017 എഡിഷനുകളില്‍ ഇല്ലായിരുന്നെങ്കിലും ചെന്നൈക്കും രാജസ്ഥാനും കോളാണ്. 2015ല്‍ അവരുടേതായിരുന്ന താരങ്ങളെ നിലനിര്‍ത്താനുള്ള അവസരം അവര്‍ക്കു ലഭിക്കും. അതായത് മഹേന്ദ്രസിങ് ധോണിയെ ചെന്നൈക്ക് മല്‍സരമില്ലാതെ തന്നെ സ്വന്തമാക്കാം. റെയ്‌നയെയും ജഡേജയെയുംകൂടി അവര്‍ നിലനിര്‍ത്തുമെന്നാണ് കരുതുന്നത്. രാജസ്ഥാന്റെ കാര്യവും അങ്ങനെതന്നെ.

Chennai Super Kings logo, Rajasthan Royals logo

സൂപ്പര്‍താരം സ്റ്റീവന്‍ സ്മിത് ലേലമൊന്നും കൂടാതെ രാജസ്ഥാന്റെ പോക്കറ്റിലാണ്. കഴിഞ്ഞ രണ്ടു സീസണുകളില്‍ പകരക്കാരായെത്തിയ പുണെ റൈസിങ് ജയന്റ്, ഗുജറാത്ത് ലയണ്‍സ് താരങ്ങള്‍ നേരിട്ട് ലേലത്തിനെത്തും. അങ്ങനെ വരുമ്പോള്‍ ബെന്‍ സ്‌റ്റോക്‌സും അലക്‌സ് ഹേല്‍സും ആന്‍ഡ്രു ടൈയുമെല്ലാം ആര്‍ക്കും ലേലത്തിനെടുക്കാവുന്ന അവസ്ഥ. കഴിഞ്ഞ തവണ ഏറ്റവും കൂടുതല്‍ തുകയ്ക്ക് വിറ്റുപോയ സ്‌റ്റോക്‌സ് പണത്തിനൊത്ത പ്രകടനം കാഴ്ചവച്ചിരുന്നു.

ഇത്തവണയും സ്റ്റോക്‌സ് ഐപിഎല്ലിന് എത്തുകയാണെങ്കില്‍ പൊരിഞ്ഞ ലേലം വിളി പ്രതീക്ഷിക്കാം.

രോഹിത് ഇല്ലാതെ എന്ത് മുംബൈ

അന്തിമ രൂപമായിട്ടില്ലെങ്കിലും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും പാണ്ഡ്യ സഹോദരന്‍മാരെയും നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുംറയെ ആര്‍ടിഎം ആക്കിയേക്കും. ആര്‍സിബി വിരാട് കോഹ്ലിയെയും എബി ഡിവില്ലിയേഴ്‌സിനെയും വിട്ടുകളയുമെന്ന് കരുതേണ്ട. ആശിഷ്നെഹ്‌റയെയും ഗാരി കെഴ്സ്റ്റനെയും ആര്‍സിബി ബോളിങ്, ബാറ്റിങ് കോച്ചുമാരായി നിയമിച്ചു കഴിഞ്ഞു. സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ വാര്‍ണറെയും ധവാനെയും ഭുവനേശ്വര്‍ കുമാറിനെയും നിലനിര്‍ത്താനാണ് സാധ്യത. ഡല്‍ഹി റിഷഭ്പന്തിനെയും ശ്രേയസ് അയ്യരെയും ക്രിസ് മോറിസിനെയും കൂടെനിര്‍ത്തുമെന്നു കരുതുന്നു. ആന്‍ഡ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍ എന്നിവര്‍ക്കു കൊല്‍ക്കത്ത നിരയില്‍ സാധ്യതയുണ്ട്.