Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏകദിന മൽസരത്തിൽ 412 റൺസ് ജയം, സെഞ്ചുറി നേടി സമിതും ആര്യനും; ആരാണിവർ?

Samit-Dravid രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ്.

ബെംഗളൂരു∙ രാജ്യാന്തര ക്രിക്കറ്റിൽ പേരെടുത്ത ക്രിക്കറ്റ് താരങ്ങളുടെ മക്കളും അതേ വഴി തിരഞ്ഞെടുത്ത് വാർത്തകളിൽ ഇടം പിടിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിന് പുത്തരിയല്ല. സാക്ഷാൽ സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കറാണ് ഇത്തരത്തിൽ ശ്രദ്ധനേടിയ താരങ്ങളിൽ അവസാനത്തെ കണ്ണികളിലൊരാൾ. ഈ നിരയിലേക്ക് പുതിയ രണ്ടു താരങ്ങളെക്കൂടി സംഭാവന ചെയ്തിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റിന് ഒട്ടേറെ ശ്രദ്ധേയ താരങ്ങളെ സമ്മാനിച്ച കർണാടക.

സാക്ഷാൽ രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡും മുൻ ദേശീയ താരം സുനിൽ ജോഷിയുടെ മകൻ ആര്യൻ ജോഷിയുമാണ് കർണാടക ആഭ്യന്തര ലീഗിൽ ഒരേ മൽസരത്തിൽ സെഞ്ചുറി നേടി വരവറിയിച്ചിരിക്കുന്നത്. കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ ബിടിആർ കപ്പ് അണ്ടർ 14 ടൂർണമെന്റിലാണ് ഇരുവരും ‘ക്ലാസ്’ വ്യക്തമാക്കിയത്.

മല്യ അദിതി ഇന്റർനാഷണൽ സ്കൂളിനുവേണ്ടി കളിച്ച ഇരുവരും ടീമിന് 412 റൺസ് വിജയവും സമ്മാനിച്ചു. വിവേകാനന്ദ സ്കൂളായിരുന്നു മൽസരത്തിൽ ഇവരുടെ എതിരാളികൾ. ഇരുവരുടെയും സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ 500 റൺസാണ് മല്യ അദിതി സ്കൂൾ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിവേകാനന്ദ സ്കൂളിന് 88 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെയാണ് ഇരുവരുടെയും മക്കളുടെ സ്കൂളിന് ചരിത്ര വിജയം സ്വന്തമായത്.

ആര്യൻ ജോഷി 154 റൺസുമായി ടീമിന്റെ ടോപ് സ്കോററായപ്പോൾ സമിത് ദ്രാവിഡ് 150 റൺസെടുത്തു. 2015ൽ അണ്ടർ 12 ഗോപാലൻ ക്രിക്കറ്റ് ചലഞ്ചിൽ മികച്ച ബാറ്റ്സ്മാനായി തിരഞ്ഞെടുക്കപ്പെട്ട സമിത് ദ്രാവിഡ് അന്നും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഏറെക്കാലം ഇന്ത്യൻ ദേശീയ ടീമിന്റെ നെടുന്തൂണായിരുന്ന രാഹുൽ ദ്രാവിഡ് നിലവിൽ ഇന്ത്യൻ ജൂനിയർ ടീമുകളുടെ പരിശീലകനാണ്. അണ്ടർ 19 ലോകകപ്പ് കളിക്കുന്ന ഇന്ത്യൻ ടീമിനൊപ്പം ന്യൂസീലൻഡിലാണ് നിലവിൽ ദ്രാവിഡ്. ഇന്ത്യയ്ക്കായി ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്തിയിട്ടുള്ള സുനിൽ ജോഷിയാകട്ടെ, നിലവിൽ ബംഗ്ലദേശ് ക്രിക്കറ്റ് ടീമിന്റെ സ്പിൻ കൺസൾട്ടന്റാണ്.

related stories